ദേശീയപാതയിലെ പുല്ലൂർ പാലത്തിൽ ആളെക്കൊല്ലി കമ്പികൾ

പുല്ലൂർ : പുതിയ ദേശീയപാതയെ വിശ്വസിച്ച് വാഹനമോടിക്കുന്നവർ അറിയുക, പുല്ലൂർ പാലത്തിൽ എത്തിയാൽ നിങ്ങളുടെ ജീവൻ ഏതുനിമിഷവും അപകടത്തിൽപ്പെട്ടേക്കാം.

നിർമാണം പൂർത്തിയായിവരുന്ന പുല്ലൂർ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് മുകൾവശം എക്സ്പാൻഷൻ ജോയിന്റിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്തേക്ക് അപകടകരമായരീതിയിൽ തള്ളിയനിലയിലാണുള്ളത്. ഇതറിയാതെ സഞ്ചരിക്കുന്ന വാഹനയാത്രികരെ വലിയ അപകടമാണ് ഇവിടെ കാത്തിരിക്കുന്നത്.

പുല്ലൂർ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഏതാണ്ട് മധ്യഭാഗത്തായി രണ്ടിടങ്ങളിലാണ് കൂർത്ത കമ്പികൾ മുകളിലേക്ക് തെറിച്ചുനിൽക്കുന്നത്. കോൺക്രീറ്റ് നീങ്ങി കുഴി രൂപപ്പെട്ട് അതിനുള്ളിൽനിന്ന്‌ തള്ളിനിൽക്കുന്ന കമ്പിയിൽ തട്ടി വാഹനത്തിന്റെ നിയന്ത്രണം വിടാൻ സാധ്യതയുണ്ട്. പണി പൂർത്തിയായ റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ വളരെ അടുത്തെത്തിയാൽ മാത്രമേ ഈ കമ്പികൾ കാണുകയുള്ളൂ.

അതിനാൽ, അവസാനനിമിഷം വാഹനങ്ങൾ കമ്പിയിൽ തട്ടാതെ ഒഴിഞ്ഞുമാറാൻ ശ്രമിക്കുമ്പോഴും അപകടത്തിനിടയാക്കും.

രാത്രികാലങ്ങളിൽ ഇത്‌ കാണാൻ കഴിയാത്തതിനാൽ ഇരുചക്രവാഹന യാത്രികർക്കാണ് കൂടുതൽ ഭീഷണി. കോൺക്രീറ്റ് പൂർത്തിയായി മാസങ്ങൾ പിന്നിടുമ്പോഴാണ് ഇത് തകർന്നത്.

പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് പണി പൂർത്തിയായി. ഇപ്പോൾ മറുവശത്താണ് പണി നടക്കുന്നത്. അധികൃതർ അടിയന്തരമായി ഇടപെട്ട് അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.