ഒരുമയുടെ വിജയം! ഗുണപാഠകഥ വായിച്ചാലോ?

ഒരു പുസ്തകക്കടയിൽ ഒരു ഡ്രോയിങ് ബുക്ക് ഉണ്ടായിരുന്നു. നല്ല മനോഹരമായ ചിത്രത്തോടുകൂടിയ അതിന്റെ പുറംചട്ട കണ്ടാൽ നല്ല കഥകളുള്ള ബുക്കാണെന്ന് തോന്നും. അതുകൊണ്ടുതന്നെ പലരും ആ ബുക്ക് ആദ്യം കൈയിലെടുക്കും. എന്നാൽ മറിച്ചുനോക്കുമ്പോഴാണല്ലോ അതിൽ ഒന്നുമില്ല, വരയ്ക്കാനുള്ള കടലാസുമാത്രമേ ഉള്ളൂ എന്ന് മനസ്സിലാവുന്നത്. അതോടെ അവർ അത് അവിടെ വെച്ചിട്ട് പോകും.
തന്നെ ആർക്കും വേണ്ടല്ലോ എന്ന് സങ്കടപ്പെട്ട് ഡ്രോയിങ് ബുക്ക് ഷെൽഫിൽ ഇരുന്നു.
ഒരുദിവസം ഒരാൾ കടയിൽ വന്ന് ചില സാധനങ്ങൾ വാങ്ങി പോയി. പക്ഷേ, അയാൾ വാങ്ങിയകൂട്ടത്തിൽ ഒരു സാധനം എടുക്കാൻ വിട്ടുപോയി. ഒരു മഷിക്കുപ്പി. അയാൾ മടങ്ങിവരുമ്പോൾ കൊടുക്കാമെന്ന് കരുതി കടക്കാരൻ മഷിക്കുപ്പി ഒരു മൂലയിൽ കൊണ്ടുവെച്ചു. പക്ഷേ, സാധനം വാങ്ങിപ്പോയ ആൾ തിരികെ വന്നില്ല.
കുറേനാൾ കഴിഞ്ഞു. ഉടമസ്ഥൻ മറന്നുവെച്ച മഷിക്കുപ്പി പൊടി പിടിച്ചതിനാൽ കടക്കാരൻ അത് എടുത്ത് കടയുടെ ഒരു മൂലയിൽ വെച്ചു. ഒപ്പം ആരും വാങ്ങാത്ത ആ ഡ്രോയിങ് ബുക്കും. അടുത്തടുത്തായിരുന്ന രണ്ടുപേരും പരസ്പരം തങ്ങളുടെ സങ്കടങ്ങൾ പങ്കുവെച്ചു.
''വാങ്ങിയ ആൾ വരാത്തതുകൊണ്ട് എന്നെ മറ്റാർക്കും വിറ്റില്ല. അതുകൊണ്ട് ഈ കുപ്പിയിലിരുന്ന് ഞാൻ വറ്റിപ്പോകും.'' മഷിക്കുപ്പി തന്റെ സങ്കടം പറഞ്ഞു.
''എന്റെ പുറംചട്ടയാണ് എനിക്ക് അപകടമായത്. ആരും വാങ്ങാതെ ഞാൻ അവിടിരുന്ന് പൊടിപിടിച്ച് പഴഞ്ചനായി.'' ബുക്കും സങ്കടപ്പെട്ടു.
പെട്ടെന്ന് വലിയൊരു കാറ്റടിച്ചു.
ഷെൽഫിലിരുന്ന ഒരു തൂവൽപേന കാറ്റിൽ പറന്ന് അവരുടെ അടുത്ത് വീണു. വീണതുമുതൽ തൂവൽ കരയാൻ തുടങ്ങി.
''ങീ ങീ ഞാനിവിടെക്കിടന്ന് പൊടിപിടിച്ചാൽ എന്നെ ആരും വാങ്ങാൻ വരില്ലേ... എന്റെ ജീവിതം വെറുതേ ആയല്ലോ... ങീ ങീ.''
അപ്പോൾ ബുക്കും മഷിക്കുപ്പിയും തൂവലിനെ ആശ്വസിപ്പിച്ചു. ''ചങ്ങാതീ നിന്റെ അതേ അവസ്ഥയാണ് ഞങ്ങൾക്കും. നമ്മൾ മൂന്നുപേരും ചേർന്നാൽ വലിയ അദ്ഭുതങ്ങൾ കാണിക്കാം. പക്ഷേ, അതിനുള്ള അവസരത്തിനായി നാം കാത്തിരിക്കണം.''
അങ്ങനെയിരിക്കെ ഒരുദിവസം ചിത്രംവരയ്ക്കാൻ മിടുക്കനായ ഒരു കുട്ടി ആ കടയിലെത്തി. അവൻ ഓരോ സാധനങ്ങൾ നോക്കുന്ന കൂട്ടത്തിൽ താഴെ മൂലയിൽ കിടക്കുന്ന ഡ്രോയിങ് ബുക്കിനെയും മഷിക്കുപ്പിയെയും തൂവൽപേനയെയും കണ്ടു.
അവന് കൗതുകം തോന്നി അത് എടുത്ത് കടക്കാരനോട് ചോദിച്ചു. ''ചേട്ടാ ഇത് വിലകുറച്ച് എനിക്ക് തരുമോ.''
കടക്കാരൻ ചിരിച്ചിട്ട് പറഞ്ഞു. കാശൊന്നും വേണ്ട. നീ അതെടുത്തോ.
അങ്ങനെ ആ കുട്ടി അവയുമായി വീട്ടിലെത്തി. അന്നുതന്നെ മഷിക്കുപ്പിയിൽ തൂവൽപേന മുക്കി ബുക്കിൽ ഉഗ്രൻ ചിത്രങ്ങൾ വരയ്ക്കാൻതുടങ്ങി.
അതിൽ വരച്ച ചിത്രങ്ങൾക്ക് ആ കുട്ടിക്ക് സമ്മാനവും കിട്ടി. എല്ലാവരും കുട്ടിയെ അഭിനന്ദിക്കുന്നത് കണ്ടപ്പോൾ ബുക്കും മഷിക്കുപ്പിയും തൂവൽപേനയും അഭിമാനത്തോടെ ഇരുന്നു. ''ആരാലും ശ്രദ്ധിക്കപ്പെടാതിരുന്ന നമ്മൾ മൂന്നുപേരും ഒരുമിച്ചപ്പോൾ കണ്ടില്ലേ. ഒത്തൊരുമയും പ്രതീക്ഷയുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാം.'' മൂന്നുപേരും പരസ്പരം ചിരിച്ചു.
Content Highlights: A neglected drawing book, an unused ink bottle, and a crying quill meet in a bookstore