തത്തക്കുഞ്ഞിനെ കൂട്ടിലിട്ടു വളർത്താനൊരുങ്ങിയ കേശുവും കുഞ്ഞുണ്ണിയും പിന്നീടെന്തു ചെയ്തു?

കേശു തിരക്കിയെത്തുമ്പോൾ കുഞ്ഞുണ്ണി ഉറക്കത്തിൽനിന്ന് എഴുന്നേറ്റിട്ടില്ലായിരുന്നു. പച്ചയും മഞ്ഞയും ചുവപ്പും നിറങ്ങളുള്ള തത്തകളായിരുന്നു അവൻ കണ്ടുകൊണ്ടിരുന്ന സ്വപ്നത്തിൽ. സ്വപ്നം മുറിഞ്ഞിട്ടും പല വർണങ്ങളുള്ള തത്തകൾ അവന്റെയുള്ളിൽ പാറിക്കളിച്ചു. വീണ്ടും ഉറങ്ങി ആ സ്വപ്നം പൂർത്തിയാക്കാൻ അവൻ ആശിച്ചു.
''എടാ... ദേ... കേശു വെളിയിൽ കാത്തുനിൽക്കുന്നു.'' അമ്മ കട്ടിലിനരികിലെത്തി അവനോട് പറഞ്ഞു.
കുഞ്ഞുണ്ണി കണ്ണുതിരുമ്മി ചാടിയെഴുന്നേറ്റു.
''എന്താടാ ഇത്ര രാവിലെ?'' ഉറക്കച്ചടവോടെ അവൻ ചോദിച്ചു.
''കുഞ്ഞുണ്ണീ... തത്തേടെ കൂടുള്ള സ്ഥലം ഞാൻ കണ്ടുപിടിച്ചു. അതിൽ കുഞ്ഞുങ്ങളുണ്ടാകും. നമുക്ക് പോയി അവയെ പിടിച്ചാലോ?'', കേശു പറഞ്ഞു.
അതുകേട്ടതും കുഞ്ഞുണ്ണീടെ ഉറക്കം മുഴുവനും പോയി. സ്വപ്നത്തിൽ കണ്ട തത്തകളെയോർത്ത് അവൻ ചോദിച്ചു: ''എവിടെയാ?''
കേശു ദൂരേയുള്ള ഒരു പറമ്പിലേക്ക് കൈ ചൂണ്ടി. കുഞ്ഞുണ്ണി അവന്റെ പിന്നാലെ പറമ്പിലേക്കോടി.
അവിടെ ഒരു തെങ്ങിന്റെ ചുവട്ടിലെത്തിയപ്പോൾ കേശു മുകളിലേക്ക് ചൂണ്ടി. ''ദാ... ഒരു പൊത്ത് കണ്ടോ. കുഞ്ഞുങ്ങൾക്കുള്ള തീറ്റയുമായി തത്ത പൊത്തിൽ കേറുന്നത് ഞാൻ കണ്ടു.''
'വളരെ മുകളിലാണ് തത്തയുടെ കൂട്. പക്ഷേ, അത്ര ഉയരത്തിൽ എങ്ങനെ കേറും?', രണ്ടാളും ആലോചന തുടങ്ങി. അതിനിടെ കൂട്ടിൽ തത്ത പറന്നുവന്ന് കയറുന്നത് കുഞ്ഞുണ്ണിയും കണ്ടു.
ഹോ... എന്തു ഭംഗി! അതിന്റെ കുഞ്ഞിനെ കിട്ടിയാൽ നല്ലൊരു കൂട്ടിലിട്ട് വളർത്താം. അതിനെ കുഞ്ഞുണ്ണീ... എന്ന് നീട്ടി വിളിക്കാൻ പഠിപ്പിക്കണം. അച്ഛനെ സോപ്പിട്ട് ഒരു നല്ല തത്തക്കൂട് വാങ്ങണം. അങ്ങനെ പലതും കുഞ്ഞുണ്ണി മനസ്സിലോർത്തു.
''വീട്ടിലൊരു വലിയ ഏണിയുണ്ട്. ഭയങ്കര ഭാരമാണ്. അതെടുത്താൽ ചിലപ്പോൾ അച്ഛൻ വഴക്കുപറയും.'' കേശു പറഞ്ഞു.
അങ്ങനെ അവർ ആലോചിച്ചുനിൽക്കുമ്പോഴാണ് തേങ്ങയിടുന്ന തിലകൻ തോളിലൊരു മുളയേണിയുമായി ആ വഴി വന്നത്.
''എന്താ രണ്ട് കുസൃതികൾക്കുംകൂടി രാവിലെ പറമ്പിൽ പണി?'' തിലകൻ ചോദിച്ചു.
''മാമാ... ഞങ്ങൾക്കൊരു തത്തക്കുഞ്ഞിനെ പിടിച്ചുതരുവോ?'' തെങ്ങ് ചൂണ്ടിക്കാണിച്ച് കുഞ്ഞുണ്ണി പറഞ്ഞു.
''അതിന് തത്തക്കുഞ്ഞെവിടെ?'' തിലകൻ തെങ്ങിനെ നോക്കി ചോദിച്ചു.
''ആ പൊത്തിലുണ്ടാകും.'' കേശു പറഞ്ഞു.
തിലകന് കാര്യം പിടികിട്ടി. അയാൾ രണ്ടാളെയും നോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു: ''തത്തക്കുഞ്ഞിനെ ഞാൻ പിടിച്ചുതരാം. പക്ഷേ, ഞാൻ കുഞ്ഞുണ്ണിയെ പിടിച്ച് എന്റെ വീട്ടിൽ കൊണ്ടുപോകും. ഇന്നുമുതൽ കുഞ്ഞുണ്ണിയെ ഞാൻ എന്റെ വീട്ടിൽ വളർത്തും.''
''അയ്യോ.. അതെന്തിനാ?'' കുഞ്ഞുണ്ണി പേടിയോടെ തിലകനെ നോക്കി.
''എന്താ... മോന് സങ്കടമായോ? കുഞ്ഞുണ്ണീടെ അമ്മേടൊപ്പം കഴിയാനല്ലേ കുഞ്ഞുണ്ണിക്ക് ഇഷ്ടം? അതേപോലെ തത്തക്കുഞ്ഞിനെ തത്തമ്മയല്ലേ വളർത്തേണ്ടത്.''
''ശരിയാ മാമാ... തത്തക്കുഞ്ഞ് മരപ്പൊത്തിൽ അതിന്റെ അമ്മേടൊപ്പം വളരണം.'' കുഞ്ഞുണ്ണി സംശയമില്ലാതെ പറഞ്ഞു. എന്നിട്ട് കേശുവിനോട് ചോദിച്ചു: ''എന്തിനാടാ രാവിലെ എന്റെ ഉറക്കം കളഞ്ഞത്?'' കുഞ്ഞുണ്ണി അവന്റെ വീട്ടിലേക്കോടി.
''കേശൂ.. നിനക്കോ?'' തിലകൻ കേശുവിനോട് ചോദിച്ചു.
''എനിക്ക് എന്തായാലും തത്തക്കുഞ്ഞിനെ വേണം.''
''ശരി. നിനക്ക് തത്തക്കുഞ്ഞിനെ പിടിച്ചുതരാം. പക്ഷേ, നീയതിന് തിന്നാനും കുടിക്കാനും എന്തുകൊടുക്കും?''
''അത്... അത്...'' കേശു ആശങ്കയോടെ വാക്കുകൾ തപ്പി.
''കണ്ടോ? അതുപോലും നിനക്കറിയില്ല. തത്തക്കുഞ്ഞിന് നല്ല ശുദ്ധമായ പഴങ്ങളും പച്ചക്കറികളും വേണം. പ്രകൃതിയിൽനിന്ന് ശേഖരിക്കുന്നത്. നമ്മൾ കടേന്നു വാങ്ങുന്നതൊന്നും അതുങ്ങൾക്ക് കൊടുക്കരുത്.''
കേശു അങ്കലാപ്പോടെ തിലകനെ നോക്കി.
''നീ വാ... നിന്നെ ഒരുകൂട്ടം കാണിച്ചുതരാം.''
തിലകൻ മുളയേണി തെങ്ങിൽച്ചാരി. എന്നിട്ട് കേശുവിനെ പൊക്കി തോളിലിരുത്തി. പിന്നെ അവനുമായി മെല്ലെ മുകളിലേക്കു കയറി. അവൻ തിലകന്റെ തോളിൽ മുറുകെ പിടിച്ചിരുന്ന് കൂടിന്റെ അടുക്കലെത്തി.
''ദേ... തത്തേടെ ചെറുവീടുകണ്ടോ. നമ്മുടെ വീടുപോലെയല്ല അത്. പ്രകൃതിയൊരുക്കിയ പരുപരുത്ത ഒറ്റമുറി. തത്തക്കുഞ്ഞുങ്ങൾക്ക് യോജിച്ച കുഞ്ഞുവീട്. അതിൽ തൂവലുകൾ മുഴുവനും മുളയ്ക്കാത്ത മൂന്ന് കുഞ്ഞുങ്ങൾ. അവയെ കൊണ്ടുപോയാൽ ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് ചത്തുപോകും. ഇനി നിനക്ക് വേണോ?''
വേണ്ട എന്ന് കേശു തലയിളക്കി.
കൂട്ടിനുള്ളിലെ മങ്ങിയ വെട്ടത്തിലിരുന്ന് മൂന്ന് തത്തക്കുഞ്ഞുങ്ങൾ ചിലച്ചു. തത്തമ്മ തീറ്റയുമായി വരുന്നത് കാത്തിരിപ്പാകും അവ. കേശുവിന് പാവം തോന്നി.
Content Highlights: Highlights the importance of keeping wildlife in their natural habitat., Features a lesson on the specialized care wild animals require