അത്യാഗ്രഹിയായ അനാൻസി അമ്മയുടെ പ്രിയപ്പെട്ട മകനായി മാറിയ കഥ വായിക്കാം

ആഫ്രിക്കയിലെ ഒരു കടൽത്തീരഗ്രാമത്തിൽ അനാൻസി എന്നൊരു ബാലനുണ്ടായിരുന്നു. ഒരിക്കൽ ആ നാട്ടിൽ വലിയൊരു ക്ഷാമമുണ്ടായി. ജനങ്ങളൊക്കെ ഭക്ഷണമില്ലാതെ വലഞ്ഞു.
ഒരു ദിവസം വളരെ സങ്കടപ്പെട്ട് അനാൻസി കടൽത്തീരത്തിരിക്കുമ്പോഴാണ് കടലിൽ വളരെ ദൂരത്തായി ഒരു പച്ചത്തുരുത്ത് കണ്ടത്. അവിടെ തീർച്ചയായും എന്തെങ്കിലും തിന്നാൻ കിട്ടുമെന്ന് അവൻ വിചാരിച്ചു. ഒരു തോണിയിൽ കയറി അവൻ അവിടേക്ക് യാത്രയായി. അവിടെ ഒരു കുടിലിൽ അവനൊരു അപ്പൂപ്പനെ കണ്ടു. അപ്പൂപ്പനോട് അവൻ കാര്യങ്ങളെല്ലാം പറഞ്ഞു. അപ്പൂപ്പൻ എന്തു ചെയ്തെന്നോ? അവന് ഒരു മാന്ത്രികക്കലം സമ്മാനിച്ചു. എന്നിട്ട് പറഞ്ഞു: ''ഈ മാന്ത്രികക്കലത്തെത്തൊട്ട് ഒരു മന്ത്രം ചൊല്ലിയാൽ നമുക്കാവശ്യമുള്ള ഭക്ഷണ സാധനങ്ങൾ അതിൽനിന്നും കിട്ടും!'' അപ്പൂപ്പൻ ആ മന്ത്രവും അവനെ പഠിപ്പിച്ചു.
അപ്പൂപ്പന് നന്ദി പറഞ്ഞ് അനാൻസി കലവുമായി വേഗം തോണിയിൽ കയറി. ആ മന്ത്രം ചൊല്ലി അവൻ വയറുനിറയെ ഭക്ഷണം കഴിച്ചു. അതുമായി വീട്ടിലെത്തിയപ്പോൾ ആ കലത്തിന്റെ മാന്ത്രികശക്തിയെക്കുറിച്ച് അവൻ അമ്മയോടോ സഹോദരങ്ങളോടോ ഒന്നും പറയാതെ രഹസ്യമാക്കിവച്ചു.
ദിവസങ്ങൾ കടന്നുപോയി. അനാൻസിയുടെ അമ്മയും സഹോദരങ്ങളും ആഹാരം തേടി പുറത്തേക്കു പോകുമ്പോൾ അവൻ പറയും: ''എനിക്കു നല്ല സുഖമില്ല. ഞാനിന്ന് വരുന്നില്ല!'' അവർ പോയിക്കഴിയുമ്പോൾ അവൻ കലത്തോട് മന്ത്രം ചൊല്ലി ഉഗ്രൻ സദ്യ അകത്താക്കും.
ദിവസം ചെല്ലുന്തോറും അനാൻസി തടിച്ചുകൊഴുത്തു. ഇതിലെന്തോ രഹസ്യമുണ്ടെന്ന് ഒരു സഹോദരന് സംശയം തോന്നി.
പിറ്റേന്ന് അനാൻസി അറിയാതെ വീട്ടിലൊരിടത്ത് അവൻ ഒളിച്ചിരുന്നു. എല്ലാവരും പുറത്തുപോയി എന്നു കരുതി അനാൻസി കലത്തിൽത്തൊട്ട് മന്ത്രം ചൊല്ലി.
കലം പതിവുപോലെ അവന് ആഹാരം നൽകി. ഇതെല്ലാം കണ്ട് അനിയൻ അദ്ഭുതപ്പെട്ടു. അമ്മ മടങ്ങിവന്നപ്പോൾ കാര്യങ്ങളെല്ലാം അവൻ അമ്മയോട് പറഞ്ഞു. അതു കേട്ടപ്പോൾ മൂത്ത മകൻ ഇത്ര നീചനാണല്ലോയെന്ന് ഓർത്ത് അമ്മ സങ്കടപ്പെട്ടു.
അടുത്ത ദിവസം അമ്മ അനാൻസിയോട് കർശനമായി പറഞ്ഞു: ''ഇന്ന് അനിയന്മാരോടും അനുജത്തിമാരോടുമൊപ്പം നീ തീർച്ചയായും ആഹാരം അന്വേഷിക്കണം. എനിക്ക് നല്ല സുഖമില്ല. അതുകൊണ്ട് ഞാൻ ഇന്ന് ഈ വീട്ടിൽനിന്ന് എങ്ങും പോകുന്നില്ല!'' അവർ പുറത്തുപോയപ്പോൾ അമ്മ മാന്ത്രികക്കലത്തിൽ തൊട്ട് മന്ത്രം ചൊല്ലി ആഹാരം ഉണ്ടാക്കി. അവർക്ക് വലിയ സന്തോഷമായി. മക്കൾ വന്നപ്പോൾ അവർക്ക് വയറുനിറയെ ആഹാരം നൽകി.
ആ അമ്മ പിന്നീട് ആ മാന്ത്രികക്കലവുമായി അങ്ങാടിയിൽച്ചെന്ന് മന്ത്രം ചൊല്ലി നാട്ടുകാർക്കും ഇഷ്ടംപോലെ ആഹാരം നൽകി. അവരെ ആ കലവും ഏല്പിച്ചു. ആ കലം നാട്ടുകാരുടേതായി. ഇതറിഞ്ഞ് അനാൻസിക്ക് അരിശം വന്നു. അപ്പോൾ അവൻ എന്താണ് ചെയ്തതെന്നോ? തോണിയിൽ കയറി ആ തുരുത്തിൽച്ചെന്ന് അപ്പൂപ്പനോട് കാര്യങ്ങളെല്ലാം പറഞ്ഞു. 'ഇവൻ ഒരു ദുരാഗ്രഹിയാണ്. സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവനാണിവൻ', അപ്പൂപ്പന് മനസ്സിലായി.
അപ്പൂപ്പൻ അവനോട് പറഞ്ഞു: ''നിനക്ക് ഞാനൊരു വടി തരാം. അതിനോടും മുൻപ് ചെയ്തതുപോലെ ചെയ്താൽ മതി.'' അനാൻസി വടിയുമായി തോണിയിലേക്കോടി. തോണിയിലിരുന്ന് മന്ത്രം ചൊല്ലിയപ്പോഴല്ലേ രസം! വടി അവനെ അടിയോടടി! പേടിച്ചുപോയ അവൻ വടി കടലിലേക്കെറിഞ്ഞു. അതോടെ അവൻ നല്ലൊരു പാഠം പഠിച്ചു. പിന്നീട് അനാൻസി എന്തു കിട്ടിയാലും അനിയന്മാർക്കും അനിയത്തിമാർക്കും പങ്കുവച്ചുകൊടുക്കും. അതോടെ അവൻ അമ്മയുടെ പ്രിയപ്പെട്ട മകനായി മാറുകയും ചെയ്തു.
Content Highlights: The story of Anansi, a boy who finds a magic pot in a coastal village