പാപ്പാത്തിമോളും പുള്ളിപ്പിടക്കോഴിയും പിണങ്ങിയതെന്തിനെന്നറിയാമോ? കഥ വായിക്കാം

#പ്രവീണ

പാപ്പാത്തിമോളുടെ വീട്ടിൽ ഒരു പുള്ളിപ്പിടക്കോഴി ഉണ്ടായിരുന്നു. അവർ രണ്ടുപേരും നല്ല ചങ്ങാതിമാരുമാണ്. ചിലപ്പോഴൊക്കെ അവരാ മുറ്റത്ത് ഓടിച്ചാടി കളിക്കും. മറ്റു ചിലപ്പോഴാകട്ടെ ചാമ്പമരത്തിന്റെ ചുവട്ടിലിരുന്ന് ഓരോരോ കാഴ്ചകൾ കാണും.

''പാപ്പാത്തിക്കൊരു ചങ്ങാതി

പുള്ളിപ്പിടയാം ചങ്ങാതി

ഒരുമിച്ചാണവരെന്നെന്നും

ആഹായെന്തൊരു ചങ്ങാത്തം!''

മരക്കൊമ്പത്തെ അണ്ണാനും ഓലേഞ്ഞാലിക്കും മൈനകൾക്കുമൊന്നും ഇവരുടെ ഈ ചങ്ങാത്തം അത്ര രസിക്കുന്നുണ്ടായിരുന്നില്ല.

അങ്ങനൊരു ദിവസം പാപ്പാത്തിയും പുള്ളിപ്പിടയും വഴക്കിട്ടു. കാറ്റടിച്ച് മുറ്റത്തു വീണ പാപ്പാത്തിയുടെ ചുവന്ന പട്ടുതൂവാലയിൽ പുള്ളിക്കോഴി അറിയാതെ ചാടിക്കയറിയതാണ് കാര്യം. അതിലാകെ മണ്ണു പറ്റി. അതും പറഞ്ഞ് പാപ്പാത്തി പിണങ്ങി. പുള്ളിക്കോഴിയും വിട്ടുകൊടുത്തില്ല. 'എന്നേക്കാളിഷ്ടം പട്ടുതൂവാലയോടാണല്ലേ, ങൂ ഹും!'' പുള്ളിപ്പിട കൊക്കിക്കൊക്കി മുറ്റത്തൊരു മൂലയിൽ ചെന്നിരുന്നു.

'പുളളിപ്പിടയേ ചങ്ങാതീ

നിന്നോടിനി ഞാൻ മിണ്ടില്ല

എങ്കിൽ കേട്ടോ പാപ്പാത്തീ

ഇനിമേൽ ഞാനും മിണ്ടില്ല!''

അവരുടെ പിണക്കം കണ്ട് മരക്കൊമ്പത്തെ അണ്ണാനും ഓലേഞ്ഞാലിക്കും മൈനക്കൂട്ടത്തിനുമൊക്കെ സന്തോഷമായി. ''ഹ!ഹ! വല്യ ചങ്ങാതിമാർ കണ്ടാൽ മിണ്ടാതായത് കണ്ടില്ലേ!''

അപ്പോഴതാ അയലത്തെ വീട്ടിലെ പാണ്ടൻ നായ കുരച്ചു കൊണ്ട്് പുള്ളിക്കോഴിക്കു നേരെ പാഞ്ഞു വരുന്നു. ഇതുകണ്ട പാപ്പാത്തി പിണക്ക മൊക്കെ മറന്ന് ഒരു കല്ലെടുത്തെറിഞ്ഞ് പാണ്ടനെ ഓടിച്ചു. എന്നിട്ട് പുള്ളിപ്പിടയെ വാരിയെടുത്ത് ഒരുമ്മ കൊടുത്തു. അത് കണ്ട് മരക്കൊമ്പത്തെ ചങ്ങാതിമാര് കണ്ണ് മിഴിച്ചു. നല്ല ചങ്ങാതിമാർക്ക് ഏറെ നേരം പിണങ്ങിയിരിക്കാനാകില്ലെന്ന കാര്യം അവർക്കു മനസ്സിലായി. നല്ല ചങ്ങാതിമാരായിരിക്കാൻ അവരും തീരുമാനിച്ചു.

Content Highlights: A heartwarming tale about the friendship between a girl named Papathimol and her spotted hen.