ആറ് മാതളക്കുരുക്കൾ: ഭൂമിയുടെ ദേവതയായ ഡിമീറ്ററിന്റെയും മകൾ പെർസെഫോണിന്റെയും കഥ

മെഡിറ്ററേനിയൻ കടലിലെ മനോഹരമായ സിസിലി എന്ന ദ്വീപിലായിരുന്നു ഭൂമിയുടെ ദേവതയായ ഡിമീറ്റർ തന്റെ പ്രിയപ്പെട്ട മകൾ പെർസെഫോണിനൊപ്പം താമസിച്ചിരുന്നത്. പെർസെഫോൺ ചെറുപ്പമായിരുന്നു. സുന്ദരിയും. അവളുടെ അമ്മയുടെ മാന്ത്രിക സ്പർശമേൽക്കേ ഭൂമിയിൽ വിടരുന്ന സുഗന്ധകാരിയായ കടും നിറമുള്ള വസന്ത പുഷ്പങ്ങൾ പോലെ അഴകുള്ളവൾ.
ഇക്കാലത്ത്, ഹേഡീസിലെ രാജാവായ പ്ലൂട്ടോ, തന്റെ സിംഹാസനം പങ്കിടാൻ സുന്ദരിയായൊരു കന്യകയെ കാത്ത് തന്റെ ഇരുണ്ട പാതാള രാജ്യത്ത് താമസിക്കുകയായിരുന്നു. എന്നാൽ, സൂര്യൻ പ്രകാശിപ്പിക്കുന്ന അഴകാർന്ന ലോകമുപേക്ഷിച്ച് അദ്ദേഹത്തിന്റെ പത്നിയാകാൻ ഒരു പെൺകുട്ടിയും തയ്യാറായില്ല.
ഒരു ദിവസം ഇരുളിന്റെ രാജാവ് നിഴലുകളിൽ നിന്ന് ഉയർന്നു വന്നു. അനശ്വരമായ കുതിരകൾ വലിക്കുന്ന തന്റെ സ്വർണ്ണത്തേരിലേറി, ഭൂമിയിലെ മറ്റേതു കുതിരയേക്കാളും വേഗത്തിൽ, വെളിച്ചമുള്ള ലോകത്തേക്ക് അദ്ദേഹം കയറി വന്നു.
അദ്ദേഹം വരുമ്പോൾ പെർസെഫോൺ അവളുടെ കളിക്കൂട്ടുകാർക്കൊപ്പം ഒരു പുൽമേട്ടിലായിരുന്നു. മുട്ടോളമെത്തുന്ന പച്ചപ്പുല്ലുകൾക്കിടയിൽ നിന്നും ലില്ലിപ്പൂക്കളും വെളുത്തനിറമുള്ള ഡെയ്സിയും റോസാപ്പൂക്കളും ഇളം വയലറ്റ് നിറമുള്ള കാട്ടുപൂക്കളും പറിച്ചെടുക്കുകയായിരുന്നു അവർ.
പെർസെഫോണിനെക്കണ്ട് പ്ലൂട്ടോ അത്ഭുതപ്പെട്ടു. ''ഇവൾ തന്നെ എന്റെ രാജ്ഞി, ഇവൾ എനിക്കൊപ്പം സിംഹാസനം പങ്കിടും,'' ഇരുളിന്റെ രാജാവ് സ്വയം മന്ത്രിച്ചു. പ്ലൂട്ടോ പെർസെഫോണിന്റെ കൈകളിൽ കടന്നു പിടിച്ചു. അവളുടെ കരച്ചിൽ വകവെയ്ക്കാതെ നിഷ്‌ക്കരുണം അവളെ തന്റെ രഥത്തിലേക്ക് വലിച്ചു കയറ്റി. അവളുടെ കളിക്കൂട്ടുകാരെ ഭയപ്പെടുത്തി ഓടിച്ചു. എന്നിട്ട് പുൽമേട്ടിൽ നിന്നും ശരവേഗത്തിൽ പാഞ്ഞു പോയി.
രഥം കുതിച്ചു പാഞ്ഞു. ഡിമീറ്റർ അറിയുന്നതിനു മുൻപ് ഹേഡീസിലെത്താൻ പ്ലൂട്ടോ തിടുക്കം കൂട്ടി. ഒരിടത്തെത്തിയപ്പോൾ അദ്ദേഹം തന്റെ ചെങ്കോൽ ചുഴറ്റി മൂന്നു തവണ നിലത്ത് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ ഭൂമിയിൽ ഒരു വലിയ വിള്ളലുണ്ടായി. ആ നിമിഷം കുതിരകൾ ഗർത്തത്തിലെ ഇരുട്ടിലേക്ക് എടുത്തു ചാടി. ഒരു നിമിഷം കൊണ്ട് പ്ലൂട്ടോ തന്റെ സ്വന്തം രാജ്യമായ ഹേഡീസിലെത്തി. അപ്പോഴും പെർസെഫോൺ നിർത്താതെ കരഞ്ഞുകൊണ്ടിരുന്നു.
ഈ സമയം ഭൂമിയിൽ ഡിമീറ്റർ തന്റെ പൊന്നോമനയെ തേടി അലയുകയായിരുന്നു. നീണ്ട ഒൻപതു നാളുകൾ, കൈയ്യിൽ ജ്വലിക്കുന്ന പന്തവുമായി ഡിമീറ്റർ ഭൂമിയിലെമ്പാടും അലഞ്ഞു. ഒരു കടലോളം സങ്കടം അവൾക്കുണ്ടായിരുന്നു. അവൾ തിന്നുകയോ കുടിക്കുകയോ ചെയ്തില്ല. ദേവന്മാരുടെ ഭക്ഷണമായ അമൃതോ മധുരമുള്ള പൂന്തേനോ അവൾ കൈകൊണ്ട് തൊട്ടില്ല. മുഖം കഴുകിയില്ല.
പ്രതീക്ഷകൾ തകർന്ന് വിഷാദവതിയായ ആ അമ്മ സൂര്യനെ സമീപിച്ചു. തന്റെ മകളെ മോഷ്ടിച്ചത് പ്ലൂട്ടോയാണെന്നും അദ്ദേഹം അവളെ തന്റെ ഇരുണ്ട ഭൂഗർഭ രാജ്യത്തേക്ക് കൊണ്ടുപോയെന്നും ഡിമീറ്റർ സൂര്യനിൽ നിന്നും മനസ്സിലാക്കി.
മകളെ വീണ്ടെടുക്കാനാകാത്ത നിരാശയിൽ ഡിമീറ്റർ അവളുടെ ചുമതലകൾ മറന്നു. അതോടെ ഭൂമിയിൽ ഭയങ്കരമായ ക്ഷാമമുണ്ടായി. ഉണങ്ങിയ വിത്തുകൾ മുളയ്ക്കാതെ മണ്ണിൽ മലച്ചു കിടന്നു. കാളകൾ ഉഴവുചാലിലൂടെ കലപ്പയും വലിച്ച് വെറുതെ നടന്നു. ദിവസങ്ങൾ കടന്നുപോകെ ജനങ്ങളുടെ ദുരിതം കൂടിക്കൂടി വന്നു.
ഒരു ദിവസം ഡിമീറ്റർ സിസിലിയിലെ നദീതീരത്തുകൂടി നടക്കുമ്പോൾ, വെള്ളം സന്തോഷത്തോടെ അലയടിച്ചു. ഒരു ചെറിയ തിരമാല ഒഴുക്കിക്കൊണ്ടു വന്ന ഒരു അരപ്പട്ട അവളുടെ പാദങ്ങൾക്കരികിൽ നിക്ഷേപിച്ചു.
ഡിമീറ്റർ കുനിഞ്ഞ് ആ അരപ്പട്ട കൈയിലെടുത്തു. അതെ! പെർസെഫോണിനെ കാണാതായ ദിവസം അവൾ ധരിച്ചിരുന്ന അരപ്പട്ട! തന്റെ മകളെ വീണ്ടെടുക്കാൻ ഡിമീറ്ററിനെ സഹായിക്കാൻ ആ അരപ്പട്ടയ്ക്ക് കഴിഞ്ഞില്ല. എന്നിട്ടും അവൾ അതു ലഭിച്ചതിൽ ഏറെ സന്തോഷിച്ചു. അവളത് മകളുടെ ഓർമ്മക്കായി സുരക്ഷിതമായി സൂക്ഷിച്ചു വച്ചു!
അവസാനം ഡിമീറ്റർ തന്റെ മകളെ തനിക്ക് തിരികെ നൽകണമെന്ന അപേക്ഷയുമായി സിയൂസിനെ ചെന്നു കണ്ടു. ''അവൾ മടങ്ങിവന്നാൽ ജനങ്ങൾക്ക് വീണ്ടും ഭക്ഷണവും സമൃദ്ധമായ വിളവും ഞാൻ നൽകും,'' ഡിമീറ്റർ നിലവിളിച്ചു.
അമ്മയുടെ സങ്കടവും ആളുകളുടെ വേദനയും കണ്ട് സിയൂസിന്റെ മനസ്സലിഞ്ഞു. ഹേഡീസിലെ ഇരുണ്ട ഭൂഗർഭ രാജ്യത്ത് ജീവിക്കുമ്പോൾ ഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കിൽ പെർസെഫോണിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
ഡിമീറ്റർ സിയൂസിനൊപ്പം ഹേഡീസിലേക്ക് യാത്രയായി. അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. അവിടെ അവൾ തന്റെ മകളെ കണ്ടെത്തി.
പക്ഷേ കഷ്ടം! അപ്പോഴേക്കും പെർസെഫോൺ വിശപ്പു സഹിക്കവയ്യാതെ ആറ് മാതളക്കുരുക്കൾ കഴിച്ചിരുന്നു. അക്കാരണത്താൽ, ഓരോ വർഷവും പ്ലൂട്ടോയ്‌ക്കൊപ്പം ആറു മാസം ചെലവഴിക്കാൻ അവൾ വിധിക്കപ്പെട്ടു. എന്നാൽ വർഷം തോറും, ബാക്കിയുള്ള ആറു മാസം അമ്മയ്ക്കും മകൾക്കും ഒരുമിച്ചു താമസിക്കാമെന്നും സിയൂസ് വിധിച്ചു. അതുകേട്ട് അമ്മയും മകളും സന്തോഷത്തോടെ പരസ്പരം കെട്ടിപ്പുണർന്നു.
അങ്ങനെ, എല്ലാ വർഷവും മകൾ അരികിലുള്ള ആറുമാസം ഡിമീറ്റർ സന്തോഷിക്കും. ആ ആറുമാസം വേനലും വസന്തവും ഭൂമിയിൽ ജനിക്കും. എന്നാൽ അവൾക്ക് പാതാളത്തിലേക്ക് മടങ്ങേണ്ട സമയമാവുമ്പോൾ ഡിമീറ്ററിനെ ദുഃഖവും നിരാശയും വന്നു മൂടും. അതോടെ ഭൂമി തളർന്ന് നരയ്ക്കും. ശരത് ശീതകാലങ്ങൾ ഭൂമിയിൽ പിറക്കും. ഭൂമിയും ജനങ്ങളും ഡിമീറ്ററിനൊപ്പം പെർസെഫോണിന്റെ തിരിച്ചു വരവിനായി വീണ്ടും കാത്തിരിക്കും.
Content Highlights: The symbolic explanation of the cycle of seasons