പതിറ്റാണ്ടുകളായി നാട്ടുകാരുടെ സ്വപ്നം പയസ്വിനി പാലം: വാനോളം പ്രതീക്ഷ

#പി.കെ.വിനോദ് കുമാർ

ബോവിക്കാനം: മുളിയാർ -ചെമ്മനാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ആലൂർ മുണ്ടക്കൈയിൽ പയസ്വിനി പുഴയ്ക്ക് പാലം എന്നത്‌ നാട്ടുകാരുടെ വലിയ സ്വപ്നമാണ്. അപ്പുറവും ഇപ്പുറവും കാത്തിരിക്കുന്ന വികസനസാധ്യതകൾ. യാത്രാദുരിതത്തിന് അറുതിവരുത്താനും ദേശീയപാതയിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് പുതുജീവൻ പകരാനും കഴിയുന്ന പദ്ധതി.

പയസ്വിനിപ്പുഴയിലെ ആലൂരിൽ തടയണയ്ക്ക് സമാന്തരമായി വാഹനങ്ങൾക്ക് കടന്നുപോകാവുന്ന പാലം യാഥാർഥ്യമാകുന്നതോടെ കാസർകോടിന്റെ കിഴക്കൻമേഖലയ്ക്ക് തുറന്നുകിട്ടുന്നത് വികസനത്തിന്റെ പുതിയ വഴികളാണ്. വർഷങ്ങളായി പ്രദേശവാസികളുന്നയിക്കുന്ന ആവശ്യത്തിന് പുതിയ പ്രതീക്ഷ പകരുന്നതാണ് പദ്ധതിക്കായി സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയ നടപടി. പദ്ധതി സമയബന്ധിതമായി നടപ്പാക്കാനായാൽ മുളിയാർ, കാറഡുക്ക, ചെമ്മനാട്, ദേലംപാടി, ബേഡഡുക്ക, ബെള്ളൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുള്ളവർക്ക് യാത്രാസൗകര്യം മെച്ചപ്പെടുന്നതിനൊപ്പം വ്യാപാരം, ടൂറിസം, പ്രാദേശിക വികസനം തുടങ്ങിയ മേഖലകളിലും വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങും. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് മുള്ളേരിയ ഭാഗങ്ങളിലേക്ക് പോകേണ്ടവർക്ക് ഇതുവഴി കിലോമീറ്ററുകൾ കുറഞ്ഞുകിട്ടും.

തടയണ വന്നു,പാലം വലിച്ചു

പയസ്വിനിപ്പുഴയിലെ ആലൂരിൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്നത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. കാസർകോട് നഗരസഭാ പ്രദേശങ്ങളിലും പരിസര പഞ്ചായത്തുകളിലും ഉപ്പുകലർന്ന കുടിവെള്ളമായിരുന്നു അഞ്ചുവർഷം മുമ്പുവരെ ജല അതോറിറ്റി നൽകിയിരുന്നത്. വേനലിൽ വേലിയേറ്റത്തിൽ ഉപ്പുവെള്ളം ബാവിക്കരയിലെ ജല അതോറിറ്റിയുടെ പദ്ധതി പ്രദേശത്ത് എത്തുന്നതാണ് വെള്ളത്തിൽ ഉപ്പുകലരുന്നതിന് ഇടയാക്കിയത്. ആലൂരിൽ ഓരോ വർഷവും ലക്ഷങ്ങൾ ചെലവിട്ട് മണൽ നിറച്ച ചാക്കുകൾ നിരത്തി താത്കാലിക തടയണ പണിതാണ് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് ശ്രമംനടത്തിയിരുന്നത്. എന്നാൽ കർണാടകയിലെ മടിക്കേരി, സുള്ള്യ ഭാഗങ്ങളിലുണ്ടാകുന്ന വേനൽമഴയിലെ നീരൊഴുക്കിൽ ചാക്ക് തടയണ തകരുകയും ഉപ്പുവെള്ളം പദ്ധതിപ്രദേശത്ത് കയറുകയും പതിവായിരുന്നു.

ദീർഘകാലത്തെ മുറവിളിക്കൊടുവിൽ കോടികൾ ചെലവിട്ട് അഞ്ചുവർഷം മുമ്പ് ആലൂരിൽ സ്ഥിരം തടയണ പണിതെങ്കിലും വാഹനഗതാഗതത്തിനുള്ള പാലമെന്ന ആവശ്യം പരിഗണിച്ചിരുന്നില്ല. ആദ്യഘട്ടത്തിൽ റഗുലേറ്റർ കം ബ്രിഡ്ജ് എന്ന നിലയിൽ വിഭാവനം ചെയ്ത പദ്ധതി പിന്നീട് റഗുലേറ്ററായി ചുരുങ്ങിയതോടെ പ്രദേശവാസികളുടെ യാത്രാദുരിതവും തുടരുകയായിരുന്നു.​