യാത്രക്കാർക്ക് ഇറങ്ങാനും കയറാനും പെടാപ്പാട്

പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിന് ഉയരക്കുറവ്‌

പാപ്പിനിശ്ശേരി : പഴഞ്ചൻ പ്ലാറ്റ് ഫോം നിലനിൽക്കുന്ന പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരായ വയോജനങ്ങൾക്കും കുട്ടികൾക്കും രോഗികൾക്കും തീവണ്ടിയിൽ കയറാനും ഇറങ്ങാനും പെടാപ്പാടായി മാറി. കയറുമ്പോൾ ചവിട്ടുപടിയിലെ പിടി കയറി പിടിക്കാനും ഇറങ്ങുമ്പോൾ പടിയിൽനിന്ന്‌ താഴ്ചയുള്ള പ്ലാറ്റ് ഫോമിലേക്ക് കാലെടുത്തുവെക്കാനും സാധിക്കാതെ നിരവധിപേരാണ് അപകടത്തിൽപ്പെടുന്നത്. ഈ വിഷയം പതിറ്റാണ്ടുകളായി അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് യാത്രക്കാരും നാട്ടുകാരും പറയുന്നത്.

1905 ലാണ് സ്റ്റേഷൻ നിർമിച്ചത്. എന്നാൽ നഗരവത്കരണം ശക്തമായതോടെ പാപ്പിനിശ്ശേരിപോലുള്ള സ്റ്റേഷനുകളോട് റെയിൽവേ വലിയ അവഗണനയാണ് കാട്ടുന്നത്. പഴയകാലത്തെ തീവണ്ടികൾക്ക് യോജിച്ചരീതിയിലുള്ള പ്ലാറ്റ് ഫോമാണ് പാപ്പിനിശ്ശേരിയിൽ ഇപ്പോഴും ഉള്ളത്.

എന്നാൽ തീവണ്ടി ബോഗികളുടെ കെട്ടിലും മട്ടിലും കാലാനുസൃതമായ പല മാറ്റങ്ങളും വന്നതോടെ പഴയ പ്ലാറ്റ് ഫോമിൽനിന്ന്‌ ഇപ്പോഴത്തെ തീവണ്ടി ബോഗികളിലേക്ക് കയറാനും ഇറങ്ങാനും വലിയ ബുദ്ധിമുട്ട് നേരിട്ടുന്ന സ്ഥിതിയായി. ഉയരംകുറഞ്ഞ പ്ലാറ്റ് ഫോമിൽനിന്ന്‌ ഉയരംകൂടിയ പുതിയതരം തീവണ്ടിയുടെ ചവിട്ടുപടിയിൽ കയറാനും ഒപ്പം ഇറങ്ങാനുമുള്ള പ്രയാസം റെയിൽവേ അധികൃതർക്കുതന്നെ ബോധ്യമായിട്ടും പരിഹാരനടപടി ഉണ്ടാകുന്നില്ല. പ്ലാറ്റ്ഫോമിന്റെ പഴഞ്ചൻ അവസ്ഥ കാരണം തീവണ്ടിയുടെ ചവിട്ടുപടിയും പ്ലാറ്റ് ഫോമും തമ്മിലുള്ള അകലവും എല്ലാതരം യാത്രക്കാർക്കും വെല്ലുവിളിയാണ്.

നിത്യേന നിരവധി രോഗികളായ വയോജനങ്ങളും മറ്റു രോഗികളും മംഗളൂരു ഭാഗത്തേക്ക് ചികിത്സയ്ക്ക് പോകാൻ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനെയാണ് കൂടുതലായി ഉപയോഗിക്കുന്നത്.

അത്തരക്കാർക്ക് തീവണ്ടിയിൽ കയറാനും ഇറങ്ങാനും പരസഹായം കൂടിയേ തീരൂ. അതുപോലെ കുട്ടികളുമായി യാത്രചെയ്യുന്നവർക്കും പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനിലെ കയറ്റിറക്ക് വലിയ സാഹസമായി മാറിയിട്ടുണ്ട്.

റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിന്റെ ഉയരക്കുറവ് ഇതിനകം നിരവധി അപകടങ്ങൾക്ക്‌ കാരണമായിട്ടുണ്ട്.

പരാതികൾ - നിവേദനങ്ങൾ

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെ അവസ്ഥക്കെതിരേ നിരവധി പരാതികളാണ് പാപ്പിനിശ്ശേരിയിൽനിന്നും റെയിൽവേ അധികൃതർക്ക് നൽകിയത്.

അതോടൊപ്പം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിട്ടും റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന്‌ അനുകൂല മറുപടി ലഭിച്ചിട്ടില്ല. ഫ്ലാറ്റ്ഫോഫോമിലെ ചില ഭാഗത്ത് ചെരിവും വിള്ളലും വർഷങ്ങളായി നിലനിൽക്കുന്നതും സ്റ്റേഷനോടുള്ള അവഗണനയുടെ നേർസാക്ഷ്യമാണ്.