ആനയുടെ മടി മാറ്റിയ ഓപ്പറേഷൻ! കഥ വായിച്ചോളൂ...

സൂത്രക്കാരനാണ് ബിമ്പനാന. ബിമ്പനാനയുടെ സൂത്രം കേൾക്കണോ? ആനകളായ ആനകളെല്ലാം കാടും മലയും താണ്ടി കഷ്ടപ്പെട്ട് തീറ്റതേടുമ്പോൾ ബിമ്പൻ പുൽമേട്ടിൽ വന്ന് വയ്യാത്തവനെപ്പോലെ തളർന്നുകിടക്കും. പുൽമേട്ടിലേക്ക് പുല്ലുതിന്നാൻ വരുന്ന പാവം മൃഗങ്ങൾ 'അയ്യോ! പാവം' എന്നുപറഞ്ഞ് അവന് തീറ്റ കൊടുക്കും. അതെല്ലാം മൂക്കറ്റം തട്ടി ഒന്നും അറിയാത്തമട്ടിൽ സ്ഥലംവിടും.
''സൂത്രക്കാരൻ മടിയൻ ബിമ്പൻ
വയ്യാതങ്ങ് കിടന്നീടും
കാട്ടിലെ കൂട്ടർ ഓടിച്ചെന്ന്
തീറ്റയുമായി വന്നീടും!''
ഒരിക്കൽ ബിമ്പനാന പുൽമേട്ടിൽ വന്ന് തളർന്നു കിടക്കുകയായിരുന്നു. അപ്പോഴാണ് കാട്ടിലെ ഡോക്ടർ മക്കു കുരങ്ങൻ അതിലെ വന്നത്. തളർന്നുകിടക്കുന്ന ബിമ്പനെ കണ്ടപ്പോൾ മക്കുവിന് കാര്യം പിടികിട്ടി.
'കുറേനാളായി ബിമ്പൻ ഈ സൂത്രം തുടങ്ങിയിട്ട്. ഇന്നത് ചികിത്സിച്ച് മാറ്റണം!', മക്കു കരുതി. മക്കുഡോക്ടർ ബിമ്പന്റെ അടുത്തുവന്ന് പരിശോധിക്കാൻ തുടങ്ങി. അതുകണ്ട് കാട്ടിലെ മൃഗങ്ങൾ തടിച്ചുകൂടി.
''ബിമ്പനാനയ്ക്ക് ഒരു ഓപ്പറേഷൻ വേണ്ടിവരും!'', മക്കുഡോക്ടർ പറഞ്ഞു. ''അതിനെന്താ? ബിമ്പന്റെ അസുഖം ഒന്ന് മാറിക്കിട്ടിയാൽ മതി!'', മൃഗങ്ങൾ പറഞ്ഞു. മക്കു ബാഗ് തുറന്ന് കത്തിയും സൂചിയുമെല്ലാം പുറത്തെടുത്തു. ഇതെല്ലാം കണ്ട് ബിമ്പൻ പേടിച്ചുവിറച്ചു.
മൃഗങ്ങളെല്ലാവരും ചേർന്ന് അവനെ മലർത്തിക്കിടത്തി. മക്കു ബിമ്പന്റെ നെഞ്ചത്ത് കയറിയിരുന്നു. എന്നിട്ട് ഓപ്പറേഷൻ ചെയ്യാൻ കത്തിയെടുത്തു. ''അയ്യോ! എന്നെ ഓപ്പറേഷൻ ചെയ്യണ്ടേ! എനിക്ക് അസുഖമൊന്നുമില്ലേ!'' ബിമ്പൻ ഉറക്കെ നിലവിളിച്ചുകൊണ്ട് ചാടിയെണീറ്റു. എന്നിട്ട് ജീവനുംകൊണ്ട് ഓടി. ''ഹമ്പട വിരുതാ!'' ഇതെല്ലാം കണ്ട് മൃഗങ്ങൾ മൂക്കത്ത് വിരൽവെച്ചു. ഏതായാലും അന്നുമുതൽ ബിമ്പൻ സൂത്രമൊക്കെ കളഞ്ഞ് തനിയെ തീറ്റതേടാൻ തുടങ്ങി.
Content Highlights: The story of Bimban, a lazy elephant who faked illness to get food