കുരങ്ങന്മാർ നട്ട വാഴയിലെ പഴങ്ങൾ അവർ എന്തുചെയ്തെന്ന് അറിയാമോ?

ചിപ്പുക്കുരങ്ങനും പീലുക്കുരങ്ങനും ഓരോ വാഴ നട്ടു. വെള്ളമൊഴിച്ച്, വളമിട്ട് അവർ അതിൽ കുലയുണ്ടാകുന്നതും കാത്തുനിന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ രണ്ടുപേരുടെയും വാഴ കുലച്ചു. കായകൾ പഴുത്തു തുടുത്തു. ചിപ്പുക്കുരങ്ങൻ പഴങ്ങൾ പറിച്ച് തൊട്ടടുത്ത വീട്ടിലെ കിച്ചൻകരടിക്കും മാവിൻകൊമ്പത്തെ കാക്കച്ചിക്കും തത്തമ്മയ്ക്കുമെല്ലാം കൊടുത്തു. പീലു ആർക്കും കൊടുക്കാതെ പഴങ്ങളെല്ലാം ഒറ്റയ്ക്കു തിന്നു.

വൈകീട്ടായപ്പോൾ പീലുവിന് വല്ലാത്ത വയറുവേദന. അവൻ ഏന്തിവലിഞ്ഞ് വൈദ്യരെ കാണാൻ ഇറങ്ങി. അപ്പോഴതാ ചിപ്പുക്കുരങ്ങൻ നല്ല പേരയ്ക്കയും ഞാവൽപ്പഴവും മുന്തിരിങ്ങയുമെല്ലാം കഴിക്കുന്നു. പഴങ്ങൾ കൊടുത്തതിന് കിച്ചൻകരടിയും കാക്കച്ചിയും തത്തമ്മയുമെല്ലാം ചിപ്പുവിന് സമ്മാനിച്ചതായിരുന്നു അവ. അതുകണ്ട് പീലു നാണിച്ചുപോയി. പിന്നീടവൻ നല്ലവനായി എല്ലാം പങ്കിട്ടുകഴിച്ചു.

Content Highlights: Teaches children the importance of sharing and kindness.