തന്നിഷ്ടം കാട്ടിയ കണ്ണാന്തുമ്പിയെ ഉണ്ടക്കണ്ണൻ തവള പിടിച്ചോ? ആ കഥ വായിക്കാം

പയ്യാമ്പലത്തെ നമ്പോലന്റെ തുമ്പത്തോട്ടത്തിലായിരുന്നു തുമ്പിയമ്മ താമസിച്ചിരുന്നത്. തുമ്പിയമ്മയ്ക്ക് മൂന്ന് മക്കളുണ്ടായിരുന്നു; കാത്തുമ്പി, പൂത്തുമ്പി, കണ്ണാന്തുമ്പി.
തുമ്പിയമ്മ തന്റെ മൂന്നു മക്കളെയും കണ്ണിലെ കൃഷ്ണമണിപോലെ നോക്കി വളർത്തി. അങ്ങനെയിരിക്കെ തുമ്പത്തോട്ടത്തിൽ ഒരു പുതിയ അതിഥിയെത്തി. ഉണ്ടക്കണ്ണുകളോടുകൂടിയ കണ്ണൻ തവള! കണ്ണൻ തവള തന്റെ ഉണ്ടക്കണ്ണുകളടച്ചു തപസ്സു ചെയ്യുന്നതുപോലെയിരിക്കും! മുന്നിലൂടെ തുമ്പികളോ മറ്റു പ്രാണികളോ പാറിപ്പോയാലുടൻ തന്റെ നീണ്ട നാവ് പുറത്തിട്ട് അവരെ വായിലാക്കി ശാപ്പിടും!
കണ്ണൻ തവള വന്നതിൽപ്പിന്നെ തുമ്പിയമ്മയ്ക്ക് എപ്പോഴും പേടിയാണ്. ''കുട്ടികളേ, സൂക്ഷിച്ചു പറക്കണം. ആ കണ്ണൻ തവളയുടെ മുന്നിലൊന്നും ചെന്നുപെടല്ലേ!'' തുമ്പിയമ്മ മൂന്ന് മക്കളോടും പറയും. കാത്തുമ്പിയും പൂത്തുമ്പിയും അത് തലകുലുക്കി സമ്മതിച്ചു. പക്ഷേ, വികൃതിയായ കണ്ണാന്തുമ്പിക്ക് അമ്മ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല. ''ഹും, പാറി നടക്കുന്ന നമ്മളെ താഴെയിരിക്കുന്ന അവൻ എന്തു ചെയ്യാനാ!'', അവൾ പറയും.
ഒരുദിവസം, വൈകിട്ട് തുമ്പത്തോട്ടത്തിലെ തുമ്പികളെല്ലാവരുംകൂടി നൃത്തം ചവിട്ടുകയായിരുന്നു.
തുമ്പികൾ തുള്ളുന്നത് കണ്ട് കണ്ണൻ തവള അവിടെയെത്തി കണ്ണാന്തുമ്പിയോട് ഉറക്കെവിളിച്ചു പറഞ്ഞു.
''കണ്ണാന്തുമ്പീടെ തുള്ളൽ കണ്ടോ!
എന്തു രസമീ തുള്ളൽ കാണാൻ!
കണ്ണാന്തുമ്പീടെ തുള്ളൽ കണ്ടാൽ!
കണ്ണുകൾക്കിമ്പം! മനസ്സിനിഷ്ടം!''
ഇതുകേട്ടപ്പോൾ കണ്ണാന്തുമ്പിക്ക് സന്തോഷമായി. അവൻ കണ്ണൻ തവളയെ കാണിക്കാൻ വാലു കുത്തിയും മൂക്കു കുത്തിയും തുമ്പി തുള്ളി!
ഇതു കണ്ട് കാത്തുമ്പിയും പൂത്തുമ്പിയും അവളെ എതിർത്തു. ''കണ്ണാന്തുമ്പീ നീ ക്ഷീണിക്കുമേ! ക്ഷീണിച്ച് പറക്കാൻ വയ്യാതായാൽ ഉണ്ടക്കണ്ണൻ നിന്നെ ശാപ്പിടും!'' പക്ഷേ, ചേച്ചിമാർ പറഞ്ഞത് അഹങ്കാരിയായ കണ്ണാന്തുമ്പി കേട്ടില്ല.
കുറച്ചു കഴിഞ്ഞപ്പോഴേക്കും അവൾ തളർന്നു വീണു. ഉണ്ടക്കണ്ണൻ നാവും നീട്ടി അവളുടെ അടുത്തേക്കു ചെന്നു. അതുകണ്ട് പേടിച്ചുപോയ കണ്ണാന്തുമ്പി സർവശക്തിയുമെടുത്ത് ഒറ്റപ്പറക്കൽ! അവൾ കഷ്ടിച്ചു രക്ഷപ്പെട്ടു. തിരിച്ചു വീട്ടിലേക്കു പറക്കുമ്പോൾ അവൾ മനസ്സിൽ പാടി.
''അമ്മ പറഞ്ഞതു കേൾക്കാതെ
മൂത്തവർ ചൊന്നതു കേൾക്കാതെ
തന്നിഷ്ടങ്ങൾ കാട്ടുമ്പോൾ
അപകടമാണേ കട്ടായം!''
Content Highlights: Discover the charming story of Kannanthumbi and the frog, a delightful Malayalam tale for kids about disobedience and its consequences. Read now!