കൗശലക്കാരനായ ചെമ്പൻകുറുക്കന് പറ്റിയ അമളിയെന്താണെന്നല്ലേ.... കഥ വായിക്കാം

ഒരു കുന്നിൻചെരുവിൽ അടുത്തടുത്ത മാളങ്ങളിലാണ് ചിന്നുമുയലും കൂട്ടുകാരും താമസിക്കുന്നത്.
''ചിന്നുമുയലും ചങ്ങാതികളും
നല്ലവരാണേ കേട്ടോ.
കുന്നിൻ ചെരുവിൽ
സന്തോഷത്താൽ
പാർക്കുകയാണവർ നോക്കൂ!''
എന്നാൽ കഷ്ടകാലത്തിന് കൗശലക്കാരനായ ചെമ്പൻകുറുക്കൻ അവരുടെ മാളങ്ങൾ കണ്ടെത്തി. അതോടെ മുയലുകളുടെ കഷ്ടകാലമായി. ഏതുനേരവും ചെമ്പൻ ചുറ്റിപ്പറ്റി അവിടെ കാണും. ചിലപ്പോൾ ദിവസങ്ങളോളം മുയലുകൾക്ക് പുറത്തിറങ്ങാനോ വിശപ്പ് മാറ്റാനോ പറ്റാറില്ല. കൂട്ടുകാരിൽ ചിലരെ ദുഷ്ടൻ അകത്താക്കുകയും ചെയ്തു.
'ചെമ്പൻകുറുക്കനെ എങ്ങനെയെങ്കിലും ഓടിക്കണം.' മുയലുകൾ തീരുമാനിച്ചു. അവസാനം അവർ ഒരു പോംവഴി കണ്ടെത്തി.
നീളൻ കഴുത്തും ചെറിയ വായയുമുള്ള ഉടയാത്ത ഒരു കുടം അവർ കണ്ടെത്തി. അത് താമസസ്ഥലത്തിനടുത്ത് എത്തിച്ചു. ചെമ്പൻ വരുന്ന നേരംനോക്കി ചിന്നുവും കൂട്ടുകാരും കുടത്തിന് ചുറ്റും വട്ടമിട്ട് കളിതുടങ്ങി. അപ്പോൾ ചെമ്പൻ അതുവഴിവന്നു.
'ഹായ്, നല്ല കാഴ്ച! ഒന്നിനെയെങ്കിലും അകത്താക്കണം!', ചെമ്പൻ കൊതിമൂത്ത് ഉള്ളിൽ പറഞ്ഞു.
പെട്ടെന്ന് മുയലുകൾ തൊട്ടടുത്ത പൊന്തക്കാട്ടിലേക്ക് ഓടിമറഞ്ഞു. എന്നിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.
''അയ്യോ, നമ്മുടെ മൂന്ന് മക്കൾ... അവരാ കുടത്തിൽ കയറി ഇരിപ്പുണ്ടല്ലോ... അവരെ ആ കുറുക്കൻ കടിച്ചുതിന്നുമല്ലോ... ങീ... ങീ...''
മുയൽക്കുഞ്ഞുങ്ങൾ പാത്രത്തിനകത്ത് ഇരിപ്പുണ്ടെന്ന് ചെമ്പൻകുറുക്കൻ വിശ്വസിച്ചു. അവൻ വേഗം തല കുടത്തിനകത്തിട്ടു. അതോടെ തല അതിൽ കുടുങ്ങിപ്പോയി. ചെമ്പൻ ഒരുപാട് ശ്രമിച്ചുനോക്കി. പക്ഷേ, തല പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ചിന്നുമുയലും കൂട്ടുകാരും ഓടിവന്നു.
തലയൂരാനാവാതെ കണ്ണുകാണാതെ വട്ടംചുറ്റി വിഷമിച്ചുകൊണ്ടിരുന്ന ചെമ്പൻകുറുക്കനെ കിട്ടിയ അവസരം നോക്കി മുയലുകൾ ഇടിച്ചും കുത്തിയും കല്ലെറിഞ്ഞും ഓടിച്ചു. പിന്നീട് ചെമ്പൻ അതുവഴിവന്നിട്ടേയില്ല. സന്തോഷത്തോടെ മുയലുകൾ ഒത്തുചേർന്നുപാടി.
''ബുദ്ധിയാണ് ശക്തി
ശക്തരാണ് നമ്മൾ
ബുദ്ധികൊണ്ടു മണ്ടൻ
ചെമ്പനങ്ങു പെട്ടേ!''
Content Highlights: Intelligence is greater than brute force