നീലേശ്വരംപോലീസ് സ്റ്റേഷന് കെട്ടിടം നിർമിക്കാൻ മണ്ണ് നീക്കിത്തുടങ്ങി

നീലേശ്വരം : ഓൺലൈൻ തറക്കല്ലിലൊതുങ്ങിപ്പോയ നീലേശ്വരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം ഒടുവിൽ തുടങ്ങി. 2026 ജനുവരി 24-ന് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണ് കാസർകോട്ട് നടത്തിയ വീഡിയോ കോൺഫറൻസിങ്ങിൽ കെട്ടിടത്തിന്റെ തറക്കല്ലിട്ടത്. കാലപ്പഴക്കത്തെ തുടർന്ന് പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം പൊളിച്ചുമാറ്റിയേടത്താണ് ആധുനിക സജ്ജീകരണങ്ങളോടെ നിർമിക്കുന്ന പുതിയ കെട്ടിടത്തിന് ശിലയിട്ടത്. എന്നാൽ, തറക്കല്ലിട്ട് ആറ് മാസത്തോളം ഒരു പ്രവർത്തനവും നടന്നില്ല.
പോലീസ് സ്റ്റേഷൻവളപ്പിലെ പഴയ സി.ഐ. ഓഫീസിലാണ് ഇപ്പോൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനെയാണ് അന്നുമുതൽ ലോക്കപ്പിനായി ആശ്രയിക്കുന്നത്. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് പുതിയ കെട്ടിടത്തിന്റെ നിർമാണ കരാർ. ഇവർ കാസർകോട്ടെ കരാറുകാരന് നിർമാണ ചുമതല കൈമാറുകയായിരുന്നു.
പോലീസ് സ്റ്റേഷന് ആധുനിക കെട്ടിടങ്ങൾ വേണമെന്ന നിലപാടുകൾക്കിടയിലും തിങ്ങിഞെരുങ്ങിയാണ് നീലേശ്വരം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. പല കേസുകളിൽപ്പെട്ട് ഇവിടെ കൂട്ടിയിട്ട വാഹനങ്ങൾ കുറച്ചെല്ലാം നീക്കിയിരുന്നു. ബാക്കിയെല്ലാം ഇവിടെ കിടന്ന് തുരുമ്പിച്ചും ദ്രവിച്ചും തീരുകയാണ്. ഇതിനെല്ലാമിടയിൽ പ്രതിവാര പരേഡുകൾക്കു പോലും സൗകര്യമില്ലാതെയാണ് പോലീസ് സ്റ്റേഷന്റെ പ്രവർത്തനം. തുടങ്ങിയ കെട്ടിടനിർമാണം സമയബന്ധിതമായി പൂർത്തിയായാൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ അസൗകര്യങ്ങൾ ഒരുപരിധിവരെ തീരും.