കൊക്കമ്മാവന്റെ ഔദാര്യം! കഥ വായിക്കാം

മനോഹരമായ തടാകക്കരയിലായിരുന്നു ഒരു വയസ്സൻകൊക്കിന്റെ താമസം. തടാകത്തിലെ മീനുകളെ ശാപ്പിട്ടാണ് കൊക്ക് ജീവിച്ചിരുന്നത്. ഒരു വേനൽക്കാലത്ത് തടാകം വറ്റാൻതുടങ്ങി. അതോടെ കൊക്കിന് കുശാലായി. 'ശേഷിച്ച മീനുകളെ എളുപ്പത്തിൽ വയറ്റിലാക്കാമല്ലോ!', കൊക്ക് ചിന്തിച്ചു. തന്റെ ഈ സൗഭാഗ്യം മറ്റ് കൊക്കുകളൊന്നും അറിയുന്നില്ലല്ലോ എന്നോർത്ത് അവന് വലിയ ദുഃഖം തോന്നി.
അങ്ങനെയിരിക്കെ ഒരുദിവസം തടാകത്തിന് മുകളിലൂടെ ഒരുപറ്റം കൊക്കുകൾ പറന്നുപോകുന്നത് വയസ്സൻകൊക്ക് കണ്ടു. അവൻ അവരെ ഉറക്കെ വിളിച്ചു. ''ഏയ്, എല്ലാവരും ഇവിടെ വരൂ...'' ആ വിളി കേട്ട് പക്ഷിക്കൂട്ടത്തിന്റെ നേതാവ് പറഞ്ഞു: ''അതൊരു വയസ്സൻ കൊക്കാണ്. എന്തെങ്കിലും സഹായം ആവശ്യമുണ്ടാകും. നമുക്ക് പോയിനോക്കാം!''
പറന്നിറങ്ങിയ കൊക്കുകളോട് കൊക്കമ്മാവൻ പറഞ്ഞു: ''നിങ്ങളെന്റെ വിരുന്നുകാരാണ്, ഈ തടാകത്തിലെ മീനുകളെ ഭക്ഷിച്ച് ഇവിടെ താമസിക്കാം, എത്രനാൾ വേണമെങ്കിലും!'' ഇതുകേട്ട് കൊക്കുകളുടെ നേതാവ് വയസ്സൻകൊക്കിനോട് പറഞ്ഞു: ''ക്ഷമിക്കണം, ഞങ്ങൾ ഒരുപാട് പേരുണ്ട്. അങ്ങേക്കത് ബുദ്ധിമുട്ടാകും!'' എന്നാൽ വയസ്സൻകൊക്ക് സമ്മതിച്ചില്ല. കൊക്ക് അവരെ വീണ്ടും നിർബന്ധിച്ചു.
അങ്ങനെ കൊക്കിൻകൂട്ടം തടാകക്കരയിൽ താമസം തുടങ്ങി. സഹജീവികൾക്ക് ആതിഥ്യമരുളിയ തന്റെ വലിയ മനസ്സിനെപ്പറ്റി വമ്പുപറഞ്ഞ് വയസ്സൻകൊക്ക് അഭിമാനംകൊണ്ടു. ദിവസങ്ങൾ കഴിഞ്ഞു. തടാകത്തിലെ വെള്ളം വറ്റി, അതോടെ മീനുകളും തീർന്നു. കൊക്കുകളുടെ നേതാവ് വയസ്സൻകൊക്കിനോട് പറഞ്ഞു: ''ഇനി ഇവിടെ നിന്നാൽ അപകടമാണ്. എന്റെ കൂട്ടുകാരെ പട്ടിണിക്കിടാൻപറ്റില്ല. അതുകൊണ്ട് ഞങ്ങൾ പോകുന്നു. അങ്ങേക്ക് ഞങ്ങളോടൊപ്പം പറക്കാൻകഴിയില്ലല്ലോ!''
അങ്ങനെ കൊക്കിൻകൂട്ടം പറന്നുപോയി. ഒറ്റയ്ക്കായ വയസ്സൻകൊക്ക് വൈകാതെ പട്ടിണികിടന്ന് ചാവുകയും ചെയ്തു. ദാനംചെയ്യുന്നത് ഗർവ് കാണിക്കാനാകരുതെന്ന് മനസ്സിലായില്ലേ?
Content Highlights: A classic moral story about a selfish and proud old stork.