കളക്ടറേറ്റ് വളപ്പിന് പുതിയ മുഖം വേണം

#പി.കെ. വിനോദ് കുമാർ

വിദ്യാനഗർ: കളക്ടറേറ്റ് വളപ്പിൽ ആറുവർഷം മുൻപ് സ്ഥാപിച്ച തുറന്ന ജിം ഇതിനകം നിരവധി പേർക്ക് ആരോഗ്യസംരക്ഷണത്തിന്റെ ഇടമായി മാറിക്കഴിഞ്ഞു. ദിവസവും നിരവധി പേർ എത്തുന്ന ഇവിടത്തെ തുറന്ന ജിം വിപുലീകരിക്കുകയും പരിസരത്തെ ഉപയോഗശൂന്യമായ സ്ഥലത്ത് പൂന്തോട്ടവും സായാഹ്ന വിശ്രമകേന്ദ്രവും ഒരുക്കുകയും ചെയ്താൽ കളക്ടറേറ്റ് വളപ്പിന് നഗരത്തിന്റെ തന്നെ പുതിയൊരു മുഖമായി മാറാനാകും.

നഗരത്തിന്റെ തിരക്കുകളിൽനിന്ന് അല്പനേരം മാറി ശുദ്ധവായു ശ്വസിക്കാനും ശരീരത്തിന് വ്യായാമം നൽകാനും മനസ്സിന് ആശ്വാസം കണ്ടെത്താനും ഒരിടം. ജീവിതശൈലീരോഗങ്ങൾ പിടിമുറുക്കുന്ന കാലത്ത് ഇത്തരമൊരു പൊതുഇടത്തിന്റെ പ്രസക്തി ചെറുതല്ല.

ആരോഗ്യസംരക്ഷണത്തിനായി വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീരോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ചിട്ടയായ വ്യായാമത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നിരവധിപേരാണ് രാവിലെയും വൈകിട്ടും വ്യായാമത്തിനായി സമയം കണ്ടെത്തുന്നത്.

ഇതിനുള്ള സൗകര്യം സൗജന്യമായി ലഭിക്കുന്ന കളക്ടറേറ്റിലെ തുറന്ന ജിം വിദ്യാനഗറിലും സമീപപ്രദേശങ്ങളിലുമുള്ളവർക്ക് ഏറെ പ്രയോജനകരമാണ്.

ഡോ. ഡി. സജിത്ത് ബാബു കളക്ടറായിരിക്കെ ആറുവർഷം മുൻപ് ആയുഷ് വകുപ്പിൽനിന്നുള്ള അഞ്ച് ലക്ഷം രൂപ ചെലവിൽ സ്ഥാപിക്കുകയും പിന്നീട് വിപുലീകരിക്കുകയും ചെയ്ത തുറന്ന ജിമ്മിൽ സ്ത്രീകളടക്കം നിരവധി പേരാണ് പതിവായി എത്തുന്നത്.

പ്രായഭേദമന്യേ എല്ലാവർക്കും ഉപയോഗപ്പെടുത്താവുന്ന രീതിയിലുള്ള തുറന്ന വ്യായാമകേന്ദ്രമെന്ന നിലയിൽ ഇതിന് വലിയ സ്വീകാര്യതയുണ്ട്. സ്വകാര്യ ജിമ്മുകളിൽ അംഗത്വമെടുക്കുന്നതിനുള്ള ചെലവോ യാത്രാക്ലേശമോ ഇല്ലാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ കഴിയുന്നുണ്ട്. ആറുവർഷം പിന്നിട്ടിട്ടും ജിമ്മിന്റെ സൗകര്യങ്ങൾ വിപുലീകരിക്കാനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമുണ്ട്. നിലവിലുള്ള ഉപകരണങ്ങൾക്കൊപ്പം കൂടുതൽ ആധുനിക വ്യായാമ ഉപകരണങ്ങൾ കൂടി സ്ഥാപിക്കണം. വ്യത്യസ്ത പ്രായക്കാർക്കും ശാരീരികക്ഷമതയ്ക്കും അനുയോജ്യമായ ഉപകരണങ്ങൾ ഉൾപ്പെടുത്തി ജിമ്മിനെ നവീകരിക്കണം.

വ്യായാമത്തിനെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. സുരക്ഷിതമായ അന്തരീക്ഷവും പരിപാലനവും ഉറപ്പാക്കിയാൽ കൂടുതൽ പേർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനാകും.

കുറ്റിക്കാടുകൾക്ക് പകരം പൂന്തോട്ടം :കളക്ടറേറ്റിന് മുന്നിലെയും പിറകുഭാഗത്തെയും വിശാലമായ സ്ഥലം ഉപയോഗപ്പെടുത്താതെ കുറ്റിക്കാടുകൾ വളർന്നുകിടക്കുകയാണ്. നഗരമധ്യത്തിൽ ഇത്രയും സൗകര്യപ്രദമായ ഒരിടം ഉണ്ടായിട്ടും പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ വികസിപ്പിച്ചിട്ടില്ല.

സ്ഥലം ശാസ്ത്രീയമായി വികസിപ്പിച്ച് മനോഹരമായൊരു പൂന്തോട്ടമാക്കി മാറ്റിയാൽ കളക്ടറേറ്റ് പരിസരത്തിന്റെ കാഴ്ച തന്നെ മാറും. പുൽത്തകിടികളും നടപ്പാതകളും ഇരിപ്പിടങ്ങളും സ്ഥാപിക്കാം. വൈകുന്നേരങ്ങളിൽ കുടുംബസമേതം എത്തുന്നവർക്ക് വിശ്രമിക്കാനും മുതിർന്ന പൗരന്മാർക്ക് സുഹൃത്തുക്കളുമായി അല്പനേരം ചെലവഴിക്കാനും കഴിയുന്ന രീതിയിൽ സ്ഥലം ക്രമീകരിക്കാം. കുട്ടികൾക്ക് പ്രകൃതിയോട് ഇണങ്ങി സമയം ചെലവഴിക്കാനുള്ള ഇടമൊരുക്കാനും കഴിയും.

സായാഹ്നങ്ങൾക്കും വേണം ഒരിടം :വിദ്യാനഗറിലെയും സമീപ പ്രദേശത്തെയും ജനങ്ങൾക്ക് വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പം എത്തി അല്പനേരം ചെലവഴിക്കാവുന്ന പൂന്തോട്ടങ്ങളും വിശ്രമകേന്ദ്രങ്ങളും പരിമിതമാണ്. നഗരത്തിലെ തിരക്കുകൾക്കിടയിൽ പ്രകൃതിയോട് ചേർന്നിരിക്കാനും മനസ്സിന് ആശ്വാസം കണ്ടെത്താനും കഴിയുന്ന ഇടങ്ങൾ ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കളക്ടറേറ്റ് വളപ്പിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഇതിനായി പ്രയോജനപ്പെടുത്താനാകും.

രാവിലെ വ്യായാമത്തിനും വൈകുന്നേരം വിശ്രമത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിൽ സമഗ്രമായ പദ്ധതി തയ്യാറാക്കണം.

നഗരത്തിന് മാതൃകയാകട്ടെ :സർക്കാർ ഓഫീസുകളുടെ പരിസരങ്ങൾ പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ സൗന്ദര്യവത്കരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കളക്ടറേറ്റ് വളപ്പിലെ സ്ഥലത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ അതൊരു സൗന്ദര്യവത്കരണ പദ്ധതിയോടൊപ്പം പൊതുജനാരോഗ്യത്തിനും സാമൂഹിക ഇടപെടലുകൾക്കും പ്രാധാന്യം നൽകുന്ന വിധമാക്കാൻ പറ്റും.

നിലവിലുള്ള തുറന്ന ജിമ്മിന്റെ നവീകരണവും വിപുലീകരണവും, പൂന്തോട്ടത്തിന്റെ നിർമാണവും നടപ്പാതകളും ഇരിപ്പിടങ്ങളും ഉൾപ്പെടുന്ന സായാഹ്ന വിശ്രമകേന്ദ്രവും ഒരുമിച്ചുള്ള പദ്ധതിക്ക് ജില്ലാ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും മുൻകൈയെടുക്കണമെന്നാണ് ആവശ്യം.