കുരുന്നുകൈകളിൽ വിരിഞ്ഞു ഗാന്ധിസ്മൃതിയും ഗാന്ധിസന്ദേശങ്ങളും

നീലേശ്വരം : ഗാന്ധിജയന്തിയോടനുബന്ധിച്ച് രാഷ്ട്രപിതാവിന് വേറിട്ട ആദരമൊരുക്കി തൈക്കടപ്പുറം വേണുഗോപാൽ മെമ്മോറിയൽ എ.എൽ.പി. സ്കൂൾ. സ്കൂളിലെ 55 കുരുന്നുകളാണ് ബാപ്പുജി @ 55: കുരുന്നുകൈകളിൽ വിരിയുന്ന ഗാന്ധിസ്മൃതി എന്ന ഗാന്ധിസന്ദേശ മായാജാലം ഒരുക്കിയത്. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിക്കാനായി മായാജാല പ്രകടനം റെക്കോഡ് ടീമിനും കൈമാറുമെന്ന് സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു. പൂർണനിശ്ശബ്ദതയിൽ ഒരൊറ്റ വിസിൽ ഉയർന്നപ്പോൾ ഒരേസമയം ബാപ്പുജിയുടെ 55 വ്യത്യസ്തഭാവങ്ങളിലുള്ള ചിത്രങ്ങൾ ഉയർത്തിപ്പിടിക്കുകയും ഗാന്ധിമാർഗം, സ്നേഹമാർഗം, നന്മപൂക്കും ശാന്തിമാർഗം എന്ന ശാന്തിസന്ദേശം ഒരേസ്വരത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.
തുടർന്ന് കൃത്യമായ സമയക്രമം പാലിച്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ച് മായാജാലം പൂർത്തിയാക്കി. പ്രശസ്ത മജിഷ്യനും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധിയുമായ സുധീർ മാടക്കത്തിന്റെ നേതൃത്വത്തിലായിരുന്നു ഇത്. സ്കൂൾ പ്രഥമാധ്യാപിക പി.രജിത അധ്യക്ഷയായി. നീലേശ്വരം നഗരസഭ കൗൺസിലർമാരായ ടി.പി.ബീന, കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. പരിപാടിയിൽ പങ്കെടുത്ത കുരുന്നുകളെ സ്കൂൾ പി.ടി.എ., സ്റ്റാഫ് കൗൺസിൽ, സ്വാഗതസംഘം എന്നിവരുടെ നേതൃത്വത്തിൽ അനുമോദിച്ചു.