ഭവനരഹിതർക്ക് സൗജന്യ ഫ്ലാറ്റ് നൽകാൻ ഗോവ സർക്കാർ

പനജി: സ്വന്തമായി വീട് ഇല്ലാത്ത കുടുംബങ്ങൾക്ക് ഗോവ സർക്കാർ സൗജന്യമായി ഫ്ലാറ്റുകൾ നൽകും. മുഖ്യമന്ത്രി ആവാസ് യോജന എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിക്ക് സംസ്ഥാന ക്യാബിനറ്റ് അംഗീകാരം നൽകി. ഈ പദ്ധതിയുടെ സേവനം ലഭിക്കാൻ താഴെ പറയുന്ന നിബന്ധനകൾ ഉണ്ടായിരിക്കും.
ചുരുങ്ങിയത് 30 വർഷമായി ഗോവയിൽ താമസിക്കുന്ന ആളായിരിക്കണം അപേക്ഷകൻ. അപേക്ഷകന്റെ മാതാപിതാക്കൾ 1961-ന് മുൻപ് ഗോവയിൽ ജനിച്ചവരായിരിക്കണം. അപേക്ഷകന്റെ പേരിൽ വീടോ ഫ്ലാറ്റോ ഉണ്ടാവാൻ പാടില്ല. കുടുംബത്തിന്റെ വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ കവിയരുത്. ഫ്ലാറ്റ് അനുവദിച്ചു കിട്ടിയാൽ ഒറ്റത്തവണ ആയി 5000 രൂപ സർക്കാരിൽ ഒടുക്കണം. 30 വർഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ഫ്ലാറ്റ് അനുവദിക്കുക. ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശം സർക്കാരിനായിരിക്കും.
തുടക്കത്തിൽ 150 ഫ്ലാറ്റുകൾ ആണ് ഗോവ ഹൗസിങ് ബോർഡ് വഴി അനുവദിക്കുക. അപേക്ഷകരുടെ എണ്ണം അനുസരിച്ച് കൂടുതൽ ഫ്ലാറ്റുകൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ക്യാബിനറ്റ് യോഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം വാർഷിക പലിശ നിരക്കിൽ 35 ലക്ഷം രൂപ വരെ ഹൗസിങ് ലോൺ നൽകുന്ന വേറൊരു പദ്ധതിക്കും ക്യാബിനറ്റ് അംഗീകാരം നൽകി.
Content Highlights: Goa Cabinet approves Mukhyamantri Awas Yojana to provide free leasehold flats to homeless families who meet specific eligibility criteria.