മന്ത്രി നീലേശ്വരം കൊട്ടാരം സന്ദർശിച്ചു

നീലേശ്വരം : രാജഭരണകാലത്ത് കാര്യനിർവഹണ കേന്ദ്രമായിരുന്ന നീലേശ്വരം വലിയമഠം കൊട്ടാരം പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് സന്ദർശിച്ചു. കൊട്ടാരത്തിലെ കാര്യനിർവഹണ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് പൈതൃകമ്യൂസിയമായി വികസിപ്പിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി മന്ത്രിക്ക് നിവേദനവും നൽകി.
ജില്ലയുടെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്ന നീലേശ്വരത്ത് കേരളചരിത്രത്തിന്റെ ഭാഗമായി നിലകൊള്ളുന്ന കൊട്ടാരക്കെട്ടിടവും അനുബന്ധ എടുപ്പുകളുമെല്ലാം സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. നീലേശ്വരത്തിന്റെ ചരിത്രപൈതൃകം കാത്തുസൂക്ഷിക്കുന്നതിനും ഭാവിതലമുറകൾക്ക് ഈ ചരിത്രശേഷിപ്പ് കൈമാറുന്നതിനും കെട്ടിടം സംരക്ഷിക്കേണ്ടത് അനിവാര്യമാണെന് നിവേദനത്തിൽ പറഞ്ഞു.
സംസ്ഥാന പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി ആവശ്യമായ പഠനങ്ങൾ നടത്തണമെന്നും കെട്ടിടവും ഭൂമിയും ഏറ്റെടുത്ത് പൈതൃകമ്യൂസിയമായി മാറ്റാൻ അടിയന്തരനടപടികൾ വേണമെന്നും ചെയർമാൻ നിവേദനത്തിൽ അഭ്യർഥിച്ചു.
കഴിഞ്ഞ സർക്കാരുകൾ ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകളുടെ ഫയലുകൾ കൂടി പഠിച്ച ശേഷം ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി ഉറപ്പ് നൽകി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി.എം. സന്ധ്യ, സ്ഥിരം സമിതി അധ്യക്ഷൻ കെ. സതീശൻ, കൗൺസിലർമാരായ ഇ. ഷജീർ, ഇട്ടപ്പുറം പ്രദീപ്, നേതാക്കളായ എറുവാട്ട് മോഹനൻ, അഡ്വ. കെ.പി. നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, സേതു ബങ്കളം എന്നിവർ നിവേദകസംഘത്തിലുണ്ടായി.