മുതിർന്നവർ പറയുന്നതെല്ലാം ചെറിയ കുട്ടികൾ അതുപോലെ വിശ്വസിക്കും! ശ്രദ്ധയോടെ വായിക്കാം ഈ കഥ

സിനുമോൾക്ക് ഈയിടെയായി വലിയ സങ്കടം. തന്റെ പ്രിയപ്പെട്ട ഡാഡിയുടെ തലമുടി കൊഴിയുന്നു. അധികം പ്രായമാകാതെതന്നെ തന്റെ ഡാഡി കഷണ്ടിയാവുമെന്ന് അവൾ ഭയന്നു.
നാലാം ക്ലാസിൽ പഠിക്കുന്ന അവൾ ഒരുദിവസം ഡാഡിയോടു ചോദിച്ചു: ''ഡാഡീ, ഡാഡിയുടെ തലമുടി ഇങ്ങനെ കൊഴിയുന്നത് എന്തുകൊണ്ടാ?''
ഇതുകേട്ട് ഡാഡി ഒന്നു പുഞ്ചിരിച്ചു: ''ഹ! ഹ! ഹ! അതോ, അതൊരു കള്ളന്റെ പണിയാ. തലമുടിക്കള്ളൻ! എല്ലാദിവസവും രാത്രി ഞാനുറങ്ങുമ്പോൾ ആ കള്ളൻ പമ്മിപ്പമ്മി മുറിയിലെത്തും. എന്നിട്ട് ഓരോ മുടിയിഴയായി ഊരിയെടുക്കും. അവന് ആവശ്യമായത്ര കിട്ടിക്കഴിഞ്ഞാൽ വേഗം സ്ഥലംവിടും. അടുത്തദിവസം വീണ്ടും വരും. അവനെ പിടിക്കാൻ ഒരുരക്ഷയുമില്ല...!''
ഡാഡി പറഞ്ഞതുകേട്ടപ്പോൾ സിനുമോൾക്ക് സങ്കടം ഇരട്ടിച്ചു. ഡാഡി അവളോട് തമാശരൂപത്തിൽ പറഞ്ഞതാണെങ്കിലും അവൾ അത് പൂർണമായും വിശ്വസിച്ച് മുടിക്കള്ളനെ ശപിച്ചു.
അന്നുരാത്രി അവൾ കള്ളനെ പിടിക്കാൻതന്നെ തീരുമാനിച്ചു. അതിനായി സിനുമോൾ കനമുള്ള ഒരു വടി അച്ഛന്റെ ബെഡ്‌റൂമിൽ ഒരിടത്ത് ഒളിപ്പിച്ചുവെച്ചു. ഡാഡിയും മമ്മിയും ഉറക്കമായി. എന്നാൽ സിനുമോൾ മാത്രം ഉറങ്ങാതെ കിടന്നു. ഇന്ന് എന്തായാലും തന്റെ ഡാഡിയെ കഷണ്ടിയാക്കുന്ന ആ മുടിക്കള്ളനെ പിടിച്ചിട്ടുതന്നെ കാര്യം. രാത്രിയുടെ നിശ്ശബ്ദതയിൽ ഡാഡിയുടെ കൂർക്കംവലി മാത്രം മുഴങ്ങിക്കേട്ടു. പാതിരാത്രിയായപ്പോൾ സിനുമോൾ പതിയെ എണീറ്റു. എന്നിട്ട് വടിയുമെടുത്ത് ഡാഡിയുടെ തലയ്ക്കരികിൽ ചെന്നുനിന്നു.
തുറന്നിട്ട ജനാലയിലൂടെ മുറിയിൽ നിലാവിന്റെ ചെറിയ വെട്ടം പരക്കുന്നുണ്ട്. അപ്പോൾ വീശിയ ഒരു ചെറുകാറ്റത്ത് ജനൽ കർട്ടൻ മെല്ലെ പാറി. കർട്ടന്റെ ഇളകുന്ന നിഴൽ ഡാഡിയുടെ തലയിൽ വീണു.
അതാ താൻ കാത്തിരുന്ന മുടിക്കള്ളൻ! നിഴലനക്കം കണ്ടപ്പോൾ മുടിക്കള്ളനാണെന്നു കരുതി സിനുമോൾ തന്റെ കൈയിലിരുന്ന വടികൊണ്ട് ഒറ്റയടി. ''ഠിം!''
''അയ്യോ..!'' ഓർക്കാപ്പുറത്ത് തലയ്ക്കടികിട്ടിയ ഡാഡി ഞെട്ടിയുണർന്ന് ചാടിയെണീറ്റു. ബഹളംകേട്ട് മമ്മി വേഗം ലൈറ്റിട്ടു.
വടിയുമായി നിൽക്കുന്ന മോളെ അന്തംവിട്ട് നോക്കുന്ന ഡാഡിയോട് അവൾ പറഞ്ഞു: ''ഡാഡീ, ഞാൻ ആ മുടിക്കള്ളനെ കണ്ടു. അവന് നല്ല ഒരടിയുംകൊടുത്തു. അപ്പോഴേക്കും ഡാഡി ഉണർന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടുകളഞ്ഞു.''
അടികൊണ്ട് തലയിൽ മുഴവന്ന ഭാഗം തടവിക്കൊണ്ട് നിൽക്കുന്ന ഡാഡിയെ നോക്കി മമ്മി കാര്യമന്വേഷിച്ചു.
സംഗതിയറിഞ്ഞപ്പോൾ മമ്മി പൊട്ടിച്ചിരിച്ചുപോയി. എന്നിട്ടു പറഞ്ഞു: ''തങ്ങൾ സ്നേഹിക്കുന്നവരുടെ പ്രശ്നങ്ങൾ കുട്ടികൾക്ക് ചെറിയകാര്യമല്ല. അവരുടെ മനസ്സിനെ അത് എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ കഥയുണ്ടാക്കിപ്പറഞ്ഞ് അവരെ പറ്റിക്കാതെ സത്യം പറഞ്ഞ് മനസ്സിലാക്കണം. കാരണം, നമ്മൾ പറയുന്നതെല്ലാം ചെറിയ കുട്ടികൾ അതുപോലെ വിശ്വസിക്കും!''
കാര്യമറിയാതെ നിൽക്കുന്ന സിനുമോളെ വിളിച്ച് മടിയിലിരുത്തി കഷണ്ടിയുണ്ടാകുന്നതിന്റെ കാരണം ഡാഡി പറഞ്ഞുകൊടുത്തു. അത് പുരുഷൻമാർക്കു മാത്രമുള്ള ഒരു ജീനിന്റെ പ്രത്യേകതയാണെന്നും ഒരു പ്രായം ആയിക്കഴിഞ്ഞാൽ മിക്ക ആണുങ്ങൾക്കും ഇതുണ്ടാകുമെന്നുമെല്ലാം ഡാഡി പറഞ്ഞുമനസ്സിലാക്കി.
താൻചെയ്തത് വലിയ തെറ്റായിപ്പോയെന്ന് അപ്പോഴാണ് സിനുമോൾക്കു മനസ്സിലായത്. തലയിലെ മുഴവന്ന ഭാഗത്ത് ഒരുമ്മകൊടുത്തിട്ട് ഡാഡിയോട് സോറിപറഞ്ഞ് അവൾ ഉറങ്ങാൻ കിടന്നു.
Content Highlights: Engaging Malayalam children's story by Santhosh Vallikkode, Explores a child's innocent perspective on parents' hair fall.