ഗുരുവന്ദനം

പടന്ന : തലമുറകൾക്ക് അറിവ് പകർന്നുനൽകുന്ന അധ്യാപകരിലെ മുതിർന്നവർക്ക് ഗുരുവന്ദനമൊരുക്കി പൊതുവിദ്യാലയങ്ങളില 'ഉറുദു ക്ലബ്' സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഉറുദു ക്ലബ് മുഖേന കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ (കെ.യു.ടി.എ.) സംസ്ഥാന കമ്മിറ്റി അധ്യാപക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയാണ് മാതൃകയായത്. 'ദിൽസെ' എന്നപേരിൽ ഏർപ്പെടുത്തിയ ഗുരുവന്ദനം പരിപാടിയുടെ ഭാഗമായി എടച്ചാക്കൈ എ.യു.പി. സ്കൂളിൽ സീനിയർ അസിസ്റ്റൻറ് വി.ആശാലതയെ ഗുരുവന്ദനം നൽകി പടന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബൈദ ഉദ്ഘാടനം ചെയ്തു പി.ടി.എ. പ്രസിഡൻറ് പ്രസിഡൻറ് ശരീഫ് മാടാപ്പുറം അധ്യക്ഷത വഹിച്ചു പ്രഥമാധ്യാപകൻ ഇ.പി.വത്സരാജൻ ഗുരുദിനസന്ദേശം നൽകി. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ മത്സരപരിപാടികളും സംഘടിപ്പിച്ചു.
നീലേശ്വരം : സ്കൂൾ പെർഫോമൻസ് അവാർഡിൽ ജില്ലയിലെ മികച്ച പ്രൈമറി വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ട നീലേശ്വരം ജി.എൽ.പി.എസ് പ്രഥമാധ്യാപകൻ പി.കെ. ബിജുവിനെ അധ്യാപകദിനത്തിൽ ആദരിച്ചു. സി.എം.പി. നീലേശ്വരം നഗരസഭാ കമ്മിറ്റിയാണ് ആദരമൊരുക്കിയത്. സംസ്ഥാന കമ്മിറ്റി അംഗം എം.ടി. കമലാക്ഷി ഷാൾ അണിയിച്ചു.
പടിഞ്ഞാറ്റംകൊഴുവൽ : നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ അധ്യാപകദിനത്തിൽ ആചാര്യദേവോ ഭവ ഗുരുവന്ദനം-2026 പരിപാടിയൊരുക്കി. പടിഞ്ഞാറ്റംെകാഴുവൽ, കിഴക്കൻകൊഴുവൽ, മീലപ്പള്ളി, കൊഴുന്തിൽ പ്രദേശത്തെ 75 വയസ് തികഞ്ഞ 28 അധ്യാപകരെയാണ് ആദരിച്ചത്. ആദരിക്കപ്പെട്ടവരിലെ കാരണവത്തിയായ സി.എം. ഭാർഗവി ടീച്ചർക്കൊപ്പം നീലേശ്വരം പഞ്ചായത്ത് അംഗമായിരുന്ന കാലത്തെ ഓർമകൾ പങ്കുവച്ച് നീലേശ്വരം നഗരസഭാ ചെയർമാൻ പി.പി. മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. സി.എം. വിനയചന്ദ്രൻ പ്രഭാഷണം നടത്തി. പ്രാദേശിക കൃഷിശാസ്ത്രജ്ഞൻ പി.വി. ദിവാകരൻ എല്ലാവർക്കും ഔഷധ-ഫലവൃക്ഷത്തൈകൾ നൽകി. തണൽ പ്രസിഡന്റ് പി.യു. ചന്ദ്രശേഖരൻ അധ്യക്ഷനായി. തണൽ ലോകകപ്പ് പ്രവചനമത്സരവിജയി അർജുൻ. കെ. പടിഞ്ഞാറ്റംകൊഴുവലിനെ അനുമോദിച്ചു.
ഉദിനൂർ : ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിൽ പൂർവാധ്യാപകരെ ആദരിച്ചു. സി.കുഞ്ഞികൃഷ്ണൻ, ഉദിനൂർ ബാലഗോപാലൻ എന്നിവരെയാണ് ആദരിച്ചത്. അധ്യാപകരോടുള്ള സ്നേഹവും ആദരവും പങ്കുവെക്കാനായി ‘എന്റെ ടീച്ചർക്ക്’ എന്നപേരിൽ പ്രത്യേക പെട്ടിയും ഒരുക്കിയിരുന്നു. ഓരോ കുട്ടിക്കും തനിക്ക് പ്രിയപ്പെട്ട അധ്യാപകനെക്കുറിച്ചോ അധ്യാപകനിൽനിന്ന് ലഭിച്ച പ്രചോദനത്തെക്കുറിച്ചോ മറക്കാനാകാത്ത അനുഭവത്തെക്കുറിച്ചോ ഉള്ള കുറിപ്പുകൾ പെട്ടിയിലിടാനുള്ള അവസരമൊരുക്കി. ഏഴാംതരം വിദ്യാർഥി മുസ്തഫ വരച്ച ചിത്രം തന്റെ ക്ലാസ് അധ്യാപികയ്ക്ക് സമ്മാനിച്ചു.
തൃക്കരിപ്പൂർ : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് അധ്യാപക ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകരെ സന്ദർശിച്ച് വൊളൻറിയർമാർ ആശംസകളും സ്നേഹോപഹാരങ്ങളും കൈമാറി. മാതൃകാ അധ്യാപികയും സ്കൂളിലെ മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസവകുപ്പ് കാസർകോട് ഡെപ്യൂട്ടി ഡയറക്ടറുമായിരുന്ന സൗമിനി കല്ലത്തിനെ വീട്ടിൽ സന്ദർശിച്ച് വൊളൻറിയർമാർ ആദരിച്ചു.
പെരിയ : ദേശീയ അധ്യാപകദിനത്തിൽ മുൻ അധ്യാപകൻ പി.വി. ജയരാജനെ ജവാഹർ ബാൽ മഞ്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. ബാബുരാജ്, പി.വി ജയരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ ചെയർമാൻ അഭിലാഷ് കാമലം അധ്യക്ഷനായി.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം മാതൃഭൂമി സീഡ് പ്രവർത്തകർ കാനായി കുഞ്ഞിരാമനെ ആദരിച്ചു. സീഡ് കോഡിനേറ്റർ പ്രീജ, അധ്യാപകരായ പ്രീതി മോൾ, അരവിന്ദാക്ഷൻ എന്നീവരും പങ്കെടുത്തു. കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് ഡോ. അംബികാസുതൻ മാങ്ങാടിനെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് ഡോ. എം.വിവേക് സുധാകരൻ അധ്യക്ഷത വഹിച്ചു.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥികൾ മുൻ അധ്യാപകൻ വെള്ളിക്കോത്തെ കെ.കൃഷ്ണനെ ആദരിച്ചു.
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ. യു.പി. സ്കൂളിൽ വിദ്യാരംഗം ക്ലബും സോഷ്യൽ സർവീസ് സ്കീം യൂണിറ്റും ഗുരുവന്ദനം പരിപാടി നടത്തി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ രോഹിൻരാജ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ. കെ.സുരേന്ദ്രൻ, പ്രഥമധ്യാപകൻ അനൂപ്കുമാർ കല്ലത്ത് പി.ടി.എ. പ്രസിഡന്റ് പി.എൻ.വിനോദ് കുമാർ എന്നിവർ സംസാരിച്ചു.