പള്ളിക്കര മേൽപ്പാലത്തിൽ ടാറിങ് നാലിന് പൂർത്തിയാകും

ഉദുമ : അറ്റകുറ്റപ്പണിക്കായി അടച്ച കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ പള്ളിക്കര മേൽപ്പാലം ടാറിങ് തുടങ്ങി. കാസർകോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പള്ളിക്കര മേൽപ്പാലം കയറുന്നതിന് മുൻപുള്ള അനുബന്ധ റോഡാണ് ഇപ്പോൾ ടാറിങ് തുടങ്ങിയിരിക്കുന്നത്.
മൂന്ന്, നാല് തീയതികളിൽ പള്ളിക്കര മേൽപ്പാലത്തിന് മുകളിലെ ടാറിങ് പൂർത്തിയാക്കുമെന്നും അഞ്ചിന് തുറന്നുകൊടുക്കാനാകുമെന്ന് സംസ്ഥാനപാതയുടെ നവീകരണ ജോലികൾ കരാറെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ എൻജിനീയർ പറഞ്ഞു. സെപ്റ്റംബർ ഒന്നിന് അടച്ച പാലം ഒക്ടോബർ 10 വരെ അടച്ചിടുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ ഈ മേൽപ്പാലത്തിന്റെ സ്പാനുകൾ തമ്മിൽ ചേരുന്നിടത്തെ എക്സ്പാൻഷൻ ജോയിന്റുകൾ മാറ്റിസ്ഥാപിക്കുന്നതിനാണ് സെപ്റ്റംബർ ഒന്നുമുതൽ പാലം അടച്ചത്. ആ ജോലികൾ പൂർത്തിയായിക്കഴിഞ്ഞു. 15 വർഷം പഴക്കമുള്ള ആറ് എക്സ്പാൻഷൻ ജോയന്റുകൾ മാറ്റി പുതിയവ സ്ഥാപിച്ച് ഈ ജോലി കരാറെടുത്ത സ്ഥാപനം കഴിഞ്ഞ ദിവസം പിൻവാങ്ങിയിരുന്നു.
പാലം അടച്ചതിനെ തുടർന്ന് മൗവ്വൽ വഴി ഗതാഗതം തിരിച്ചുവിട്ടിരിക്കുകയാണ്. അതേസമയം ഇതേ പാതയിലെ തൊട്ടപ്പുറമുള്ള ബേക്കലം പാലത്തിന്റെ ഇരുവശത്തുമുള്ള റോഡിൽ കോൺക്രീറ്റ് പൂർത്തിയായി. ഈ കോൺക്രീറ്റ് സെറ്റാകാൻ 21 ദിവസം നനച്ചുകൊടുക്കേണ്ടതുണ്ട്. ആ സമയം വരെ ഈ പാലത്തിൽ ഗതാഗതനിയന്ത്രണം തുടരും. പാലം രണ്ടായി പകുത്ത് അതിൽ കിഴക്ക് ഭാഗത്ത് കൂടിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. ഈ ഭാഗം നേരത്തെ കോൺക്രീറ്റ് ചെയ്ത് ക്യൂറിങ് പൂർത്തിയായതാണ്. ഈ മാസം 30 വരെ വലിയ വാഹനങ്ങൾ ദേശീയപാത വഴി തന്നെ പോകണം.