കറുത്തമ്പു വെളിച്ചപ്പാടൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തി

പിലിക്കോട് : അരനൂറ്റാണ്ട് കാലം കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ വിഷ്ണുമൂർത്തിയുടെ ദേവനർത്തകനായിരുന്ന മീത്തലെപ്പുരയിൽ കറുത്തമ്പു വെളിച്ചപ്പാടന്റെ 10-ാം ചരമവാർഷിക ദിനാചരണ ഭാഗമായി അനുസ്മരണ സമ്മേളനവും ദേവനർത്തക കർമശ്രേഷ്ഠ പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു.
കരക്കക്കാവ് ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം ഫോക്ലോർ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കരക്കക്കാവ് ഭഗവതി ക്ഷേത്രം ആചാരസ്ഥാനികർ ദീപം തെളിച്ചു.
കറുത്തമ്പു വെളിച്ചപ്പാടന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ദേവനർത്തക കർമശ്രേഷ്ഠ പുരസ്കാരം പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രത്തിലെ വിഷ്ണുമൂർത്തിയുടെ നർത്തകൻ ഞാണിക്കോടൻ അപ്പു കോമരം, പടന്ന മുണ്ട്യയിലെ വിഷ്ണുമൂർത്തിയുടെ നർത്തകൻ കൊവ്വൽവീട്ടിൽ കണ്ണൻ വെളിച്ചപ്പാടൻ എന്നിവർക്ക് ഉത്തരമലബാർ ക്ഷേത്രസംരക്ഷണ സമിതി ചെയർമാൻ രാജൻ പെരിയ സമർപ്പിച്ചു.
അനുസ്മരണസമിതി ചെയർമാൻ സി.കെ.രഘുനാഥ് അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മുൻ ഏരിയാ ചെയർമാൻ ഡോ. സി.കെ.നാരായണ പണിക്കർ അനുസ്മരണ പ്രഭാഷണവും മുൻ അംഗം എം.വി.തമ്പാൻ പണിക്കർ ആദരപ്രഭാഷണവും നടത്തി. കെ.വി.ശശി പ്രവർത്തിക്കാർ, കെ.നാരായണൻ പ്രവർത്തിക്കാർ, കെ.വി.വിജയൻ, എം.കൃഷ്ണൻ, യു.കെ.തമ്പാൻ പണിക്കർ എന്നിവർ സംസാരിച്ചു.
തുടർന്ന് കരക്കക്കാവ് ഭഗവതിക്ഷേത്ര പൂരക്കളി സംഘം പൂരക്കളിയും വി.വിശ്വനാഥൻ പണിക്കരും വി.എം.ഷാജി പണിക്കരും നാടക ആട്ടവും അവതരിപ്പിച്ചു. വിവിധ ക്ഷേത്രങ്ങളിലെ ആചാരസ്ഥാനികർ ചടങ്ങിൽ പങ്കെടുത്തു.
കൊടക്കാട് കൾച്ചറൽ വില്ലേജ് യാഥാർഥ്യമാക്കും
കൊടക്കാട് കളത്തേരയിൽ കൾച്ചറൽ വില്ലേജ് സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി 2027-ന്റെ പിറവിയിൽ തുടക്കം കുറിക്കുമെന്ന് ഫോക്ലോർ അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാർ പറഞ്ഞു. 2005-ൽ അക്കാദമി സെക്രട്ടറിയായിരുന്ന കാലത്താണ് പദ്ധതിയുടെ ആലോചനയും മറ്റും നടന്നത്. അഞ്ച് കോടി രൂപ ബജറ്റിൽ നീക്കിവെച്ച പദ്ധതിയാണിത്. തെയ്യം കലാകാരൻ നർത്തകരത്നം കണ്ണൻ പെരുവണ്ണാന്റെ സ്മരണയ്ക്ക് ഉചിതമായ സ്മാരകം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.