അപകടമൊഴിയാതെ കേളോത്ത്

ഒരു മണിക്കൂറിനുള്ളിൽ രണ്ട് വാഹനങ്ങൾ മറിഞ്ഞു
പുല്ലൂർ : കേളോത്ത് വീണ്ടും അപകട മേഖലയാവുന്നു. അപകടവളവുകളും റോഡിന്റെ ചെരിവും കാരണം പതിവായി വാഹനങ്ങൾ മറിയുന്ന ഇടമായി മാറുന്നു കേളോത്ത്. നാട്ടുകാർ തുടർച്ചയായി റോഡ് ഉപരോധിച്ചതിനെത്തുടർന്നാണ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചത്. പുതിയ ദേശീയപാത വന്നതോടെ അടിക്കടി അപകടങ്ങൾ നടക്കുന്നതാണ് നാട്ടുകാരെ ആശങ്കാകുലരാക്കുന്നത്.
വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ കേളോത്ത് വളവിൽ തെന്നിയ പിക്കപ്പ് ജീപ്പ് റോഡിൽ കുറുകെ മറിഞ്ഞു. മലപ്പുറത്തേക്ക് ഫർണിച്ചറുമായി പോകുകയായിരുന്നുയിരുന്ന വാഹനമാണ് മറിഞ്ഞത്. അമ്പലത്തറ പോലീസും ഹൈവേ പോലീസും ഏറെ പരിശ്രമിച്ചാണ് ദേശീയപാതയിൽ ഗതാഗതകുരുക്ക് ഒഴിവാക്കിയത്. ഈ അപകടം നടന്ന് ഒരു മണിക്കൂറിനകം സിമൻറ് കയറ്റിപ്പോകുകയായിരുന്ന ലോറി ഇതേ സ്ഥലത്ത് മറഞ്ഞു. സമീപത്തെ ഓട്ടോ ഡ്രൈവർ വിജയന്റെ വീട്ടുവളപ്പിലേക്ക് ലോറി തലകീഴായി മറിയുകയായിരുന്നു. തുടർച്ചയായി നടക്കുന്ന അപകടങ്ങൾ പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്നുണ്ട്.
റോഡിന്റെ അപാകം പരിഹരിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.