അധ്യാപകർക്ക് പച്ചത്തണലുമായി സീഡ് വിദ്യാർഥികൾ

ഉദിനൂർ : പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിന്റെ വേറിട്ട മുഖമായ ഉദിനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ 'മാതൃഭൂമി' സീഡ് അധ്യാപകദിനത്തിൽ അധ്യാപകർക്ക് പച്ചത്തണലൊരുക്കുകയാണ്. അറിവിന്റെ വെളിച്ചം പകരുന്ന സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പ്രത്യേകം തയ്യാറാക്കിയ അത്യുത്‌പാദന ശേഷിയുള്ള പീനട്ട് ബട്ടർതൈയും ഒപ്പം സ്കൂൾ മാന്തോട്ടത്തിലെ മാവിൻതൈയുമാണ് കുട്ടികൾ കൈമാറിയത്. മണ്ണിലും മനസ്സിലും തണലൊരുക്കാൻ അധ്യാപകദിനം സഹായകമാകട്ടെ എന്നാണ് സീഡ് പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. സ്കൂൾ പ്രിൻസിപ്പൽ പി.വി. ലീന, പ്രഥമാധ്യാപകൻ കെ. സുരേഷ്, വി. ഷീബ, സായി വീണ, സ്റ്റാഫ് സെക്രട്ടറി ഇ.വി. മനോജ്, എസ്.ആർ.ജി. കൺവീനർ രൂപ മനിയേരി, സീനിയർ അസിസ്റ്റന്റ് അനിൽകുമാർ എന്നിവർ പങ്കെടുത്തു.