അപകടഭീഷണിയായി ഈ തുറമുഖം

തളങ്കര : സന്ദർശകർക്ക് മനോഹാരിത സമ്മാനിക്കുന്ന തളങ്കര ഹാർബറിലെ മീനിറക്കു കേന്ദ്രത്തിന്റെ പുനരുദ്ധാരണം വൈകുന്നതിൽ ജനങ്ങൾ ആശങ്കയിൽ. മീനിറക്കുകേന്ദ്രം നിലവിൽ തകർച്ചാഭീഷണിയിലാണ്. ഇവിടെ മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി അടുപ്പിക്കാനാകുന്നില്ല. അതിനാൽ, തളങ്കര പുഴയിലെ മറ്റുസ്ഥലങ്ങളിലാണ് ബോട്ടുകൾ ഇപ്പോൾ മീനിറക്കുന്നത്. ഇത് മത്സ്യത്തൊഴിലാളികൾക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.
മീനിറക്കു കേന്ദ്രത്തിന്റെ പുനരുദ്ധാരണത്തിനും തളങ്കരയിൽ പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി മിനി ഹാർബർ സംവിധാനം ഒരുക്കാനും സർക്കാർ നേരത്തേ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനത്തിനപ്പുറം ഒന്നും നിലവിൽവരാത്തതിൽ പ്രദേശവാസികൾ ആശങ്കയിലാണ്. അധികൃതരുടെ സുരക്ഷാമുന്നറിയിപ്പുകൾ പൂർണമായും അവഗണിച്ച് ഇപ്പോഴും ഫോട്ടോ എടുക്കാനും വീഡിയോ ചിത്രീകരണത്തിനുമായി തകർന്നുകിടക്കുന്ന മീനിറക്കു കേന്ദ്രത്തിന്റെ പാലത്തിലേക്ക് കുട്ടികളടക്കം നിരവധി സന്ദർശകരാണെത്തുന്നത്. ഇതിൽ നാട്ടുകാർ വലിയ ആശങ്കയിലാണ്.
തീരദേശ പോലീസ് സ്റ്റേഷൻ ഇവിടെ തൊട്ടടുത്തായിരുന്നിട്ടും ഈ തകർന്ന പാലത്തിലേക്ക് സന്ദർശകർ കടക്കുന്നത് തടയാൻ കൃത്യമായ ബാരിക്കേഡുകൾ സ്ഥാപിക്കാനോ പട്രോളിങ് സംവിധാനം ഒരുക്കാനോ സാധിച്ചിട്ടില്ല. ഏതുനിമിഷവും തകർന്നുവീഴാൻ പാകത്തിൽ നിൽക്കുന്ന ഈ കോൺക്രീറ്റ് എടുപ്പിലേക്ക് സന്ദർശകർ എത്തുന്നത് വലിയ അപകടത്തിനും ദുരന്തത്തിനും കാരണമായിത്തീരുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പുനൽകുന്നു.
മീനിറക്കു കേന്ദ്രം പുനരുദ്ധരിക്കാനും ആധുനികീകരിക്കാനും വലിയ കാലതാമസമാണുണ്ടാകുന്നത്. ഇവിടെ വേണ്ടത്ര സൗകര്യമൊരുക്കാത്തതിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. ടൂറിസം മേഖലയ്ക്ക് നല്ല വളക്കൂറുള്ള മണ്ണായിട്ടും ഈ സ്ഥലത്തെ അവഗണിക്കുന്നതെന്തേ എന്ന ചോദ്യവുമുയരുന്നു. പുഴയോരത്തേക്കു മലിനജലമൊഴുക്കുന്നതും മാലിന്യം കുന്നുകൂടുന്നതും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.