ഓവുചാലിന് മുകളിലെ ഗ്രില്ലിൽ കമ്പികളിട്ട്‌ സുരക്ഷിതമാക്കി

​പള്ളിക്കര : ഓവുചാലിന് മുകളിൽ ഉറപ്പിച്ചിട്ടുള്ള ഇരുമ്പുഗ്രില്ലിന്റെ ഇളകിപ്പോയ കമ്പികൾ പുനഃസ്ഥാപിച്ചു. ഓവുചാലിനുമുകളിലെ ഗ്രില്ലിന്റെ ഇരുമ്പഴികൾ ഇളകിപ്പോയ വിടവിൽ കാൽകുടുങ്ങി വയോധിക അപകടത്തിൽപ്പട്ടത്‌ കഴിഞ്ഞമാസം 22-ന് ‘മാതൃഭൂമി’ വാർത്തയാക്കിയിരുന്നു.

ബേക്കൽ ഹദാദ്ദ്‌നിന്ന്‌ ബിലാൽനഗറിലേക്ക് പോകുന്ന ഹസ്സൻബസാർ റോഡിന്റെ ഓവുചാലിന് മുകളിൽ ഉറപ്പിച്ചിട്ടുള്ള ഗ്രില്ലുകളുടെ ഇരുമ്പുകമ്പികൾ ഇളകി നഷ്ടപ്പെട്ടത് നിരന്തരം അപകടമുണ്ടാക്കിയിരുന്നു.

2025 ജൂലായ്‌ 11-നാണ് ഈ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തത്‌. ഹാർബർ എൻജിനിയറിങ് വിഭാഗമാണ് ജോലികൾ ചെയ്യിപ്പിച്ചത്. ഒരുവർഷം പിന്നിട്ടപ്പോഴേക്കും ഗ്രില്ലുകളുടെ കമ്പികൾ വെൽഡിങ് ഇളകി താഴെവീഴുകയായിരുന്നു. ചില വിടവുകൾക്ക് കുട്ടികൾ വീണുപോകുന്നത്ര വലുപ്പമുണ്ടായിരുന്നു.

ഇതെല്ലാം വിവരിച്ചുള്ള ‘മാതൃഭൂമി’ വാർത്തയെത്തുടർന്ന് ബന്ധപ്പെട്ടവർ ഗ്രില്ല് നന്നാക്കുകയായിരുന്നു.

റോഡിന് വീതികുറവായത് മൂലം ഓവുചാലും റോഡും ഒരേനിരപ്പിൽ നിർമിച്ചശേഷം ഓവുചാലിന്റെ മുകൾഭാഗം റോഡുനിരപ്പിൽ കോൺക്രീറ്റാക്കി വെള്ളം ഓവുചാലിലേക്ക് ഒഴുകിച്ചേരാൻ ഇടവിട്ട് ഇരുമ്പ് ഗ്രില്ലും സ്ഥാപിച്ചാണ് ഉദ്ഘാടനം നടത്തിയത്.

കമ്പികൾ വെൽഡ്‌ചെയ്ത് ഗ്രില്ല് സുരക്ഷിതമാക്കിയോടെ മുൻപ്‌ അപകടം ഒഴിവാക്കാൻ നാട്ടുകാർ ഈ സ്ഥലങ്ങൾ അടച്ചിരുന്ന പലകകൾ നീക്കം ചെയ്തു.