സഅദിയ്യയിൽ ആണ്ട് നേർച്ച സനദ് ദാനത്തിന് ഇന്ന് കൊടിയേറും

ദേളി : ജാമിഅസഅദിയ്യ അറബിയ്യയ്ക്ക് നേതൃത്വം നൽകിയ താജുൽ ഉലമ, അബ്ദുൾ റഹ്മാൻ അൽബുഖാരി ഉള്ളാൾ തങ്ങളുടെയും നൂറുൽ ഉലമ എം.എ. അബ്ദുൾ ഖാദിർ മുസ്‌ലിയാരുടെയും ആണ്ട് നേർച്ച സനദ് ദാനത്തിന് ശനിയാഴ്ച കൊടിയേറും. സനദ് ദാനത്തിന്റെ മുന്നോടിയായി എട്ടിക്കുളം താജുൽ ഉലമ മഖ്ബറ സിയാറത്തിന് സയ്യിദ് ജുനൈദ് അൽബുഖാരി തങ്ങൾ നേതൃത്വം നൽകി.
പഠനം പൂർത്തിയാക്കിയ 178 വിദ്യാർഥികൾക്ക് സഅദി ബിരുദവും 43 വിദ്യാർഥികൾക്ക് അഫ്‌സലി ബരുദവും വിശുദ്ദ ഖുർആൻ മനഃപാഠമാക്കിയ 20 വിദ്യാർഥികൾക്ക് ഹാഫിള് ബിരുദവും നൽകും.
രാവിലെ 9.30-ന് ജലാലിയ്യ ഓഡിറ്റോറിയത്തിൽ നടക്കുന്ന കുടുംബ വേദിയിൽ ജലാലുദ്ദീൻ അൽഹാദി തങ്ങൾ പ്രാർഥന നടത്തും. എം.എ. അബ്ദുൾ വഹാബ് ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ട്രഷറർ ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കും. ഞായറാഴ്ച രാവിലെ ആറിന് സഅദിയ്യ ഗ്രാന്റ് മസ്ജിദിൽ മുഹിയുദ്ദീൻ റാത്തീബ് നടക്കും.മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നൽകും. 10-ന് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പൂർവവിദ്യാർഥിസംഗമം പ്രസിഡന്റ് കെ.എസ്. ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഹാജി അബ്ദുള്ള ഹുസൈൻ അധ്യക്ഷത വഹിക്കും. 11-ന് സ്ഥാന വസ്ത്രവിതരണം അതാവുള്ളാ തങ്ങളുടെ പ്രാർഥനയോടെ ആരംഭിക്കും. ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി സ്ഥാന വസ്ത്ര വിതരണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന അനുസ്മരണ സനദ് ദാന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. കെ.എസ്. ആറ്റക്കോയതങ്ങൾ അധ്യക്ഷത വഹിക്കും.