ദുരാഗ്രഹിയായ കൊക്കിന് പറ്റിയ പറ്റ് കഥ വായിക്കാം

മകരം കുംഭമാസക്കാലം. വരൾച്ച തുടങ്ങിയിരുന്നു. വയലേലകളിൽ വെള്ളംവറ്റി. പാടം വിണ്ടുകീറാൻ തുടങ്ങി. ദൂരെ ദിക്കിൽനിന്ന് ഇരതേടി ഒരുകൂട്ടം വെള്ളക്കൊക്കുകൾ പറന്നുവരികയായിരുന്നു. അതിലെ സൂത്രശാലിയായ ഒരു കൊക്ക് വേഗംകുറച്ച് പറക്കാൻ തുടങ്ങി. കൂട്ടത്തിൽ പിന്നിലായ കൊക്ക് താഴെ ജലാശയങ്ങൾ നോക്കിയായിരുന്നു പിന്നീടുള്ള പറക്കൽ. പെട്ടെന്ന് ഒരു ചെറിയ കുളം അതിന്റെ ദൃഷ്ടിയിൽപ്പെട്ടു. ആ വെള്ളക്കൊക്ക് പതുക്കെ കുളക്കരയിൽ പറന്നിറങ്ങി.
കുളത്തിൽ വെള്ളം വറ്റിയിരുന്നു. എന്നാൽ, ഒരു ചെറിയ കുഴിയിൽ വെള്ളം കെട്ടിക്കിടന്നു. കൊക്ക് കുഴിക്കുസമീപം നടന്നെത്തി. കുഴിയിലെ വെള്ളത്തിൽ നിറയെ പരൽമീനുകളായിരുന്നു. കൊക്കിന് സന്തോഷംകൊണ്ട് തുള്ളിച്ചാടാൻ തോന്നി. കൊക്ക് അവിടെയിരുന്ന് പരൽമീനുകളെ സന്തോഷത്തോടെ കൊത്തിത്തിന്നാൻ തുടങ്ങി. കുറെ മീനുകളെ അകത്താക്കിയപ്പോഴേക്കും അതിന്റെ വയർ നിറഞ്ഞു.
ബാക്കി മീനുകളെ അവിടെ ഉപേക്ഷിച്ചുപോകാൻ കൊക്കിന് മനസ്സുവന്നില്ല.
അപ്പോഴാണ് ഒരു കൂട്ടം കരിങ്കൊക്കുകൾ ആവഴി പറന്നുവന്നത്. ഒരു വെള്ളക്കൊക്ക് ഒരു കുളത്തിൽ ഇരിക്കുന്നതുകണ്ട് രണ്ട് കരിങ്കൊക്കുകൾ അവിടെ പറന്നിറങ്ങി.
''ചങ്ങാതീ, ഞങ്ങൾക്കുംകൂടി തിന്നാനുണ്ടാവുമോ, ഈ മീനുകൾ?'', ഒരു കരിങ്കൊക്ക് ചോദിച്ചു.
വെള്ളക്കൊക്ക് പറഞ്ഞു: ''ഇല്ല, ഇല്ല. ഇവിടെ മീൻ തീരാറായി. നിങ്ങൾ വേറെ സ്ഥലം നോക്കിപ്പോകൂ.''
ഒരു കരിങ്കൊക്ക് ഒന്നുരണ്ട് പരൽമീനിനെ കൊത്തിത്തിന്നത് വെള്ളക്കൊക്കിന് ഇഷ്ടമായില്ല.
കോപത്തോടെ വെള്ളക്കൊക്ക് പറഞ്ഞു: ''നിങ്ങളോട് പോകാൻ പറഞ്ഞതല്ലേ. പിന്നെ എന്തിന് ഇവിടെ നിൽക്കുന്നു?''
കരിങ്കൊക്ക് പറഞ്ഞു: ''നീ വയർ നിറയെ തിന്നില്ലേ. ഇനി കുറെ മീനിനെ ഞങ്ങൾ തിന്നട്ടെ.''
''അതുപറ്റില്ല. ഞാനാണ് ഈ സ്ഥലം ആദ്യം കണ്ടെത്തിയത്. ശേഷിക്കുന്നതും ഞാൻതന്നെ തിന്നും'', വെള്ളക്കൊക്ക് അധികാരഭാവത്തിൽ പറഞ്ഞു.
വെള്ളക്കൊക്ക് കരിങ്കൊക്കിന് ഇടംകൊടുക്കാതെ കുഴിക്കുള്ളിലേക്ക് ഇറങ്ങിനിന്ന് മീനുകളെ കൊത്തിത്തിന്നാൻ തുടങ്ങി.
പെട്ടെന്നാണ് അതുസംഭവിച്ചത്. കുഴിക്കരികിൽ പതുങ്ങിയിരുന്നിരുന്ന ഒരു ചുവന്ന വലിയ ഞണ്ടിന്റെ പുറത്താണ് വെള്ളക്കൊക്ക് കൊത്തിയത്. ചുണ്ടുകൊണ്ടുള്ള കൊത്തേറ്റപ്പോൾ ഞണ്ടിന് വേദനിച്ചു. കോപത്തോടെ ആ ഞണ്ട് കൊക്കിന്റെ കഴുത്തിൽ ചുറ്റിക്കിടന്നുകൊണ്ട് ഇറുക്കാൻ തുടങ്ങി.
ഞണ്ടിന്റെ ഉളിപോലുള്ള കൊമ്പ് കഴുത്തിൽ ആഴ്ന്നിറങ്ങിയതോടെ കൊക്ക് പിടഞ്ഞു. എന്നാൽ, ഞണ്ട് വിട്ടുകൊടുക്കാൻ ഭാവമില്ലാതെ കൊക്കിന്റെ കഴുത്തിലേക്ക് ശക്തിയോടെ കൊമ്പുകളിറക്കി. വെള്ളക്കൊക്ക് പിടഞ്ഞുവീണ് ചത്തുമലച്ചു.
ഈ രംഗം കണ്ട് കരിങ്കൊക്കുകൾ ഭയന്ന് വേഗത്തിൽ പറന്നുയർന്നു.
ദുരാഗ്രഹം ആപത്താണെന്ന സത്യം വെള്ളക്കൊക്കിന് അറിയാമായിരുന്നോ, എന്തോ?
Content Highlights: Greed leads to self-destruction., Sharing resources fosters community peace