പള്ളത്തടുക്ക പാലം അപകടത്തിൽ

#ഉണ്ണികൃഷ്ണൻ പുറച്ചേരി

അടിഭാഗത്തെ കമ്പികൾ പുറത്തുവന്നതിനുപിന്നാലെ മുകൾഭാഗത്തും കുഴി

ബദിയഡുക്ക: ഉക്കിനടുക്കയിലെ കാസർകോട് ഗവ. മെഡിക്കൽ കോളേജിലേക്കുള്ള റോഡിൽ പള്ളത്തടുക്ക പാലം അപകടാവസ്ഥയിൽ. ചെർക്കള-കല്ലടുക്ക അന്തസ്സംസ്ഥാനപാതയിലെ ഒരു പ്രധാന പാലമാണിത്. സിമൻറ് പാളികൾ അടർന്ന് തുരുമ്പെടുത്ത കമ്പികൾ പുറത്തുകാണുന്ന സ്ഥിതിയാണ്. പാലത്തിന്റെ മുകൾഭാഗത്തും ഇപ്പോൾ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.

മെഡിക്കൽ കോളജിലേക്ക് പോകുന്നവരെക്കൂടാതെ പഠനാവശ്യത്തിന് കാസർകോട്ടുനിന്ന്‌ കർണാടക പുത്തൂരിലെ കോളജുകളിലേക്ക് നൂറുകണക്കിന് വിദ്യാർഥികൾ ദിനംപ്രതി ഇതുവഴി പോകുന്നുണ്ട്. പെർള-ബദിയഡുക്ക നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ ബദിയഡുക്ക ഭാഗത്തോട് ചേർന്ന് ഇടതുവശത്താണ് കുഴികൾ രൂപപ്പെട്ടത്. 30-ലധികം ബസുകളും ഭാരമേറിയ ചരക്ക് ലോറികളും നിരവധി മറ്റ് വാഹനങ്ങളും കടന്നുപോകുന്ന ഏറെ തിരക്കുള്ള റോഡാണിത്.

പാലത്തിന്റെ അപകടാവസ്ഥ മെഡിക്കൽ കോളേജിന്റെ നിർമാണപ്രവൃത്തികൾ അവതാളത്തിലാക്കും. മെഡിക്കൽ കോളേജ് ആസ്പത്രി ബ്ലോക്കിന്റെ പണിയൊന്നും പൂർത്തിയായിട്ടില്ല. ആസ്പത്രി ബ്ലോക്കിന്റെ പണിയോടൊപ്പം സ്റ്റാഫ് ക്വാർട്ടേഴ്സുകൾ, ഹോസ്റ്റലുകൾ എന്നിവയുടെ നിർമാണവും പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിന് ഭാരമേറിയ യന്ത്രസാമഗ്രികളും മറ്റുപകരണങ്ങളുമെല്ലാം ഇതുവഴിയാണ് എത്തിക്കേണ്ടത്.

പാലത്തിന്റെ അവസ്ഥ ഇങ്ങനെയായാൽ ഇത്തരം യന്ത്രസാമഗ്രികളൊന്നും ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റില്ല. ഇത് മെഡിക്കൽ കോളേജിന്റെ നിർമാണപ്രവൃത്തികളെ ദോഷകരമായി ബാധിക്കും.

റോഡ് നന്നായാലും പാലം മാറില്ല

:റോഡ് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന് അധികൃതർ പറയുന്നുണ്ട്. എന്നാൽ ഇത്രയധികം പ്രാധാന്യമുള്ള പാതയിലെ പാലം അപകടാവസ്ഥയിലായിട്ടും ഇത് പുനർനിർമിക്കാനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സുരക്ഷിതയാത്രയ്ക്ക് പാലം പുനർനിർമിക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നന്നായറിയാം. യാത്രക്കാർക്ക് മുന്നറിയിപ്പുനൽകുന്ന ഒരു ബോർഡ് മാത്രം സ്ഥാപിച്ച് മാറിനിൽക്കാനാണ് അവരുടെ ശ്രമം.

പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൊതുമരാമത്ത് വകുപ്പിന് റിപ്പോർട്ട് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതുവരെ തുടർനടപടികളൊന്നുമായില്ല. ഡിസൈനിങ് വിഭാഗം പുതിയ പാലത്തിന്റെ രൂപകല്പന സമർപ്പിച്ചശേഷം ഭരണാനുമതിയും ടെൻഡർ നടപടികളും നടത്തണം.

ഇതിനെല്ലാം എത്രകാലമെടുക്കുമെന്ന് പറയനാവില്ല. ഇന്നത്തെ അവസ്ഥയിൽ റോഡ് നവീകരിച്ചാലും പാലം അപകടാവസ്ഥയിൽ തുടരാനാണ് സാധ്യത.