കോക്കിയും ഡക്കിയും നല്ല ചങ്ങാതിമാരായിരുന്നോ? കഥ വായിക്കാം

കോക്കിക്കോഴിക്ക് വല്ലാത്ത മേലുവേദന. മരുന്നുവാങ്ങാൻ അക്കരെ പോകണം. അവൾ പുഴക്കരയിൽ ചെന്ന് ചങ്ങാതിയായ ഡക്കിത്താറാവിനെ ഉച്ചത്തിൽ വിളിച്ചു : ''ഡക്കീ, അക്കരെ ചെന്ന് നീ എനിക്ക് മരുന്നു വാങ്ങിവരാമോ?''
''ഹും, എനിക്കൊന്നും വയ്യ കോക്കീ!'' എന്നും പറഞ്ഞ് ഡക്കി ഒറ്റപ്പോക്ക്. കോക്കിക്ക് സങ്കടമായി.
അപ്പോഴാണ് മുതലമുത്തശ്ശൻ അവിടെ എത്തിയത്. കോക്കിയുടെ സങ്കടം കേട്ട് മുതലമുത്തശ്ശൻ അക്കരെ ചെന്ന് വൈദ്യരെ കണ്ടു. എന്നിട്ട് മരുന്നു വാങ്ങി കോക്കിക്ക് നൽകി. മരുന്നുതേച്ച് കോക്കിയുടെ മേലുവേദന പമ്പ കടന്നു. കോക്കി, മുതലമുത്തശ്ശന് നല്ല ഒന്നാന്തരം അത്തിപ്പഴങ്ങൾ സമ്മാനം കൊടുത്തു.
''പരസ്പരം സഹായിക്കാത്തവർ നല്ല ചങ്ങാതിമാരല്ല!''
കോക്കി പറഞ്ഞതുകേട്ട് ഡക്കി നാണിച്ചുപോയി.
Content Highlights: A touching moral story about friendship and helping others in Malayalam