ഇന്ന് ഓപ്പറേഷൻ ഗജമുക്തി; ആറളം ഫാമിൽ ഡ്രോൺ നിരീക്ഷണത്തിൽ 13 കാട്ടാനകളെ കണ്ടെത്തി

ആറളം പുനരധിവാസ മേഖലയിൽ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയ കാട്ടാന
ആറളം പുനരധിവാസ മേഖലയിൽ ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയ കാട്ടാന

ഇരിട്ടി: ആറളം ഫാമിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താനുള്ള പ്രത്യേക ഡ്രൈവ് തിങ്കളാഴ്ച നടക്കും. ഫാമിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്ന ആനകളെ ഓടംതോട്, താളിപ്പാറ, കോട്ടപ്പാറ വഴിയാണ് ആറളം വന്യജീവി സാങ്കേതത്തിലേക്ക് തുരത്തുക. പ്രദേശത്തുള്ളവർക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വനം വകുപ്പിന്റെ കണക്ക് അനുസരിച്ച് 13 ആനകൾ നിലവിൽ ഫാമിലുണ്ട്. ഡ്രോൺ നിരീക്ഷണത്തിലാണ് ഇത്രയും ആനകളെ കണ്ടെത്തിയത്.

ബ്ലോക്ക് 13-ൽ രണ്ട്, ബ്ലോക്ക് ഏഴിൽ ഒന്ന്, ബ്ലോക്ക് ആറിൽ രണ്ട്, ബ്ലോക്ക് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിവയിലായി എട്ട് ആനകൾ ഉണ്ടെന്നാണ് ഡ്രോൺ നിരീക്ഷണത്തിൽ കണ്ടെത്തിയത്. ഒരിടവേളക്ക് ശേഷമാണ് ആറളത്ത് കാട്ടാന ഡ്രൈവ് നടക്കുന്നത്.

ആനമതിലിന്റെ പൂർത്തീകരണത്തോടൊപ്പം ഫാമിലും പുനരധിവാസ മേഖലയിലുമുള്ള ആനകളെ വനത്തിലേക്ക് തുരത്തണം. അതിനുള്ള തുടക്കമെന്നനിലയിലാണ് വീണ്ടും ഓപ്പറേഷൻ ആരംഭിക്കുന്നത്.

Content Highlights: Forest department initiates Operation Gaja Mukthi to drive 13 wild elephants spotted via drones from Aralam Farm back into the forest.