സംസ്ഥാന സ്കൂൾ ഗ്രൂപ്പ് രണ്ട് ഗെയിംസ് കബഡിയിൽ കാസർകോട് ചാമ്പ്യൻമാർ

തൃക്കരിപ്പൂർ : സംസ്ഥാന സ്കൂൾ ഗ്രൂപ്പ് രണ്ട് ഗെയിംസിൽ കബഡിയിൽ ആതിഥേയരായ കാസർകോട് ചാമ്പ്യൻമാരായി. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ 30 പോയിൻറുമായാണ് കാസർകോടിന്റെ നേട്ടം. മൂന്ന് സ്വർണമാണ് കാസർകോട് നേടിയത്. 22 പോയിൻറുമായി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ഒരു സ്വർണവും രണ്ട് വെള്ളിയുമാണ് കോഴിക്കോട് നേടിയത്. 22 പോയിൻറുമായി മൂന്നാമതെത്തിയ തൃശ്ശൂർ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി.
സെപക്‌താക്രോയിൽ പാലക്കാടാണ് ചാമ്പ്യൻമാർ. തൃശ്ശൂർ രണ്ടാം സ്ഥാനവും എറണാകുളം മൂന്നാം സ്ഥാനവും നേടി. ടെന്നിക്കോയിയിൽ കോഴിക്കോടാണ് ചാമ്പ്യൻമാർ. ആതിഥേയരായ കാസർകോടാണ് രണ്ടാം സ്ഥാനത്ത്. കൊല്ലത്തിനാണ് മൂന്നാം സ്ഥാനം.
ഞായറാഴ്ച നടന്ന സീനിയർവിഭാഗം ആൺകുട്ടികളുടെ കബഡിയിൽ ആതിഥേയരായ കാസർകോട് ചാമ്പ്യൻമാരായി. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം. സീനിയർ വിഭാഗം പെൺകുട്ടികളുടെ കബഡിയിൽ തൃശ്ശൂരാണ് ചാമ്പ്യൻമാർ. കോഴിക്കോടിനാണ് രണ്ടാം സ്ഥാനം.
തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും സന്ദീപ് വാരിയർ എം.എൽ.എ. നിർവഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള അധ്യക്ഷയായി. തൃക്കരിപ്പൂർ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ടി.എസ്. നജീബ്, ബ്ലോക്ക് പഞ്ചായത്തംഗം എം.ടി.പി. ഷാഹിന, പഞ്ചായത്തംഗങ്ങളായ കെ. പദ്മനാഭൻ, കെ.യു. രാമദാസ്, എം. രാജേഷ്, സംസ്ഥാന സ്പോർട്സ് ഓർഗനൈസർ അജിത്ത് വർഗീസ്, അസി. സ്പോർട്സ് ഓർഗനൈസർ കുഞ്ഞു മുഹമ്മദ്, സെറിമണി കമ്മിറ്റി ചെയർമാൻ പി. ശശിധരൻ, തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഡോ. രൂപേഷ് മെർവിൻ, റവന്യൂ ജില്ലാ സ്പോർട്സ് ഗെയിംസ് അസോസിയേഷൻ സെക്രട്ടറി കെ.വി. ബിജു എന്നിവർ സംസാരിച്ചു.