മണ്ണിലലിഞ്ഞില്ലാതായ പാവം സൂര്യകാന്തിപ്പൂവിന്റെ കഥ

ഒരിടത്തൊരിടത്ത് ഒരുപാവം സൂര്യകാന്തിപ്പൂവുണ്ടായിരുന്നു. പൂന്തോട്ടത്തിലെ മറ്റ് പൂക്കളോടെല്ലാം വലിയ സ്നേഹമായിരുന്നു ആ പൂവിന്. ഒരുദിവസം ഒരു കൊച്ചുകുട്ടി പൂന്തോട്ടത്തിലെത്തി. അവൾ ആ പൂവ് പറിച്ചെടുത്ത് വീട്ടിനുള്ളിലെ ഫ്ളവർവേസിൽ കൊണ്ടുവച്ചു. വല്ലപ്പോഴും ജനൽ തുറക്കുമ്പോൾ കാണുന്ന ആകാശംകണ്ട് പൂവ് കൊതിക്കും. ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂവ് ഉണങ്ങിത്തുടങ്ങി. കുട്ടി പൂവ് വലിച്ചെറിഞ്ഞു. മണ്ണിൽ കിടന്ന പൂവ് വെയിലേറ്റ് കൂടുതൽ ഉണങ്ങി. പൂവിലുണ്ടായിരുന്ന വിത്തും മണ്ണിൽച്ചേർന്നു. പിന്നെയൊരു ദിവസം പെട്ടെന്നൊരു മഴ പെയ്തു. വിത്ത് പതുക്കെ മുളപൊട്ടി ഒരു സൂര്യകാന്തിച്ചെടിയായി വളർന്നു. അതിൽ സുന്ദരിയായ മറ്റൊരു പൂവ് വിരിഞ്ഞു. പൂമ്പാറ്റകളെയും കിളികളെയും കണ്ട് അവളും കിന്നാരം പറയാൻ തുടങ്ങി.
Content Highlights: A touching narrative about a friendly sunflower plucked from a garden.