എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിന് പതാക ഉയർന്നു

കാസർകോട് : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗതസംഘം ട്രഷറർ സി.എം. അബ്ദുൾ ഖാദർ ഹാജി പതാക ഉയർത്തി. യുവ വ്യവസായി പി.ബി. അച്ചു തീം സോങ് ലോഞ്ച് ചെയ്തു. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷനായി.
തളങ്കര മാലിക് ദീനാർ ഖബർ സിയാറത്ത് തുടങ്ങിയ പതാകജാഥ ജില്ലാ വൈസ് പ്രസിഡന്റ് ഹംദുല്ല തങ്ങൾ അൽ മശ്ഹൂരിന്റെ നേതൃത്വത്തിൽ സമ്മേളനനഗരിയിലെത്തി. സഫുവാൻ തങ്ങൾ പ്രാർഥനനടത്തി. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഫാറൂഖ് ദാരിമി എന്നിവർ സംസാരിച്ചു.
ഞായറാഴ്ച വൈകിട്ട് നാലോടെ തായലങ്ങാടിയിൽനിന്ന് യുവജന-വിദ്യാർഥി റാലി ആരംഭിക്കും. സമസ്ത ജില്ലാ വർക്കിങ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി പ്രാർഥന നടത്തും. ജില്ലാ ജനറൽ സെക്രട്ടറി പി.വി. അബ്ദുൾ സലാം ദാരിമി പതാക കൈമാറും. സമ്മേളനനഗരിയിലെ ഗ്രാൻഡ് അസംബ്ലിയിൽ സല്യൂട്ടിന് ശേഷം എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂണിറ്റ് ഭാരവാഹികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പൊതുസമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷനാവും.