മീനുകളും വാൽമാക്രികളും... ഇക്കഥ വായിക്കണേ...

#രമേശ്ചന്ദ്രവര്‍മ ആര്‍.

ഒരു പൊട്ടക്കുളത്തിൽ കുറെ മീനുകളും വാൽമാക്രികളും താമസിച്ചിരുന്നു. വാൽമാക്രികളും മീനുകൾ തന്നെയാണെന്നാണ് പാവം മീനുകൾ വിചാരിച്ചിരുന്നത്! വാൽമാക്രികളും മീനുകൾക്കൊപ്പം അമ്മമീനായ മീനമ്മയുടെ പിന്നാലെ കുളത്തിൽ നീന്തിക്കളിച്ചുനടന്നു.

മീനമ്മയ്ക്കുണ്ടല്ലോ മക്കളേറെ

നീന്തിത്തുടിച്ചു നടന്നിടുന്നൂ

മീനുകൾക്കൊപ്പം വാൽമാക്രികളും

നീന്തിത്തുടിച്ചു രസിച്ചിടുന്നൂ!

കുറെ ദിവസം കഴിഞ്ഞപ്പോൾ വാൽമാക്രികൾക്ക് കാലുകളും കൈകളും വളർന്നുതുടങ്ങി. മീനുകൾക്ക് അദ്ഭുതമായി. അവർ മീനമ്മയോട് ചോദിച്ചു: ''അമ്മേ, ഞങ്ങളോടൊപ്പം കളിച്ചുവളർന്ന കൂട്ടുകാർക്ക് ദേ കൈകളും കാലുകളും വളർന്നുവരുന്നു!''

മീനമ്മ പറഞ്ഞുകൊടുത്തു. ''മക്കളേ, അവർ നമ്മുടെ കുളത്തിൽ പ്രാണികളെ പിടിച്ചുതിന്നാൻ വരാറുള്ള പോക്കാച്ചിത്തവളയുടെ കുഞ്ഞുമക്കളാണ്. തുടക്കത്തിൽ അവർ കാണാൻ നമ്മെപ്പോലെത്തന്നെയിരിക്കും. വലുതാവുന്നതോടൊപ്പം അവർക്ക് കൈകളും കാലുകളും വളരും. തന്നെയുമല്ല അവർക്ക് വെള്ളത്തിലും കരയിലും ജീവിക്കാൻ സാധിക്കും!''

''എന്തദ്ഭുതമാണ് ഈ പ്രകൃതിയുടെ വികൃതികൾ. നമ്മുടെ ആമച്ചേട്ടനും കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാം!'' മീൻകുഞ്ഞുങ്ങൾ പറഞ്ഞു. അപ്പോഴാണ്, പോക്കാച്ചിത്തവള തന്റെ കൊച്ചുമക്കളെ താലോലിക്കാൻ അവിടെ എത്തിയത്. പോക്കാച്ചിത്തവള തന്റെ കുഞ്ഞുങ്ങളെ കരയ്ക്കുകയറ്റി അവിടെനിന്നും വെള്ളത്തിലേക്ക് എടുത്തുചാടി മുങ്ങാംകുഴിയിടാൻ പഠിപ്പിച്ചു. കല്ലുകൾക്കിടയിൽ ഒളിച്ചിരിക്കാൻ പഠിപ്പിച്ചു. പ്രാണികളെ നാവുനീട്ടി പിടിക്കാൻ പഠിപ്പിച്ചു. മാക്രിക്കുഞ്ഞുങ്ങൾക്ക് സന്തോഷമായി. അവർ, കുളത്തിൽ ഇത്രയും കാലം തങ്ങളെ പോറ്റിവളർത്തിയ മീനമ്മയോട് നന്ദി പറഞ്ഞു.

''മീനമ്മേ! മീനമ്മ ഞങ്ങളുടെ അമ്മയാണ്! മീനുകൾ ഞങ്ങളുടെ സഹോദരങ്ങളും!'' അന്നുമുതൽ മീനുകളും തവളകളും സഹോദരങ്ങളായി വളർന്ന് ഒരുമയോടെ കഴിഞ്ഞു! വാൽമാക്രികളെല്ലാം കൂടി മീനമ്മയോട് യാത്ര പറഞ്ഞു!

''മീനമ്മയ്ക്കൊരു നല്ലുമ്മ!

ഞങ്ങളെ പോറ്റിയ നല്ലമ്മ!

മീനുകൾ ഞങ്ങടെ സോദരരാണേ!

ഒരുമയോടെന്നും കഴിഞ്ഞീടാം!'

Content Highlights: Engaging moral story for children in Malayalam, Teaches about nature, friendship, and unity, Features delightful poems for kids