ആറളം ഫാമിലെ പട്ടയമില്ലാത്തവർക്ക് പട്ടയം നൽകണം -ബജറ്റ് എസ്റ്റിമേറ്റ് കമ്മിറ്റി

ഇരിട്ടി : ആറളം ഫാമിൽ പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്കെല്ലാം പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭയുടെ ബജറ്റ് എസ്റ്റിമേറ്റ് കമ്മിറ്റി ബന്ധപ്പെട്ടവർക്ക് നിർദേശംനൽകി. പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമം സംബന്ധിച്ച ബജറ്റ് വിഹിത വിനിയോഗപഠനത്തിന്റെ ഭാഗമായി വി.ടി. ബൽറാം എം.എൽ.എ. അധ്യക്ഷനായ സമിതി ആറളം ഫാമിലും സെറ്റിൽമെന്റ് ഏരിയയിലും നടത്തിയ സന്ദർശനത്തിനുശേഷം ചേർന്ന യോഗത്തിലായിരുന്നു നിർദേശം.
ആറളം ഫാമിലും സെറ്റിൽമെന്റ് ഏരിയയിലുമായി കഴിഞ്ഞ മൂന്നുവർഷത്തെ പട്ടികവർഗ വികസനവകുപ്പിന്റെ ബജറ്റ് എസ്റ്റിമേറ്റ്, പുതുക്കിയ എസ്റ്റിമേറ്റ്, അനുവദിച്ച തുക, ലഭ്യമായ ഫണ്ട്, യഥാർഥ ചെലവ്, ചെലവിന്റെ ശതമാനം, വിനിയോഗിക്കാത്ത തുക സംബന്ധിച്ച വിശദാംശങ്ങൾ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ ചെലവഴിച്ച തുകയുടെ ശീർഷകം, നടപ്പിലാക്കിയ പ്രധാന പദ്ധതികൾ, വികസനപ്രവർത്തനങ്ങൾ, ഫണ്ട് വിനിയോഗത്തിൽ കുറവ് കാലതാമസം, സറണ്ടർ, പുനർവിനിയോഗം തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്തു.
കമ്മിറ്റി ചെയർമാൻ വി.ടി. ബൽറാം എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മറ്റി അംഗങ്ങളും എം.എൽ.എ.മാരുമായ അഡ്വ. ടി.ഒ. മോഹനൻ, ടി.കെ. ഗോവിന്ദൻ, പാറക്കൽ അബ്ദുള്ള, വി.കെ. സനോജ്, ടി.വി. ഇബ്രാഹിം, ബി.ബി. ഗോപകുമാർ, കളക്ടർ പി. വിഷ്ണുരാജ്, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, എ.ഡി.എം. കെ. ബാലഗോപാൽ, ഐ.ടി.ഡി.പി., ടി.ആർ.ഡി.എം., പട്ടികക്ഷേമവികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പത്താം ബ്ലോക്കിലെ ആ മതിലിന്റെ നിർമാണപ്രവൃത്തികൾ അംഗങ്ങൾ പരിശോധിച്ചു. പണി പൂർത്തിയാക്കിയ സപ്ലൈകോ കെട്ടിടം, എൻ.എച്ച്.എം. കെട്ടിടം, ഏഴാം ബ്ലോക്കിലെ സാമൂഹികാരോഗ്യ കേന്ദ്രം, പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റൽ, ഫാം സ്‌കൂൾ, മോഡൽ റെസിഡെൻഷ്യൽ സ്‌കൂൾ, ആറളം ഫാം ഓഫീസ് കെട്ടിടം എന്നിവിടങ്ങളിലും കമ്മറ്റി അംഗങ്ങൾ സന്ദർശനം നടത്തി.