ബാങ്ക് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി തട്ടിപ്പ്: പ്രതി 48 മണിക്കൂറിനകം അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാനറ ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് യുവാവിൽനിന്ന് 3,75,151 രൂപ തട്ടിയെടുത്ത കേസിൽ സമാനമായ നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ യുവാവിനെ തൃശ്ശൂരിൽവെച്ച് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർചെയ്ത് 48 മണിക്കൂറിനുള്ളിലാണ് തൃശ്ശൂരിൽവെച്ച് പ്രതി പിടിയിലായത്. എറണാകുളം ഇടപ്പള്ളി മാലിയക്കൽ റോഡ് അമൃതം ഗൗരി അപ്പാർട്ട്മെന്റിൽ വാസുദേവപുരം പാലസ് സ്വദേശി കിഷോർ ശങ്കറാണ് (42) അറസ്റ്റിലായത്.
പുതുക്കൈ സ്വദേശിയായ സിദ്ധാർഥിനെ 2026 നവംബർ 16- പഴനിയിൽവെച്ചാണ് പ്രതി പരിചയപ്പെടുന്നത്. കാസർകോട് വിദ്യാനഗർ കാനറ ബാങ്കിലെ എൻ.ആർ.ഐ. സെക്ഷൻ മാനേജരാണെന്നും പേര് ശ്രീറാം എന്നാണെന്നും തെറ്റായി പരിചയപ്പെടുത്തിയാണ് ഇയാൾ സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുത്തത്. തുടർന്ന് ബാങ്കിൽ ജോലി ശരിയാക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് 2026 നവംബർ 16 മുതൽ 23 വരെയുള്ള കാലയളവിൽ പല തവണകളായി 3,75,151 രൂപ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അയപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
സംഭവത്തിൽ ഹൊസ്ദുർഗ് പോലീസാണ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചത്. പ്രതി സമാനസ്വഭാവത്തിലുള്ള മറ്റ് പല തട്ടിപ്പ് കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതോടെ, കൂടുതൽ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് തടയുന്നതിനും പ്രതിയെ വേഗത്തിൽ പിടികൂടുന്നതിനുമായി കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യുടെ പ്രത്യേക നിർദ്ദേശപ്രകാരം അന്വേഷണസംഘം രൂപവത്കരിച്ചു.
വെള്ളരിക്കുണ്ട് സർക്കിൾ ഓഫീസിലെ ഗ്രേഡ് എ.എസ്.ഐ.
കെ. രഞ്ജിത്ത്, ജി.എ.എസ്.ഐ. ശിവകുമാർ പള്ളിയത്ത്, എസ്.സി.പി.ഒ. കെ. രാജേഷ് എന്നിവരാണ് അന്വേഷണസംഘത്തി
ലുണ്ടായിരുന്നത്.
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണറുടെ ക്രൈം സ്ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് 48 മണിക്കൂറിനുള്ളിൽ തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടി ഹോസ്ദുർഗ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനമായ അഞ്ച് തട്ടിപ്പ് കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അറിയിച്ചു. ആലപ്പുഴ ജില്ലയിലെ മാന്നാർ പോലീസ് സ്റ്റേഷൻ, തിരുവനന്തപുരം സിറ്റിയിലെ പേരൂർക്കട പോലീസ് സ്റ്റേഷൻ, മലപ്പുറം ജില്ലയിലെ എടക്കര പോലീസ് സ്റ്റേഷൻ, തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ, കാസർകോട് ജില്ലയിലെ വിദ്യാനഗർ പോലീസ് സ്റ്റേഷൻ എന്നിവിടിങ്ങളിലാണ് ഇയാൾക്കെതിരേ കേസുകളുള്ളത്. പ്രതിയുടെ മറ്റ് തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നു അന്വേഷണ ഉദ്യോഗസ്ഥൻ ഹൊസ്ദുർഗ് എസ്.ഐ. പി.എ. അബ്ദുൾ ബാസിത്ത് പറഞ്ഞു.
Content Highlights: Hosdurg police arrested a man in Thrissur for duping a youth of over three lakh rupees by offering a fake bank job.