പെരിയ അടിപ്പാത തകര്‍ച്ച പരിശോധിക്കാന്‍ NIT സംഘമെത്തി, രേഖകള്‍ ശേഖരിച്ചു;റിപ്പോര്‍ട്ട് 2 ദിവസത്തിനകം

നിര്‍മാണത്തിനിടെ തകര്‍ന്ന പെരിയയിലെ അടിപ്പാത സൂറത്കല്‍ എന്‍.ഐ.ടി.യില്‍നിന്നുള്ള വിദഗ്ധര്‍ സന്ദര്‍ശിച്ചപ്പോള്‍ | ഫോട്ടോ : മാതൃഭൂമി
നിര്‍മാണത്തിനിടെ തകര്‍ന്ന പെരിയയിലെ അടിപ്പാത സൂറത്കല്‍ എന്‍.ഐ.ടി.യില്‍നിന്നുള്ള വിദഗ്ധര്‍ സന്ദര്‍ശിച്ചപ്പോള്‍ | ഫോട്ടോ : മാതൃഭൂമി

പെരിയ: നിര്‍മാണത്തിനിടെ ദേശീയപാതയിലെ അടിപ്പാതയുടെ മേല്‍പ്പാളി തകര്‍ന്നത് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സൂറത്കല്‍ എന്‍.ഐ.ടി. വിദഗ്ധരെത്തി. ചൊവ്വാഴ്ച രാവിലെ ഒന്‍പതോടെയാണ് എന്‍.ഐ.ടി. അധ്യാപകരായ ബാബു നാരായണന്‍, ബി.എം.സുനില്‍, ശ്രീവത്സ കൊളത്തായര്‍, എ.എസ്.ബാലു, ജി.എസ്.പവന്‍ എന്നിവരെത്തിയത്. അടിപ്പാത നിര്‍മിക്കുന്ന സ്ഥലവും പരിസരവും അരമണിക്കൂറോളം ചുറ്റിക്കണ്ട സംഘം പദ്ധതിക്ക് നേതൃത്വം നല്‍കുന്നവരില്‍നിന്ന് മൊഴിയെടുത്തു.

അടിപ്പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിച്ചു. കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ബുധനാഴ്ച സംഘം എന്‍.ഐ.ടി.യില്‍ പ്രത്യേക യോഗം ചേരും. അതിനുശേഷം ദേശീയപാത അതോറിറ്റിക്ക് (എന്‍.എച്ച്.എ.ഐ.) റിപ്പോര്‍ട്ട് കൈമാറുമെന്ന് സംഘാംഗമായ ബാബു നാരായണന്‍ പറഞ്ഞു.

ദേശീയപാതയിലെ സമാനമായ നിര്‍മിതികളുടെ രേഖകളും സംഘം ശേഖരിച്ചു. പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന മാര്‍ഗരേഖ വിലയിരുത്തി പെരിയയിലെ പിഴവ് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാമെന്നും മറ്റൊരു സംഘാംഗം പറഞ്ഞു. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രോജക്ട് ഡയറക്ടര്‍ പുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് പെരിയയില്‍ അടിപ്പാതയുടെ മേല്‍പ്പാളി തകര്‍ന്നത്. സംഭവത്തില്‍ മൂന്ന് മറുനാടന്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.

Content Highlights: periya underconstruction bridge damage, nit team to check