ബിമ്മുക്കരടിയുടെ ചൂണ്ടയിൽ മീനിന് പകരം കൊത്തിയത് ആരാണെന്നറിയണോ?

പഞ്ചപാവമാണ് ബിമ്മുക്കരടി. ഒരുദിവസം ബിമ്മുക്കരടി തോളത്ത് ചൂണ്ടയും കൈയിൽ ഒരു കൂടയുമായി ഗമയിൽ പുഴയിലേക്ക് പോയി. ബിമ്മുവിന്റെ ഗമയിലുള്ള പോക്കുകണ്ട് താമരത്താറാവ് ചോദിച്ചു:
''കരടിച്ചാരേ
കരടിച്ചാരേ
നീയെങ്ങോട്ടാണ്?''
അതുകേട്ട് ബിമ്മുക്കരടി ഗമയിൽത്തന്നെ പറഞ്ഞു:
''ചൂണ്ടയിടേണം
ഒത്തിരിയൊത്തിരി
മീൻ പിടിക്കേണം!''
ബിമ്മുക്കരടി പുഴയിലേക്ക് പോകുന്നത് പീയൻപൂച്ച കണ്ടു. പൂച്ചക്കുട്ടൻ ചോദിച്ചു:
''കരടിച്ചേട്ടാ
കരടിച്ചേട്ടാ
എങ്ങോട്ടേക്കാണ്?''
അതുകേട്ട് ബിമ്മുക്കരടി ഗമയിൽ പറഞ്ഞു:
''ചൂണ്ടയിടേണം
കൂട നിറച്ചും
മീൻ പിടിക്കേണം!''
ബിമ്മുക്കരടി പുഴയോരത്തു ചെന്ന് ചൂണ്ടയിടാൻ തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ ചൂണ്ടയിൽ ഒരു അനക്കം! 'ഹയ്യട, മുട്ടൻ മീനായിരിക്കും' ഇങ്ങനെ വിചാരിച്ച് ബിമ്മു, ചൂണ്ട ഒറ്റവലി! ചൂണ്ടയിൽ കടിച്ചത് ഒരു മുട്ടൻ
മുതലച്ചാരായിരുന്നു. വലിച്ചപ്പോൾ ചൂണ്ട പൊട്ടി ബിമ്മു പുറകോട്ട് മറിഞ്ഞടിച്ച് ഒറ്റ വീഴ്ച! ചൂണ്ട 'പ്ടക്കേ' എന്ന് ഒടിഞ്ഞും പോയി! പാവം ബിമ്മുക്കരടി! അവൻ 'ങീ... ങീ...' എന്ന് കരഞ്ഞുകൊണ്ട് തിരിച്ചുപോയി. ബിമ്മുവിനെക്കണ്ട് താമരത്താറാവും പീയൻ പൂച്ചയും ഓടിയെത്തി. ബിമ്മുക്കരടി അവരോട് നടന്നതെല്ലാം പറഞ്ഞു. നല്ലവനായ കരടിച്ചാരുടെ സങ്കടം കണ്ടപ്പോൾ താമരത്താറാവിനും പീയൻ പൂച്ചയ്ക്കും വിഷമമായി.
ഉടനെത്തന്നെ അവർ എങ്ങോട്ടോപോയി. അൽപ്പം കഴിഞ്ഞപ്പോൾ താമരത്താറാവ് നാലു മീൻ കൊണ്ടുവന്നു. പുറകേ ആറു മീനുമായി പീയൻ പൂച്ചയും വന്നു. അവർ അത് ബിമ്മുവിനു കൊടുത്തു.
''ഹയ്യട.. പത്തു മീൻ!'' ബിമ്മുവിന്റെ സങ്കടമെല്ലാം പോയി. അവൻ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം മീൻ കറുമുറെ തിന്നു.
Content Highlights: Bimmu the bear goes fishing but catches a surprise! A heartwarming tale of friendship and kindness.