ശങ്കരനാരായണ ഭട്ടിന്റെ വീട്ടിൽനിന്ന്‌ കൃഷിയിടത്തിലേക്ക്‌ ടില്ലർ പോയിരുന്നു, തുരങ്കപാതയിലൂടെ

#ഉണ്ണികൃഷ്ണൻ പുറച്ചേരി

ബദിയഡുക്ക: തുരങ്കപാതയിലൂടെ അഞ്ച് കുതിരശക്തിയുടെ പവർടില്ലർ ഓടിച്ച കൃഷിക്കാരനാണ് കാസർകോട് ബദിയഡുക്ക പെരുമുണ്ടയിലെ പി.ശങ്കരനാരായണ ഭട്ട്. വീടിനും കൃഷിയിടത്തിനുമിടയിൽ തടസ്സമായിനിന്ന വലിയ കുന്നിനെ മറി കടക്കാൻ 41 കൊല്ലം മുമ്പ് നിർമിച്ച തുരങ്കപാത ഇപ്പോഴും ഒരു തകർച്ചയുമില്ലാതെ നിൽക്കുന്നത് വിസ്മയക്കാഴ്ചയാണ്. ശങ്കരനാരായണ ഭട്ടിന്റെ പുരയിടത്തിൽനിന്ന് കൃഷിയിടത്തിലേക്കുള്ളതാണ് ഈ പാത.

54 മീറ്റർ നീളവും രണ്ടരമീറ്റർ ഉയരവും ഒന്നരമീറ്റർ വീതിയുമുള്ള തുരങ്ക പാത നിർമിച്ചത് 1985-ലാണ്. തുരങ്കം നിർമിച്ച കുന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ളതായതിനാൽ മറ്റു തടസ്സങ്ങളൊന്നുമുണ്ടായില്ല. 71-ാം വയസ്സിലും ആവേശത്തോടെ കൃഷിയിൽ മുഴുകി ജീവിക്കുന്ന ശങ്കരനാരായണ ഭട്ടിന് ഇതൊന്നും വലിയ കാര്യമല്ലെന്ന മട്ടാണ്.

മൈസൂർ സർവകലാശാലയിൽനിന്ന്‌ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം നേടി അച്ഛൻ കേശവ ഭട്ടിനൊപ്പം കൃഷിയിലേക്കിറങ്ങിയപ്പോഴാണ് വീടിനും കൃഷിയിടത്തിനുമിടയിലെ വലിയ കുന്ന് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ബോധ്യമായത്. വീട്ടിൽനിന്ന്‌ 300 മീറ്റർ ദൂരം മുകളിലോട്ട് കയറി അത്രതന്നെ താഴോട്ടിറങ്ങിയാലേ പത്തേക്കറിലധികം വരുന്ന തോട്ടത്തിലെത്താൻ കഴിയൂ. അപ്പോഴാണ് കുടിവെള്ളത്തിനായി കാസർകോട്ടുകാർ ധാരാളമായി ആശ്രയിക്കുന്ന തുരങ്കം (സുരങ്ക) യാത്രാദൂരം കുറയ്ക്കാനുപയോഗിക്കാമെന്ന ചിന്ത മനസ്സിലുദിച്ചത്.

തുരങ്കനിർമാണത്തിൽ വിദഗ്ധനായ തിമ്മപ്പ നായ്ക്കിന്റെയും മറ്റു രണ്ട് ജോലിക്കാരുടെയും സഹായത്തോടെ 22 ദിവസംകൊണ്ട് മല തുരന്ന് മറുഭാഗത്തെത്തി. പിന്നീട് പലപ്പോഴായി ഉയരവും മറ്റും കൂട്ടി ചെറിയ ചില പണികൾ ചെയ്തു.

സാങ്കേതികവിദ്യയുടെ സഹായമൊന്നുമില്ലാതെ അനുഭവത്തിന്റെ കരുത്തിൽ ലക്ഷ്യം തെറ്റാതെ മലതുരന്നതും മറ്റും ഓർക്കുമ്പോൾ ഇന്നും വിസ്മയമാണ്. 30 വർഷക്കാലം ഈ തുരങ്കപാതയിലൂടെയാണ് ഇവർ കൃഷിസ്ഥലത്തേക്ക് പോയതും വളവും കാർഷികോത്പന്നങ്ങളും കടത്തിയതും. 20 മിനുട്ട് കുന്ന്‌ കയറിയിറങ്ങേണ്ടതിനുപകരം മൂന്നുമിനുട്ടുകൊണ്ട് കൃഷിസ്ഥലത്തെത്താൻ ഈ പാത സഹായിച്ചു.

കുന്നിലൂടെ റോഡ് നിർമിച്ചതിനാൽ 2015-നുശേഷം ഈ തുരങ്കപാത കൂടുതലായി ഉപയോഗിക്കുന്നില്ല. ഭാര്യ പാർവതി കൃഷിപ്പണികളിൽ ശങ്കരനാരായണ ഭട്ടിനു താങ്ങായി കൂടെയുണ്ട്. മക്കളായ അഞ്ജനയും അഭിരാമും ബെംഗളൂരുവിലാണെങ്കിലും നാട്ടിലെത്തിയാൽ കൃഷിയിടത്തിൽ സഹായിക്കും. ഇരുപതിലധികം കാസർകോട് കുള്ളൻപശുക്കളുടെ പരിപാലനവും കൃഷിപ്പണിയുമെല്ലാമായി ദിവസവും തിരക്കിലാണ് ശങ്കരനാരായണ ഭട്ട്.