സ്വന്തം കഴിവിലൂടെയും പ്രയത്‌നത്തിലൂടെയും വിജയത്തിലെത്താം. ഈ കഥ കേട്ടോളൂ...

ഒരു കർഷകന്റെ വീട്ടിൽ ഒരു നായയും മുയലും ഉണ്ടായിരുന്നു. ഒരുദിവസം കർഷകൻ ഒരു മത്സരം നടത്താൻ തീരുമാനിച്ചു. ഇവരിൽ ആർക്കാണ് കൂടുതൽ കഴിവ് എന്നറിയാനായിരുന്നു അത്.
അതിനായി കർഷകൻ ഒരു എല്ലും ഒരു കാരറ്റും പറമ്പിൽ കുഴിച്ചിട്ടു. ആരാണ് ഇത് ആദ്യം കണ്ടെത്തി എടുക്കുന്നത് എന്നായിരുന്നു മത്സരം.
മത്സരം തുടങ്ങി. ചുറുചുറുക്കുള്ള മുയൽ പറമ്പിൽ പലയിടത്തായി മാന്തി കുഴിച്ചുനോക്കാൻ തുടങ്ങി. വലിയ മണംപിടുത്തക്കാരനല്ലേ നായ. പറമ്പിൽ ഒന്ന് ചുറ്റിയടിച്ച് മണംപിടിച്ചപ്പോഴേക്കും സാധനം എവിടെയാണെന്ന് അവന് മനസ്സിലായി. അത് പുറത്തുകാണിക്കാതെ നായ അതിനുമുകളിൽ കയറി കിടന്നു. ഈ സമയം മുയലാവട്ടെ പറമ്പിൽ പലയിടത്തും കുഴിച്ചുകൊണ്ടേയിരുന്നു.
മുയലിന്റെ ചുറുചുറുക്കോടെയുള്ള പ്രവൃത്തി കണ്ടപ്പോൾ അവനെ നിരുത്സാഹപ്പെടുത്താനായി നായ പറഞ്ഞു: ''എടാ, ഇങ്ങനെ കുഴിച്ചിട്ട് കാര്യമില്ല. ഇത്രേം വലിയ പറമ്പിൽനിന്ന് ഇതെങ്ങനെ കണ്ടെത്താനാ. അതുകൊണ്ടല്ലേ ഞാനിങ്ങനെ മാറിക്കിടക്കുന്നത്.''
എന്നാൽ അതൊന്നും കേൾക്കാതെ മുയൽ കുഴിച്ചുകൊണ്ടേയിരുന്നു.
നായയാണെങ്കിൽ അവനെ നിരുത്സാഹപ്പെടുത്തുകയും. ഇനി പറമ്പിൽ കുഴിക്കാനുള്ള സ്ഥലം നായകിടക്കുന്നിടം മാത്രമാണ്. നായയോട് മാറാൻ പറയാതെ മുയൽ എന്തുചെയ്തെന്നോ. കുറച്ചുമാറി ഒരുകുഴികുഴിച്ച് ഒരുതുരങ്കം ഉണ്ടാക്കി നായ കിടക്കുന്നതിനടിയിലെത്തി. നോക്കുമ്പോഴതാ നായ കിടക്കുന്നതിനടിയിൽ തന്നെ എല്ലും കാരറ്റും! ഉടൻതന്നെ മുയൽ അതുമായി പുറത്തുവന്നു.
ഇതുകണ്ട് നായ ശരിക്കും ഞെട്ടി പോയി. ആദ്യം കണ്ടെത്തിയത് താനായിരുന്നെങ്കിലും ഇപ്പോഴിതാ മുയൽ വിജയിച്ചിരിക്കുന്നു. തന്റെ മടിയും ശുഭാപ്തിവിശ്വാസവുമാണ് ഇതിനെല്ലാം കാരണം എന്ന് നായയ്ക്ക് മനസ്സിലായി.
മറ്റുള്ളവർ എത്ര നിരുത്സാഹപ്പെടുത്തിയാലും സ്വന്തം കഴിവിലൂടെയും പ്രയത്‌നത്തിലൂടെയും വിജയത്തിലെത്താമെന്നാണ് മുയൽ കാണിച്ചുതന്നത്.
Content Highlights: A competition between a dog and a rabbit to test their skills.