ശ്രാവണകുമാരൻ! ഓണക്കാലത്ത് വായിച്ചു രസിക്കാൻ ഇതാ ഒരു രസികൻ കഥാപ്രസംഗം

നന്മയുടെ മഹോത്സവമാണ് പൊന്നോണം. നൂറ്റാണ്ടുകൾക്കു മുമ്പ് ഈ മലനാടു ഭരിച്ച മാവേലിത്തമ്പുരാൻ നന്മയുടെ പ്രതീകമായിരുന്നു. അന്നിവിടെ കള്ളപ്പറയും ചെറുനാഴിയും ഉണ്ടായിരുന്നില്ല. ചതിയും വഞ്ചനയുമുണ്ടായിരുന്നില്ല. എന്തിനു പറയുന്നു 'വൃദ്ധസദന'ങ്ങൾ പേരിനു പോലും ഉണ്ടായിരുന്നില്ല. അത്രയ്ക്കു നല്ലവനായിരുന്നു മാവേലിമന്നൻ!

മാവേലി തന്നുടെ ഓർമ പുതുക്കാൻ

പൊൻ തിരുവോണം വന്നല്ലോ!

കാവുകൾ തോറും പൂക്കണി വയ്ക്കാൻ

പൊന്നിൻചിങ്ങമണഞ്ഞല്ലോ!

ഈ പൊന്നോണക്കാലത്തും സ്വന്തം മക്കളോടൊപ്പം ഒരില ചോറുണ്ണാൻ കഴിയാത്ത എത്രയോ മാതാപിതാക്കൾ ഇന്നു നമ്മുടെ നാട്ടിലുണ്ട്! നൊന്തുപെറ്റ അമ്മയേയും പാടുപെട്ടു വളർത്തിയ അച്ഛനേയും 'വൃദ്ധസദന'ങ്ങളിൽ തളച്ചിടാൻ ഇന്നു പല മക്കൾക്കും മടിയില്ല. എന്താ? ഇതു ശരിയാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?

അമ്മിഞ്ഞപ്പാലൂട്ടി വളർത്തും

അമ്മയെ നമ്മൾ മറക്കരുതേ

തോളത്തേറ്റിത്താലോലിക്കും

താതനെ നമ്മൾ മറക്കരുതേ!

മാതാപിതാക്കൾക്കു വേണ്ടി സ്വന്തം ജീവൻപോലും ബലിയർപ്പിക്കാൻ തയ്യാറായ നിരവധി മക്കളുടെ കഥകൾ നമ്മുടെ ഇതിഹാസങ്ങളിലുണ്ട്. അക്കൂട്ടത്തിൽപ്പെട്ട മിടുമിടുക്കനായ ഒരു മുനികുമാരന്റെ കഥയാണ് ഇവിടെ കഥാപ്രസംഗരൂപേണ അവതരിപ്പിക്കുന്നത്.

കഥ: 'ശ്രാവണകുമാരൻ'

ഇതിഹാസത്തിൽ നിന്നുമടർത്തിയ

പാവനമായൊരു കഥ കേൾക്കൂ

വൃദ്ധജനങ്ങൾക്കാശ്രയമരുളിയ

നല്ലൊരു സുതനുടെ കഥ കേൾക്കൂ!

പണ്ടുപണ്ട് സരയൂ നദിയുടെ തീരത്താണ് ഈ കഥ നടക്കുന്നത്. നമുക്ക് അൽപനേരം അവിടേക്ക് പറന്നുചെല്ലാം.

അതാ, അങ്ങോട്ടു നോക്കൂ. വിചിത്രമായ ആ കാഴ്ച നിങ്ങൾ കാണുന്നില്ലേ? ഒരു പയ്യന്റെ തോളിൽ നീണ്ട ഒരു മുളംതണ്ട്. അതിന്റെ ഇരുഭാഗത്തും ത്രാസിന്റെ തട്ടുകൾപോലെ ഓരോ ചൂരൽക്കുട്ടകൾ തൂങ്ങിക്കിടക്കുന്നു. അതിനുള്ളിൽ അന്ധരായ ഒരു കിഴവനും കിഴവിയും.

ആരാണിവർ? എവിടേക്കാണ് ഈ പയ്യൻ ഇവരേയും കൊണ്ടുപോകുന്നത്? പറയാം, ശ്രദ്ധിക്കൂ:

'ശ്രാവണ'നാണിതു ചങ്ങാതികളേ

നന്മയെഴുന്നൊരു മുനിബാലൻ.

കാരുണ്യത്തിൻ നിറകുടമാകും

കൺമണിയാണീ മുനിബാലൻ!

അന്ധരും അവശരുമായ സ്വന്തം മാതാപിതാക്കളാണ് ശ്രാവണന്റെ ചുമലിലുള്ളത്. പുണ്യതീർത്ഥങ്ങൾ സന്ദർശിക്കണമെന്നത് ഈ വൃദ്ധദമ്പതിമാരുടെ വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. ആ ആഗ്രഹം നിറവേറ്റാൻ മകന്റെ സഹായത്തോടെ അവർ പുറപ്പെട്ടിരിക്കുകയാണ്.

മാതാപിതാക്കളെ പരിചരിക്കുന്ന കാര്യത്തിൽ അതീവശ്രദ്ധാലുവായിരുന്നു ശ്രാവണൻ. ജരാനരകൾ ബാധിച്ച് അവർ വൃദ്ധരായിട്ടും ശ്രാവണൻ തന്റെ ശുശ്രൂഷകൾ തുടർന്നുകൊണ്ടേയിരുന്നു.

അന്ധതകൊണ്ടു വലഞ്ഞപ്പോഴും

തുണയായ് മാറീ പ്രിയപുത്രൻ.

വാർദ്ധക്യത്തിലുമവർക്കു നല്ലൊരു

രക്ഷകനായീ സൽപ്പുത്രൻ!

മാതാപിതാക്കളുടെ ഏതാഗ്രഹവും സാധിച്ചുകൊടുക്കാൻ ശ്രാവണൻ സദാ സന്നദ്ധനായിരുന്നു. അങ്ങനെയാണ് മാതാപിതാക്കളെയും ചുമന്ന് അവൻ തീർത്ഥയാത്രയ്ക്കൊരുങ്ങിയത്.

കാടും മേടും പാടവരമ്പും

താണ്ടി നടന്നൂ മുന്നോട്ട്!

കല്ലും മുള്ളും കാട്ടാറുകളും

താണ്ടി നടന്നൂ മുന്നോട്ട്!

കാട്ടരുവികളിലെ വെള്ളം കുടിച്ചും കാട്ടുകനികൾ ഭക്ഷിച്ചും അവർ വിശപ്പടക്കി. ഓരോ തീർത്ഥസ്ഥാനത്തെത്തുമ്പോഴും വൃദ്ധദമ്പതികളുടെ മനസ്സ് ആനന്ദംകൊണ്ട് നിറയുകയായിരുന്നു. ഈ അനുഭവം ശ്രാവണനെ പുളകംകൊള്ളിച്ചു.

അന്നൊരു നാളിൽ സന്ധ്യ മയങ്ങീ

നക്ഷത്രങ്ങൾ ചിരിതൂകി.

അന്നേരത്തവരെത്തിച്ചേർന്നൂ

അമ്പോ! വലിയ കൊടുംകാട്ടിൽ.

ചുറ്റും കൂരിരുട്ട്. കടവാതിലുകളുടെ ചിറകടി! ചീവീടുകളുടെ 'രീരീരീ'ശബ്ദം! ആരും ഭയപ്പെട്ടുപോകുന്ന അന്തരീക്ഷം!

സരയൂ നദിയുടെ തീരത്തെത്തിയപ്പോൾ പിതാവായ മുനീന്ദ്രൻ പറഞ്ഞു:

''ഉണ്ണീ ശ്രാവണാ, ഞങ്ങൾക്ക് വല്ലാതെ ദാഹിക്കുന്നു. കുടിക്കാൻ അൽപം ജലം കിട്ടിയാൽ കൊള്ളാമെന്നുണ്ട്.''

''ഓഹോ, അങ്ങ് ഒട്ടും വിഷമിക്കേണ്ട. ഞാനിപ്പം കൊണ്ടുവരാം.'' മാതാപിതാക്കളെ സുരക്ഷിതമായി ഒരു മരച്ചോട്ടിലിരുത്തിയിട്ട് ശ്രാവണൻ മൺകുടവുമെടുത്ത് യാത്രയായി.

പക്ഷേ, കറുത്തിരുണ്ട ആ രാത്രിയിൽ എങ്ങനെയാണ് വെള്ളം കണ്ടെത്തുക? ശ്രാവണൻ ഓരോ മുക്കും മൂലയും തിരഞ്ഞു. പക്ഷേ, എല്ലാം നിഷ്ഫലം.

കാലു കുഴഞ്ഞൂ; കൈയു കുഴഞ്ഞൂ

തൊണ്ട വരണ്ടൂ വല്ലാതെ.

എങ്കിലുമൊടുവിൽ കണ്ടൂ; നല്ലൊരു

കുണുങ്ങിയോടും കുഞ്ഞരുവീ!

ശ്രാവണകുമാരന് സന്തോഷമായി. അവൻ തിടുക്കത്തിൽ മൺകുടത്തിൽ വെള്ളമെടുക്കാൻ തുടങ്ങി. 'ശിർർർ!...' പെട്ടെന്നാണ് ഒരു കൂരമ്പ് ചീറിപ്പാഞ്ഞുവന്ന് അവന്റെ മുതുകിൽ തറച്ചത്!

''ഹാ! അമ്മേ!'', ഒരു ദീനവിലാപത്തോടെ ശ്രാവണൻ അരുവിക്കരയിൽ കുഴഞ്ഞുവീണു!

തന്നോടിങ്ങനെ ക്രൂരത കാട്ടാൻ

കാട്ടിൻ നടുവിലിതാരാണ്?

കാരണമെന്തെന്നറിയാതയ്യോ

കേണു വിളിച്ചൂ പാവത്താൻ!

ശ്രാവണന് ഒന്നും മനസ്സിലായില്ല. കാരണമെന്തെന്നറിയാൻ അവന്റെ കണ്ണുകൾ നാലുപാടും പരതി.

അപ്പോഴാണ് കിരീടധാരിയായ ഒരാൾ അവിടേക്കു പാഞ്ഞുവരുന്നത് കണ്ടത്. അയാൾ വന്നപാടെ അവനെ വാരിയെടുക്കാൻ നോക്കി.

പക്ഷേ, ചോരയിൽ കുളിച്ചു കിടക്കുന്ന ശ്രാവണൻ ഇതിനകം അവശനായിക്കഴിഞ്ഞിരുന്നു. വന്നയാൾ ഗദ്ഗദത്തോടെ മൊഴിഞ്ഞു:

''കുമാരാ, എനിക്കു തെറ്റു പറ്റി; എനിക്കു തെറ്റുപറ്റി!''

''അങ്ങാരാണ്? ഒരപരാധവും ചെയ്യാത്ത എന്റെ നേർക്ക് എന്തിനാണ് അമ്പെയ്തത്? തൊണ്ട വരണ്ടു കേഴുന്ന മാതാപിതാക്കൾക്ക് ദാഹജലമെടുക്കാൻ വന്ന ഒരു സാധു മുനികുമാരനാണ്ഞാൻ!,'' ഇഴഞ്ഞ സ്വരത്തിൽ ശ്രാവണൻ പറഞ്ഞു.

''ക്ഷമിക്കണം കുമാരാ, ക്ഷമിക്കണം! കാട്ടിൽ വേട്ടയ്ക്കു വന്ന ദശരഥ മഹാരാജനാണ് നാം!'', അദ്ദേഹം പറയാൻ തുടങ്ങി.

''ഇതെന്തു നീതി; ഇതെന്തു ന്യായം

ദശരഥരാജാ ചൊന്നാലും?

കാരുണ്യത്തിൻ കണികകൾ പോലും

കൈകളിലില്ലേ ചൊന്നാലും?''

മരണാസന്നനായ മുനികുമാരന്റെ ചോദ്യം കേട്ട് ദശരഥ മഹാരാജാവ് സ്തബ്ധനായി നിന്നു. അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞു:

''ഒരൊറ്റ വേട്ടമൃഗത്തെപ്പോലും കിട്ടാതെ നിരാശനായി നാം മടങ്ങുമ്പോഴാണ് കുറച്ചകലെ കാട്ടരുവിക്കു സമീപം നിന്ന് ഒരു 'ഗുളുഗുളു' ശബ്ദം കേട്ടത്. ആന തുമ്പിക്കൈയിൽ വെള്ളമെടുക്കുകയാണെന്നു കരുതി നാം അമ്പു തൊടുത്തു. അതിങ്ങനെ ആപത്തിൽ കലാശിക്കുമെന്നു നാം ഒരിക്കലും കരുതിയില്ല.''

''അങ്ങു പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു മഹാരാജൻ! അന്ധരായ എന്റെ മാതാപിതാക്കൾ ദാഹജലത്തിനായി എന്നെയും കാത്തിരിപ്പുണ്ടാകും. അങ്ങ് ഒരു കുടം ജലം കൊണ്ടുപോയി അവർക്കു കൊടുത്ത് ആശ്വസിപ്പിച്ചാലും!'', ഇത്രയും പറഞ്ഞപ്പോഴേക്കും ശ്രാവണൻ ആകെ തളർന്നുകഴിഞ്ഞിരുന്നു.

ദശരഥൻ ആ നിമിഷത്തിൽത്തന്നെ മുനികുമാരന്റെ മുതുകിൽ തറച്ചിരുന്ന അമ്പ് വലിച്ചൂരിയെടുത്തു.

അടുത്ത നിമിഷം സ്വർഗ്ഗം പൂകീ

നല്ലവനാകും മുനിബാലൻ.

നിറഞ്ഞ കണ്ണോടെല്ലാം കണ്ടൂ

ദുഃഖിതനായീ രാജേന്ദ്രൻ!

മൺകുടത്തിൽ ജലവുമായി ദശരഥമഹാരാജാവ് ഒട്ടും വൈകാതെ മുനിദമ്പതിമാരുടെ പക്കലെത്തി. മകന്റെ കാലൊച്ചയാണ് കേൾക്കുന്നതെന്നു കരുതി അവർ സന്തോഷിച്ചു.

''ഉണ്ണീ, ശ്രാവണാ, എന്താണിത്ര വൈകിയത്? വഴിയിൽ വല്ല തടസ്സവും നേരിട്ടോ?''

മഹാരാജാവിന് ശബ്ദിക്കാൻ ധൈര്യമുണ്ടായില്ല.

ഒന്നും മിണ്ടാതവരുടെ മുന്നിൽ

തരിച്ചു നിന്നൂ രാജേന്ദ്രൻ.

മൺകുടമവരുടെ മുന്നിൽവച്ചൂ

വേദനയോടെ രാജേന്ദ്രൻ!

''എന്താ ഉണ്ണീ, നീ ഒരക്ഷരംപോലും ഉരിയാടാത്തത്? വഴിയിൽ വല്ല അത്യാപത്തും ഉണ്ടായോ?'', മുനിയും മുനിപത്നിയും വീണ്ടും ആരാഞ്ഞു.

അടുത്ത നിമിഷം അവർ കേട്ടത് മഹാരാജാവിന്റെ തേങ്ങലായിരുന്നു. മകനു നേരിട്ട ദുരന്തവിവരം അദ്ദേഹം മാതാപിതാക്കളെ അറിയിച്ചു. വേദനകൊണ്ട് അവരുടെ നെഞ്ചകം പിളർന്നു!

അവശരും വിവശരുമായ ആ വൃദ്ധ മാതാപിതാക്കളെ ദശരഥൻ കാട്ടരുവിയുടെ തീരത്തേക്കു കൊണ്ടുപോയി. പുത്രദുഃഖം താങ്ങാനുള്ള കരുത്ത് അവർക്കുണ്ടായിരുന്നില്ല. പിതാവായ മുനീന്ദ്രൻ ദശരഥനെ ശപിച്ചു:

''ഹേ, മഹാരാജൻ! പുത്രദുഃഖം താങ്ങാൻ ഏതൊരു മാതാപിതാക്കൾക്കും കഴിയില്ല. നന്മയുടെ നിറകുടമായ ഞങ്ങളുടെ പുത്രനെ കൊന്ന അങ്ങയുടെ മരണവും പുത്രദുഃഖത്താലായിരിക്കും.

ഇതു സത്യം, സത്യം, സത്യം.''

മുനിയുടെ ശാപം കേട്ടു നടുങ്ങീ

വീരൻ ദശരഥ രാജേന്ദ്രൻ

മനസ്സിൽ നീറും കനലുകളോടെ

തരിച്ചു നിന്നൂ രാജേന്ദ്രൻ!

കത്തിയെരിയുന്ന മകന്റെ ചിതയിൽ ചാടി ആ വൃദ്ധ ദമ്പതികൾ ഒട്ടും വൈകാതെ പ്രാണത്യാഗം ചെയ്തു. എന്തു പറയാൻ? വർഷങ്ങൾക്കു ശേഷം ആ ശാപം യാഥാർത്ഥ്യമായി.

ശ്രീരാമപട്ടാഭിഷേകം മുടങ്ങി. സ്വന്തം പുത്രന്മാരായ രാമലക്ഷ്മണന്മാരെ കാട്ടിലേക്കയക്കേണ്ടിവന്ന ദുഃഖത്താൽ ദശരഥ മഹാരാജാവ് നീറി നീറി മരിച്ചു.

സഹൃദയരേ, ശ്രാവണകുമാരന്റെ ഈ കഥ നമുക്ക് നല്ലൊരു പാഠമാണ്. സ്വന്തം മാതാപിതാക്കളെ ജീവനു തുല്യം സ്നേഹിക്കുക. മാതാവും പിതാവും കൺകണ്ട ദൈവങ്ങളാണെന്ന സത്യം മറക്കാതിരിക്കുക.

Content Highlights: The legendary tale of Shravan Kumar and his dedication to his blind parents