മയങ്കര ക്ഷേത്രത്തിൽ ലക്ഷദീപാർച്ചന; ബ്രഹ്മകലശോത്സവത്തിന് തുടക്കം

ചെർക്കള : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ദീപങ്ങൾ തെളിഞ്ഞപ്പോൾ ബേവിഞ്ച മയങ്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ആത്മീയപ്രഭയിൽ നിറഞ്ഞു. ഡിസംബർ 18 മുതൽ 27 വരെ നടക്കുന്ന പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവത്തിന് മുന്നോടിയായാണ് ലക്ഷദീപാർച്ചന സംഘടിപ്പിച്ചത്.
ലക്ഷദീപാർച്ചനയുടെ ഭാഗമായി എടനീർ മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ക്ഷേത്രസന്നിധിയിലെത്തിയ സ്വാമിയെ ഭക്തജനങ്ങൾ പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. സ്വാമിയുടെ സാന്നിധ്യത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം ട്രസ്റ്റി അംഗങ്ങളായ ബി.വി.കക്കില്ലായ, വിഷ്ണുമൂർത്തി കക്കില്ലായ, ഗോപാലകൃഷ്ണ കക്കില്ലായ, ബ്രഹ്മ കലശോത്സവ സമിതി ചെയർമാൻ ഗോവിന്ദഭട്ട് ബള്ളമൂലെ, ജനറൽ കൺവീനർ പി.ഗിരിധരൻ, സേവാസമിതി സെക്രട്ടറി രവീന്ദ്രൻ ബേവിഞ്ച തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസംബർ 18 മുതൽ 27 വരെ കുണ്ടാർ വാസുദേവ തന്ത്രികളുടെ മുഖ്യകാർമികത്വത്തിലാണ് പുനഃപ്രതിഷ്ഠാ അഷ്ടബന്ധ ബ്രഹ്മകലശോത്സവം നടക്കുന്നത്. വിവിധ വൈദിക, ധാർമിക ചടങ്ങുകളും ഇതിന്റെ ഭാഗമായി നടക്കും.