കഴുകനും പൂച്ചയും; ഒരു ഹിതോപദേശ കഥ വായിക്കാം

ഒരു വലിയ മരത്തിൽ ഒരു അപ്പൂപ്പൻ കഴുകൻ താമസിച്ചിരുന്നു. കാഴ്ച മങ്ങി, ക്ഷീണിച്ച് ഇരതേടാനാകാതെ വിഷമിച്ച കഴുകന് മറ്റുപക്ഷികളാണ് ഭക്ഷണം കൊടുത്തിരുന്നത്. അതിന് പ്രത്യുപകാരമായി പക്ഷികളുടെ കുഞ്ഞുങ്ങളെ കഴുകൻ സംരക്ഷിച്ചിരുന്നു.
ഒരു ദിവസം പക്ഷിക്കുഞ്ഞുങ്ങളെ പിടിക്കാനായി ഒരു പൂച്ച അവിടെയെത്തി. പൂച്ചയെകണ്ട് പക്ഷിക്കുഞ്ഞുങ്ങൾ ഒച്ചവെച്ചു. അതുകേട്ട് കഴുകൻ ഉറക്കെ
ചോദിച്ചു: ''ആരെടാ അവിടെ?''
കഴുകനെ കണ്ട് പൂച്ച ഞെട്ടി. എങ്കിലും കഴുകൻ വയസ്സനാണെന്നറിഞ്ഞപ്പോൾ പൂച്ചയ്ക്ക് സന്തോഷമായി. 'ഈ കിഴവൻ കഴുകനെ പറ്റിച്ച് കാര്യം സാധിക്കണം. തത്കാലം എന്തെങ്കിലും സൂത്രം പറഞ്ഞ് രക്ഷപ്പെടാം!', പൂച്ച ചിന്തിച്ചു.
''ഞാൻ സസ്യാഹാരം മാത്രം കഴിച്ച് ജീവിക്കുന്ന ഒരു പൂച്ചയാണ്. പ്രായത്തിൽ മൂത്ത അങ്ങയുടെ ഉപദേശം സ്വീകരിക്കാൻ വന്നതാണ് !'', പൂച്ച പറഞ്ഞത് കഴുകൻ വിശ്വസിച്ചു.
അങ്ങനെ പൂച്ച അവിടെ സ്ഥിരതാമസമാക്കി. കഴുകന്റെ കണ്ണുവെട്ടിച്ച് ഇടയ്ക്കിടെ പക്ഷിക്കുഞ്ഞുങ്ങളെ പിടിച്ചുതിന്നാനും തുടങ്ങി. കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട പക്ഷികൾ സങ്കടത്തോടെ അവരെ അന്വേഷിച്ച് അങ്ങുമിങ്ങും പറന്നു. ഒടുവിൽ അപകടം മണത്ത പൂച്ച അവിടെനിന്നും വേഗം തടിതപ്പി.
കുഞ്ഞുങ്ങളെ തേടി നടന്ന പക്ഷികൾ മരത്തിനുതാഴെ അവരുടെ കുഞ്ഞുങ്ങളുടെ എല്ലിൻകഷണങ്ങൾ കണ്ടു. കഴുകനാണ് പക്ഷിക്കുഞ്ഞുങ്ങളെ തിന്നതെന്ന് അവർ വിശ്വസിച്ചു. ദേഷ്യം വന്ന പക്ഷികൾ കഴുകനെ കൊത്തിക്കൊന്നു.
ആളുകളെ മനസ്സിലാക്കാതെ അവരുമായി കൂട്ടുകൂടുന്നത് അപകടമാണെന്ന് മനസ്സിലായില്ലേ?
Content Highlights: An old, blind eagle lives in a tree and protects bird chicks in exchange for food., A cunning cat tricks the eagle by pretending to be a vegetarian seeking advice.