കാഴ്ചബംഗ്ലാവിലൂടെ ഫോണുമായി നടന്ന അമ്മിണിക്കുട്ടിക്ക് എന്തുപറ്റിയെന്നോ?

മിടുക്കിക്കുട്ടിയാണ് അമ്മിണിക്കുട്ടി. പക്ഷേ, ഒറ്റക്കുഴപ്പമേയുള്ളൂ. അച്ഛന്റെ മൊബൈൽ ഫോൺ എടുത്ത് കളിക്കലാണ് അവളുടെ പ്രധാന വിനോദം. എത്ര പറഞ്ഞാലും അവൾ അനുസരിക്കില്ല.
ഒരുദിവസം അമ്മയുടെയും അച്ഛന്റെയും ഏട്ടന്റെയുമൊപ്പം കാഴ്ചബംഗ്ലാവ് കാണാനിറങ്ങിയതായിരുന്നു അമ്മിണിക്കുട്ടി. പതിവുപോലെ അച്ഛന്റെ കൈയിൽനിന്നും മൊബൈലും വാങ്ങി അതിൽ കളിക്കുകയായിരുന്നു അവൾ.
പൂക്കളുടെയും പക്ഷികളുടെയും ഫോട്ടോ എടുത്ത്, പരിസരം ശ്രദ്ധിക്കാതെ നടന്ന അമ്മിണിക്കുട്ടിയെ നോക്കി അമ്മ പറഞ്ഞു:
''ദൂരത്തെങ്ങും പോകല്ലേ
കൂട്ടംതെറ്റി നടക്കല്ലേ
കടുവേം പുലിയും ഇവിടുണ്ട്
സൂക്ഷിക്കേണം നാമെല്ലാം!''
പക്ഷേ, അമ്മിണിക്കുട്ടി അമ്മ പറഞ്ഞത് കൂട്ടാക്കാതെ പിന്നെയും ഫോട്ടോകൾ എടുത്തുകൊണ്ട് അങ്ങുമിങ്ങും നടന്നു! അവൾ ചുറ്റുപാടുമുള്ള കൂടുകളിൽ കിടക്കുന്ന മൃഗങ്ങളെ നോക്കി അവയുടെയൊക്കെ ഫോട്ടോ എടുത്തു. ''ഹായ്! എന്തു രസം! സിംഹവാലൻ കുരങ്ങൻ, പമ്മി നടക്കുന്ന കറുത്ത കുപ്പായക്കാരൻ കരടി, പലതരം തത്തകൾ, വാലാട്ടിപ്പക്ഷി. ഹായ്!''അവൾ തനിച്ച് എല്ലാ കൂടുകളുടെയും ഏറ്റവുമടുത്ത് പോയിനിന്ന് മൊബൈലിൽ ഫോട്ടോയെടുത്തു.
വൈകാതെ അമ്മിണി സിംഹത്തിന്റെ കൂടിനടുത്തെത്തി. അവിടെയതാ സിംഹം ഉറങ്ങുന്നു. അവൾ സിംഹത്തിന്റെ ഫോട്ടോയുമെടുത്തു. പെട്ടെന്ന് ഉറക്കമുണർന്ന സിംഹം കൂട്ടിനുള്ളിൽ കിടന്ന് ഉറക്കെ ഗർജിച്ചു. ഗ്ര്... ഗ്ര്ർർ... ഗ്ര്ർർർ... എന്നിട്ട് കൂടിന്റെ ഇടയിലൂടെ അമ്മിണിക്കുട്ടിയെ പിടികൂടാൻ നോക്കി.
അമ്മിണിക്കുട്ടി ഞെട്ടിവിറച്ചുപോയി! അവൾ പേടിച്ച് നിലവിളിച്ചു. ''അയ്യോ! ഓടിവരണേ!'' ആൾക്കാരെല്ലാവരും ഓടിവന്നു. അച്ഛനും അമ്മയും പാഞ്ഞെത്തി. അവർ അമ്മിണിക്കുട്ടിയെ വാരിയെടുത്തു. ''അമ്മ പറഞ്ഞത് കേൾക്കാഞ്ഞിട്ടല്ലേ ഇങ്ങനെ പറ്റിയത്!,'' അമ്മ അമ്മിണിക്കുട്ടിയെ സമാധാനിപ്പിച്ചു.
'മൊബൈൽ ഫോണിൽ കളിച്ചു നടന്നതുകൊണ്ടാ ഇങ്ങനെയൊക്കെ സംഭവിച്ചത്!,' അവൾക്ക് മനസ്സിലായി. പിന്നീട് അമ്മിണിക്കുട്ടി ഒരിക്കലും അമ്മ പറഞ്ഞത് അനുസരിക്കാതിരുന്നിട്ടില്ല. മാത്രമല്ല, അനാവശ്യമായി മൊബൈൽ ഫോണിൽ കളിക്കുന്നതും അവൾ നിർത്തി. അതിനെപ്പറ്റി ചോദിച്ചാൽ അമ്മിണിക്കുട്ടി പറയും:
''അമ്മ പറഞ്ഞത് കേൾക്കേണം
നല്ലവളായി വളരേണം
മൊബൈൽ ഫോണിൽ കളിവേണ്ട
ആരോഗ്യത്തിന് നന്നല്ല!''
Content Highlights: An engaging Malayalam moral story for children., Teaches the importance of listening to parents and elders., Highlights the potential dangers of excessive mobile phone use for kids., Features a memorable zoo adventure with animals like lions and monkeys.