ക്ഷമയുണ്ടെങ്കിലേ ജീവിതത്തിൽ വിജയമുണ്ടാകൂ...കഥ വായിച്ചോളൂ...

വീടിനടുത്തുള്ള പലചരക്കുകടയിൽ പഞ്ചസാര വാങ്ങാൻ വന്നതായിരുന്നു അപ്പുണ്ണിയും അനുജത്തി അമ്മിണിയും. പലചരക്കുകടക്കാരൻ പപ്പു പപ്പടവും പഞ്ചസാരയും കടലാസിൽ പൊതിഞ്ഞ് അപ്പുണ്ണിയുടെ കൈയിൽകൊടുത്തു. കടയിൽനിന്നും തിരികെ പോരാൻ നേരം, മഴ പെയ്തുതുടങ്ങിയിരുന്നു. ഇതുകണ്ട് അമ്മിണി അപ്പുണ്ണിയേട്ടനോട് പറഞ്ഞു:

''അപ്പുണ്ണിയേട്ടാ അപ്പുണ്ണിയേട്ടാ

മഴ പെയ്യുന്നതു കണ്ടില്ലേ?

അല്പംനേരം ക്ഷമിച്ചുനിന്നാൽ

മഴ നനയാതെ പോയീടാം!''

ഇതുവല്ലതുമുണ്ടോ കുസൃതിയായ അപ്പുണ്ണി കേൾക്കുന്നു? ഇടതുകൈയിൽ പഞ്ചസാരപ്പൊതിയും വലതുകൈയിൽ പപ്പടപ്പൊതിയും പിടിച്ചുകൊണ്ട് അപ്പുണ്ണി പോവാനൊരുങ്ങി. പാവം അമ്മിണിക്കുട്ടിയും ഒപ്പം നടന്നു. പെട്ടെന്ന് കനത്ത മഴ പെയ്തുതുടങ്ങി. കയറിനിൽക്കാനൊരു ഇടവുമില്ല. ഇരുവശത്തും പാടമാണ്. ഇനി എന്തുചെയ്യും? ഓടുകതന്നെ. ഇരുവരും ഓടെടാ ഓട്ടം!

വീട്ടിലെത്തിയപ്പോഴേക്കും അപ്പുണ്ണിയും അമ്മിണിയും ആകെ നനഞ്ഞു കുളിച്ചിരുന്നു. പഞ്ചസാര അലിഞ്ഞുപോയി. പപ്പടം നനഞ്ഞു കുഴഞ്ഞുപോയി.

അപ്പുണ്ണിക്കും അമ്മിണിക്കും സങ്കടമായി. അവർ അമ്മയോട് പറഞ്ഞു: ''വലിയ മഴ പെയ്യുന്നതിനുമുൻപ് വീട്ടിലെത്താമെന്ന് കരുതി ഓടിയതാണമ്മേ. പക്ഷേ, പെരുമഴ പെയ്തു!'' അമ്മ സമാധാനിപ്പിച്ചു: ''സാരമില്ല. പോട്ടെ. വേഗം തല നന്നായി തോർത്തി, നനഞ്ഞ കുപ്പായമൊക്കെ മാറി വരൂ! ബാക്കിയുള്ള പഞ്ചസാര കൊണ്ട് നല്ല ആവിപറക്കുന്ന ചുക്കുകാപ്പിയുണ്ടാക്കിത്തരാം! അപ്പോൾ തണുപ്പുമാറും നല്ല സുഖവുമുണ്ടാകും!'' അപ്പുണ്ണിക്കും അമ്മിണിക്കും സന്തോഷമായി.

''നമ്മുടെ അമ്മ പൊന്നമ്മ

സ്നേഹം നൽകും നല്ലമ്മ

ദേഷ്യം കാട്ടാതെന്നെന്നും

സ്നേഹിച്ചീടും മുത്തമ്മ!''

അവർ അമ്മയെ കെട്ടിപ്പിടിച്ചു. അമ്മ രണ്ടുപേർക്കും സ്നേഹത്തോടെ മുത്തം കൊടുത്തു. ''ക്ഷമയുണ്ടെങ്കിലേ ജീവിതത്തിൽ വിജയമുണ്ടാകൂ!'' അമ്മ അപ്പുണ്ണിയെ നോക്കി പറഞ്ഞു. അപ്പുണ്ണി തലകുലുക്കി.

Content Highlights: Engaging Malayalam story for children featuring Appunni and Ammini.