അശാസ്ത്രീയമായ ഓവുചാൽ നിർമാണം: പെരിയ ടൗൺ വെള്ളത്തിലാകുമെന്ന് നാട്ടുകാർ

പെരിയ : ദേശീയപാാത വികസനത്തിന്റെ ഭാഗമായി പെരിയ ടൗണിലെ ഓവുചാലിന്റെ നിർമാണം പൂർത്തിയാകുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുമെന്ന ആശങ്ക അറിയിച്ച് വ്യാപാരികളും നാട്ടുകാരും. ദേശീയപാതയിലേക്ക് എത്തിച്ചേരുന്ന ഒടയംചാൽ പെരിയറോഡിൽനിന്ന് കുത്തനെ ഒഴുകിവരുന്ന വെള്ളം സർവീസ് റോഡിന്റെ ഓവുചാലിലേക്ക് ബന്ധിപ്പിക്കാത്തതിനെച്ചൊല്ലിയാണ് പരാതി ഉയരുന്നത്.
മുൻപ് ഒടയംചാൽ പെരിയ റോഡരികിൽ കൊരുപ്പുകട്ടപാകി മനോഹരമാക്കിയപ്പോൾ ഓവുചാൽ നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായില്ല. രണ്ടുവർഷമായി പെരിയ കുടുംബക്ഷേമകേന്ദ്രം മുതൽ ഒഴുകിയെത്തുന്ന മഴവെള്ളം പെരിയ ടൗണിനെ പ്രളയസമാനമാക്കുകയാണ് പതിവ്.
അപ്പോഴെല്ലാം സർവീസ് റോഡിന്റെ ഓവുചാൽ പൂർത്തിയാക്കുമ്പോൾ പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഇവിടെ ഓവുചാൽ പൂർത്തീകരിക്കുമ്പോൾ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ നടപടിയില്ലാത്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
വിവരമറിഞ്ഞ് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.വി. മിനി, പഞ്ചായത്തംഗങ്ങളായ ഉഷ എൻ. നായർ, സി. ശോഭന, എ. വേണു, രതീഷ് കാട്ടുമാടം, സി. കൃഷ്ണകുമാർ, കെ. ബിന്ദു, എം. രേഖ എന്നിവരും സ്ഥലത്തെത്തി. നാട്ടുകാരുമായി ചർച്ച നടത്തി. നാട്ടുകാരുടെ ആശങ്ക പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി.കെ. സബിത മേഘ കമ്പനിയുടെ ലെയ്‌സൻ ഓഫീസർ മാധവന്റെ ശ്രദ്ധയിൽപ്പെടുത്തി ദേശീയപാതാ വികസനത്തിൽ പൊയിനാച്ചി ടൗണിൽ ബന്തടുക്ക റോഡിനെ താഴ്ത്തിയെടുത്ത് ഓവുചാൽ ബന്ധിപ്പിച്ച പോലെ ഇവിടെ പ്രാവർത്തികമാക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.