ഉദുമ എം.എൽ.എ. ഓഫീസിലേക്ക് ബി.ജെ.പി. മാർച്ച്

ഉന്തുംതള്ളും ജലപീരങ്കിയും

പൊയിനാച്ചി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ കൊല്ലം സന്ദർശനത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചതിൽ പ്രതിഷേധിക്കാൻ ഉദുമ എം.എൽ.എ. കെ.നീലകണ്ഠന്റെ പൊയിനാച്ചിയിലെ ഓഫീസിലേക്ക് ബി.ജെ.പി. പ്രവർത്തകർ നടത്തിയ മാർച്ചിൽ ഉന്തുംതള്ളും ജലപീരങ്കിപ്രയോഗവും. വ്യാഴാഴ്ച രാവിലെ 11-ഒാടെയാണ് ബി.ജെ.പി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറോളം പേർ മാർച്ച് നടത്തിയത്. സംഭവത്തിൽ നേതാക്കൾ ഉൾപ്പെടെ നൂറുപേർക്കെതിരെ മേൽപ്പറമ്പ് പോലീസ് കേസെടുത്തു.

ബേക്കൽ സർക്കിൾ ഇൻസ്പെക്ടർ പി.അജിത്ത്കുമാർ, മേൽപ്പറമ്പ് എസ്.ഐ.മാരായ ടി.അഖിൽ, എം.വി.രാജേഷ് കുമാർ, ആദൂർ എസ്.ഐ. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം രാവിലെ ഒൻപതുമുതൽ എം.എൽ.എ. ഓഫീസ് പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ബന്തടുക്ക റോഡിൽനിന്ന്‌ ദേശീയപാതയുടെ സർവീസ് റോഡ്‌ വഴി പ്രകടനമായെത്തിയ ബി.ജെ.പി. പ്രവർത്തകരെ എം.എൽ.എ. ഓഫീസിൽനിന്ന്‌ 200 മീറ്റർ ദൂരെയുള്ള റോഡിൽ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു. ഇതിനിടെ വനിതാ പ്രവർത്തകർ ഉൾപ്പെടെ ബാരിക്കേഡിന് മുകളിൽ കയറി എം.എൽ.എ. ഓഫീസ് ഭാഗത്തേക്ക് ചാടിയിറങ്ങാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധയോഗം ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രദീപ് എം.കൂട്ടക്കനി അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.ആർ.സുനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, സെക്രട്ടറിമാരായ പ്രമീള മജൽ, കെ.ടി.പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ രജനിദേവി, കാർത്യായനി പുല്ലൂർ, കാർത്യായനി ചട്ടഞ്ചാൽ, വിനയകുമാർ കോട്ടിക്കുളം, സദാശിവൻ മണിയങ്കാനം, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വിനിൽകുമാർ മുല്ലച്ചേരി, സൗമ്യ പദ്‌മനാഭൻ തുടങ്ങിയവർ സംസാരിച്ചു.