പൊളിച്ചു, പക്ഷേ പണി തുടങ്ങിയില്ല

പാർക്കിങ് ഏരിയ പുനർനിർമാണം വൈകുന്നു; തിരക്കിൽ ഞെരുങ്ങി കെ.പി.ആർ. റാവു റോഡ്

കാസർകോട് : കെ.പി.ആർ. റാവു റോഡിൽ നവീകരണത്തിനായി പൊളിച്ച പാർക്കിങ് ഏരിയയുടെ പുനർനിർമാണം ഇഴയുന്നു. ഇതോടെ വാഹനങ്ങൾ വെക്കാൻ സൗകര്യമില്ലാതെ നാട്ടുകാരും സമീപത്തെ വ്യാപാരികളും പ്രതിസന്ധിയിലായി. കെ.പി.ആർ. റാവു റോഡ്, എം.ജി. റോഡിനോട് ചേരുന്ന ഭാഗം മുതൽ കടകൾക്ക് മുന്നിലൂടെ 150 മീറ്ററോളം നീളത്തിലുണ്ടായിരുന്ന പാർക്കിങ് ഏരിയയാണ് പൊളിച്ചത്. കൊരുപ്പുകട്ട പാകി നവീകരിക്കുന്നതിനാണ് ഇതിളക്കിയത്. എന്നാൽ നിർമാണം അവിടംകൊണ്ട് നിലച്ചു.

കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്റെ ഭാഗമായുള്ള സ്ഥലത്താണ് പാർക്കിങ് ഏരിയയുള്ളത്. റോഡിൽനിന്ന് ബസ്‍ സ്റ്റാൻഡിലേക്ക് കയറാനുള്ള പ്രവേശനപാതകളിലൊന്നും ഇതുവഴിയാണ്. വിദ്യാർഥികളും ഉദ്യോഗസ്ഥരുമുൾപ്പെടെ നിരവധിയാളുകൾ വാഹനങ്ങൾ ഇവിടെ വെച്ചിട്ടാണ് ബസ് സ്റ്റാൻഡിലേക്ക് പോയിരുന്നത്. എന്നാൽ നവീകരണത്തിനായി ഇവിടം ഇളക്കിയതോടെ സ്ഥിരം യാത്രക്കാർക്ക് വാഹനങ്ങൾ സൂക്ഷിക്കാൻ സുരക്ഷിതമായ മറ്റൊരു സ്ഥലം തേടേണ്ട അവസ്ഥയാണ്.

വാക്കാലുറപ്പ്, പക്ഷേ നിർമാണമില്ല

:10 ദിവസത്തിനകം നിർമാണം പൂർത്തിയാകുമെന്ന ഉറപ്പാണ് നഗരസഭാധ്യക്ഷ നാട്ടുകാർക്ക് നൽകിയത്. എന്നാൽ കൊരുപ്പുകട്ട പാകാനുള്ള ജില്ലി എത്തിച്ചത് മൂന്നു ദിവസം മുൻപ് മാത്രം. പാർക്കിങ് ഏരിയ ഇളക്കി രണ്ടാഴ്ച പിന്നിട്ടിട്ടും അധികൃതർ ഉറപ്പുകൊടുത്ത നിർമാണം തുടങ്ങാത്തതിൽ നാട്ടുകാർ അമർഷത്തിലാണ്. വാഹനങ്ങൾ വെക്കാനുള്ള സൗകര്യം മുടങ്ങിയതോടെ കടകളിലേക്ക് ആളുകളെത്തുന്നതിലും കുറവ് വരുന്നെന്ന് സമീപത്തെ വ്യാപാരികളും പറയുന്നു.

പൊളിക്കൽ പുരോഗമിച്ച സമയത്ത് നടപ്പാതയുൾപ്പെടെ കെട്ടിയടച്ചിരുന്നു. ബസ് സ്റ്റാൻഡിലേക്ക് കയറുന്നതടക്കം ബുദ്ധിമുട്ടിലായതോടെ നാട്ടുകാർ ഇടപെട്ട് ഇത് നീക്കുകയായിരുന്നു. ഓടനിർമാണത്തിലെ അപാകങ്ങൾമൂലം ഇവിടെ മഴവെള്ളം പരന്നൊഴുകുന്നതും പതിവാണ്. വ്യാഴാഴ്ച വീണ്ടും മഴ പെയ്തു തുടങ്ങിയതിനു പിന്നാലെ ഇതുവഴി ചെളിവെള്ളം കലങ്ങിയൊഴുകുകയാണ്.

ഗതാഗതക്കുരുക്ക് ബോണസ്

:ബാങ്ക് റോഡിൽനിന്ന് എം.ജി. റോഡിലേക്ക് വാഹനങ്ങൾക്ക് കയറാനുള്ള വൺവേയാണ് കെ.പി.ആർ. റാവു റോഡ്. എന്നാൽ നായക് റോഡിൽനിന്ന് ഇവിടേക്ക് കയറുന്ന വാഹനങ്ങളിൽ പലതും നിയമം തെറ്റിച്ച് എതിർദിശയിലേക്ക് പോകുന്നത് പതിവാണ്. ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റിലേക്ക് വരുന്നവരുടെ വാഹനങ്ങൾ കൂടി വഴിയരികിൽ പാർക്ക് ചെയ്യുന്നതോടെ ഇവിടെ തിരക്ക് കൂടും.

വൈകിട്ട് നാല് മുതൽ ഇവിടെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കാണെന്ന് നാട്ടുകാർ പറയുന്നു. ഇത് പരിഹരിക്കാനുള്ള നടപടികൾ നഗരസഭ കൈക്കൊള്ളുന്നില്ലെന്നും പരാതിയുണ്ട്.