തുന്നൽക്കാരൻ ദാമുവിന്റെ പോക്കറ്റടിച്ചേ... കഥ വായിക്കാം

#ജലീല്‍ കണ്ടഞ്ചിറ

ഒരു ബസിൽ യാത്രചെയ്യുകയായിരുന്നു തുന്നൽക്കാരൻ ദാമു. ടിക്കറ്റെടുക്കാൻ കാശ് തപ്പിയ ദാമു ഞെട്ടി: ''അയ്യോ, എന്റെ കാശ് പോക്കറ്റടിച്ചേ.'' ബസ് സഡൻ ബ്രേക്കിട്ടു. ''ആരെങ്കിലും പൈസ എടുത്തിട്ടുണ്ടെങ്കിൽ വേഗം അയാൾക്ക് തിരിച്ചുകൊടുത്തേക്കൂ.'' കണ്ടക്ടർ പറഞ്ഞു. യാത്രക്കാർ ആരും അനങ്ങിയില്ല.

അതോടെ വണ്ടി നേരേ സ്റ്റേഷനിലേക്ക് വിട്ടു.

എസ്.ഐ. ഇടിയപ്പ ദാമുവിനോട് ചോദിച്ചു: ''എത്ര രൂപയാ പോക്കറ്റിലുണ്ടായിരുന്നത്?''

''മൂവായിരം രൂപ...''

''മുഴുവൻ നഷ്ടപ്പെട്ടോ?''

''അതേ സാർ...''

പോലീസ് ഓരോരുത്തരെയായി പരിശോധിച്ചു.

പരിശോധനയ്ക്കുശേഷം ഇടിയപ്പ വന്ന് പരാതിക്കാരനായ ദാമുവിനോട് ചോദിച്ചു:

''എടോ, മൂവായിരം രൂപ തന്നെയാണോ പോയത്? അതോ വെറും അഞ്ഞൂറോ?''

''അയ്യോ സാർ... സത്യമായിട്ടും മൂവായിരം രൂപയാ. അഞ്ഞൂറിന്റെ ആറ് നോട്ട്! ഒരു കല്യാണത്തിന് കൊടുക്കാൻ വെച്ചിരുന്നതാ. ഞാൻ അതിന് പോകുന്ന വഴിയാ.''

''എന്നിട്ട് ഈ പരിശോധിച്ച ഒരുത്തന്റെയും പക്കൽ ഇരുന്നൂറ് രൂപയിൽ കൂടുതലില്ലല്ലോ.''

ദാമു എന്തുപറയണമെന്നറിയാതെ മിഴിച്ചുനിന്നു. ദാമുവിന്റെ ഫോൺ റിങ് ചെയ്തു. ഭാര്യയാണ്. ദാമു ഫോണെടുത്തതും ഭാര്യ ചോദിച്ചു: ''അല്ല മനുഷ്യാ, നിങ്ങൾ കല്യാണത്തിനിടാൻ തേച്ചുവെച്ച ഷർട്ട് ഹാങ്ങറിൽതന്നെ ഉണ്ടല്ലോ. കവറിൽ ഇട്ടുവെച്ച കാശും അതിന്റെ പോക്കറ്റിൽ ഉണ്ട്. ഇതെന്തുപണിയാ ഈ ചെയ്തത്?''

ഭാര്യ പറഞ്ഞതുകേട്ടതും ദാമുവിന്റെ കൈകാലുകൾ തളർന്നു. സംഗതി കുഴഞ്ഞല്ലോ. ഇതറിഞ്ഞാൽ ഇടിയപ്പയുടെ ഇടി തനിക്കാവും കിട്ടുക. എങ്ങനെയെങ്കിലും തടിയൂരണം.

അയാൾ ഇടിയപ്പയുടെ അടുത്തേക്കുചെന്ന് പറഞ്ഞു: ''എനിക്ക് പരാതിയില്ല സാറെ. കാശ് പോയത് പോട്ടെ. ഞാനങ്ങ് സഹിച്ചു. മുഹൂർത്തം കഴിയുന്നതിനുമുൻപ് എനിക്ക് കല്യാണത്തിനെത്തണം. ഞാൻ പോവുകയാ.'' ഇത്രയും പറഞ്ഞൊപ്പിച്ച് ദാമു അവിടെനിന്ന് വേഗം സ്ഥലം വിട്ടു. ആളുകൾ അന്തംവിട്ട് അത് നോക്കിനിന്നു.

Content Highlights: Damu believes his 3000 rupees were pickpocketed on a bus.